Monday, December 9, 2024
spot_imgspot_imgspot_img
HomeEditorialറബർ കർഷകരുടെ ആവശ്യമുന്നയിച്ചതിന് കേരള കോണ്‍ഗ്രസ് എം അപമാനിക്കപ്പെട്ടത് കെഎം മാണിയുടെ പാലായില്‍; തോമസ് ചാഴികാടൻ...

റബർ കർഷകരുടെ ആവശ്യമുന്നയിച്ചതിന് കേരള കോണ്‍ഗ്രസ് എം അപമാനിക്കപ്പെട്ടത് കെഎം മാണിയുടെ പാലായില്‍; തോമസ് ചാഴികാടൻ എം പിയെ ശാസിച്ച മുഖ്യമന്ത്രിക്ക് റബർ കര്‍ഷകരോട് അസഹിഷ്ണുത?പാലായില്‍ മുഖ്യമന്ത്രി കാട്ടിയ ധാര്‍ഷ്ട്യം കേരള കോണ്‍ഗ്രസിന് പൊറുക്കാനാവുമോ?

കോട്ടയം: നവകേരള സദസ്സില്‍ തോമസ് ചാഴികാടന്‍ എം പിയെ മുഖ്യമന്ത്രി ആക്ഷേപിച്ചതിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. അതും കെ എം മാണിയുടെ തട്ടകമായ പാലായില്‍ മുഖ്യമന്ത്രി കാട്ടിയ ധാര്‍ഷ്ട്യം കര്‍ഷകരോടുള്ള അവഗണനയുടെ പ്രതിഫലനമാണെന്നാണ് വിലയിരുത്തല്‍.The Chief Minister insulted Thomas Chazhikadan and ignored the farmers of Kottayam

പാലായുടെ ആവശ്യങ്ങളായ മൂന്ന് കാര്യങ്ങൾ അവതരിപ്പിക്കുന്നു എന്ന മുഖവുരയോടെയാണ് തോമസ് ചാഴികാടൻ സ്വാഗത പ്രസംഗം ആരംഭിച്ചത്. പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ മുഖ്യമന്ത്രി എംപിയെ പരിഹാസരൂപേണ വിമർശിക്കുകയായിരുന്നു.

റബറിന്റെ താങ്ങുവില വർദ്ധിപ്പിക്കൽ, പാലാ നഗരസഭാ സ്റ്റേഡിയം നവീകരണം, ചേർപ്പുങ്കൽ പാലം പൂർത്തിയാക്കൽ എന്നീ ആവശ്യങ്ങളാണ് ചാഴികാടൻ ഉന്നയിച്ചത്. ഇതിൽ അനിഷ്ടം പ്രകടിപ്പിച്ചാണ് മുഖ്യമന്ത്രി മറുപടി പ്രസംഗം നടത്തിയത്.

‘എന്തിനാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്ന ബോധ്യം നാടിനാകെ ഉണ്ടായിക്കഴിഞ്ഞതാണ്. പക്ഷേ നമ്മുടെ ഇവിടത്തെ കാര്യങ്ങൾ ആദ്യം അവതരിപ്പിക്കുന്ന ഒരാളുണ്ടല്ലോ, അദ്ദേഹത്തിനിത് എന്തിനാണ് സംഘടിപ്പിക്കുന്നതെന്ന് പിടികിട്ടിയിട്ടില്ല. അതിന്റേതായ അവതരണമാണ് ഇവിടെ നടത്തിയത്.

എന്തോ പരാതികൾ സ്വീകരിക്കാൻ ഞങ്ങളിങ്ങനെ പുറപ്പെട്ടതാണ് എന്ന മട്ടിലാണ് അദ്ദേഹം പറയുന്നതായി കേട്ടത്. പരാതികൾ ഇതിന്റെ ഭാഗമായി വരുന്ന ഒരു കാര്യം മാത്രമാണ്. പരാതികൾ സ്വീകരിക്കലല്ല ഇതിന്റെ പ്രധാന കാര്യം.

പരാതികൾ എപ്പോഴും മന്ത്രിമാർ പോകുമ്പോൾ കൊടുക്കുമല്ലോ. നമ്മുടെ നാട് നേരിടുന്ന പ്രശ്‌നങ്ങൾ ജനസമക്ഷം അവതരിപ്പിക്കാനാണ്. കേരളത്തിന് നേരെയുള്ള കേന്ദ്രത്തിന്റെ വിവേചനം ജനസമക്ഷം അവതരിപ്പിക്കേണ്ടതുണ്ട്.

നമ്മുടെ നാട് എവിടെയെത്തി, ഇനി മുന്നോട്ട് എന്തൊക്കെ ചെയ്യാനുണ്ട് എന്നതും അവതരിപ്പിക്കേണ്ടതായുണ്ട്. അത് വേണ്ടത്ര മനസിലാക്കാതെയുള്ള അവതരണമാണ് നടന്നത്.

ബഹുമാനപ്പെട്ട ചാഴികാടനും അത് വേണ്ടത്ര ഉൾകൊണ്ടതായി കരുതുന്നില്ല. അത് നിർഭാഗ്യകരമായിപ്പോയി’- എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. എന്നാല്‍ കേരളാ കോണ്‍ഗ്രസ്സിനുള്ളില്‍ത്തന്നെ ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

കേരളാ കോൺഗ്രസ് മാണിഗ്രുപ്പിന്റെ തട്ടകമായ പാലായിൽ ഘടകകക്ഷി മര്യാദയില്ലാതെ മുഖ്യമന്ത്രി പാർട്ടി വൈസ് ചെയർമാനും സീനിയർ നേതാവുമായ തോമസ് ചാഴികാടനെ വിമർശിച്ചതിൽ നേതൃത്വം പ്രതിഷേധത്തിലാണ്.

കേരളാ കോൺഗ്രസിന്റെ പ്രസക്തി കുറച്ച് കാണാനാണ് മുഖൃമന്ത്രി ശ്രമിക്കുന്നതെന്നാണ് വിമർശനം. ഇടത് മുന്നണി വാഗ്ദാനം പാലിച്ച് റബറിന്റെ താങ്ങുവില 200 രുപയാക്കണമെന്ന് കേരളാ കോൺഗ്രസ് എം നിരന്തരമായി മുഖ്യ
മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

പിണറായി സർക്കാർ അതിൽ തീരുമാനമെടുക്കാക്കാത്ത നിലപാടിൽ മാണിഗ്രുപ്പിലും അമർഷമുണ്ട്. കത്തോലിക്കാസഭാ ബിഷപ്പുമാരും ഇത് ആവർത്തിക്കുന്നതിൽ സർക്കാരിന് നീരസമുണ്ട്.

ഇതുകൊണ്ടാവാം നവകേരള സദസ് ജനങ്ങളുടെ പരാതി പരിഹരിക്കാനുള്ള അവസരമാക്കണനെന്ന് തോമസ് ചാഴികാടൻ പറഞ്ഞതിൽ മുഖ്യമന്ത്രി പ്രകോപിതനായത്.ഘടകക്ഷി നേതാക്കളെ മാനിക്കാത്ത തരത്തിൽ മുഖ്യ
മന്ത്രി ഇങ്ങനെ പ്രതികരിക്കരുതെന്നാണ് പാർട്ടി കേന്ദ്രങ്ങളുടെ വിലയിരുത്തൽ.

യുഡിഎഫിലായിരുന്നപ്പോൾ പോലും നേരിടേണ്ടി വന്നിട്ടില്ലാത്ത അപമാനമാണ് ഇങ്ങനെയൊരു പൊതുവേദിയില്‍ കേരളാ കോണ്‍ഗ്രസിന് നേരിടേണ്ടി വന്നത്. പാർട്ടിയുടെ മന്ത്രി റോഷി അഗസ്റ്റിനും കേരളാ കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണിയുൾപ്പെടെയുള്ളവർ വേദിയിലിരിക്കവേയാണ് മുഖ്യമന്ത്രിയുടെ വിമർശനം.

കെ എം മാണിയുടെ തട്ടകത്തില്‍ അദ്ദേഹത്തിന്റെ വിശ്വസ്തനായ തോമസ് ചാഴികാടന്‍ എംപിയെ അപമാനിച്ച മുഖ്യമന്ത്രിക്കെതിരെ പ്രതികരിക്കാൻ കഴിയാത്ത ദയനീയാവസ്ഥയിലാണ് കേരള കോൺഗ്രസ് എന്ന്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു.

തോമസ് ചാഴികാടൻ എംപിയെ അപമാനിച്ച മുഖ്യമന്ത്രി മാപ്പു പറയണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.  കെ എം മാണിയെ പാലായില്‍പോലും നിഷ്ഠൂരമായി വേട്ടയാടിയ സിപിഐഎം അതിന്റെ ജനിതകഗുണം തന്നെയാണ് മുഖ്യമന്ത്രിയിലൂടെ ആവര്‍ത്തിച്ചത്.

പാലായില്‍ നടന്ന നവകേരള സദസ് വിജയിപ്പിക്കാന്‍ അധ്വാനിച്ച ചാഴികാടനോട് കടക്കൂ പുറത്ത് എന്ന മട്ടില്‍ മുഖ്യമന്ത്രി സംസാരിച്ചത് നന്ദികേടാണ്. കോട്ടയം ജില്ലയില്‍ റബറിനെക്കുറിച്ച് ഒരക്ഷരം പോലും പറയാതെ മുഖ്യമന്ത്രി വാപൂട്ടിയിരുന്നു.

നെല്‍കര്‍ഷകരെയും കൈവിട്ടപ്പോള്‍ കെ റെയിലിനെ പൊക്കിപ്പിടിക്കാന്‍ മുഖ്യമന്ത്രിക്ക് ഒരു മടിയുമില്ലായിരുന്നു. തോമസ് ചാഴികാടനെതിരേയുള്ള പരാമര്‍ശത്തിലൂടെ കടുത്ത ദുരിതത്തില്‍ക്കൂടി കടന്നുപോകുന്ന 12 ലക്ഷത്തിലധികം വരുന്ന ചെറുകിട റബര്‍ കര്‍ഷകരെക്കൂടിയാണ് അപമാനിച്ചത്.

13 തവണ കെ എം മാണിയെ ജയിപ്പിച്ച പാലായില്‍വച്ചാണ് കേരള കോണ്‍ഗ്രസ് – എം അപമാനിക്കപ്പെട്ടത് എന്നതും വിഷയത്തിന്റെ ഗൗരവം വിളിച്ചോതുന്നു എന്നും കെ സുധാകരൻ പ്രതികരിച്ചു.

കെ.എം മാണിയുടെ നാടായ പാലായില്‍ നവകേരള സദസ് നടക്കുമ്പോള്‍ സ്വഗതം പറയുന്ന ചാഴിക്കാടന് റബര്‍ കര്‍ഷകരെ കുറിച്ച് സംസാരിക്കാതെ പ്രസംഗിക്കാനാകുമോ എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചത്.

250 രൂപ വിലസ്ഥിരത നല്‍കുമെന്ന എല്‍.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനം ഇതുവരെ നടപ്പാക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം 500 കോടിയും ഈ വര്‍ഷം 600 കോടിയും ഉള്‍പ്പെടെ 1100 കോടിയും മാറ്റിവച്ചിട്ട് അകെ നല്‍കിയ 53 കോടി രൂപ മാത്രമാണ്.

റബര്‍ കൃഷി തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. നവകേരള സദസ് ജനകീയ പ്രശ്നങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെങ്കില്‍ കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന ചാഴിക്കാടന്‍ റബര്‍ കര്‍ഷകരുടെ കാര്യം പറഞ്ഞത് മുഖ്യമന്ത്രിക്ക് അലോസരമുണ്ടാക്കി.

റബര്‍ കര്‍ഷകരുടെ കാര്യം പറഞ്ഞ ചാഴിക്കാടനെ മുഖ്യമന്ത്രി പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തു. ജനപ്രതിനിധികളോട് ഇത്ര അസഹിഷ്ണുതയില്‍ മുഖ്യമന്ത്രി പെരുമാറരുതെന്നും സതീശന്‍ പറഞ്ഞു.

ഇതിനിടയിൽ കോട്ടയത്തിന്റെ സ്വന്തം റബർ കൃഷിയുടെ വില തകർച്ചയിൽ മുഖ്യമന്ത്രി പ്രതികരിച്ചില്ലന്ന ആക്ഷേപം ശക്തമായി ഉയർന്നതോടെ ജില്ലയിലെ കുടുത്തുരുത്തി മണ്ഡലത്തിലെ കുറവിലങ്ങാടു നടന്ന നവകേരള സദസിൽ റബർ വിലയിടിയലിൽ കേന്ദ്രനിലപാടിനെതിരെ വിമർശനം ഉന്നയിച്ച് കൈകഴുകുകയായിരുന്നു.

“റബർമേഖലയോടു കേന്ദ്രം കാണിക്കുന്നത് ശത്രുതാപരമായ നിലപാടാണ്.താങ്ങു വില കാലാനുസൃതമായി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴെല്ലാം കേന്ദ്രം അനുകൂല നിലപാടല്ല സ്വീകരിച്ചത്.

റബർ മേഖലയുടെ ഉന്നമനത്തിനായുള്ള കമ്പനി രൂപീകരിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചുകഴിഞ്ഞു. സംസ്ഥാനം വികസനമുരടിപ്പ് നേരിടുന്ന സമയത്താണ് 2016ൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നത്.

പിന്നീടങ്ങോട്ട് സമസ്തമേഖലകളിലും മുന്നേറാൻ നമുക്ക് കഴിഞ്ഞു. കോവിഡ് മഹാമാരിക്കു മുമ്പിൽ സമ്പന്ന രാഷ്ട്രങ്ങൾ പോലും പകച്ച് നിന്നപ്പോൾ ലോകത്തിനു തന്നെ മാതൃകയായി കേരളം ഈ പ്രതിസന്ധിയെ നേരിട്ടു.

കിഫ്ബി മുഖാന്തിരം ലക്ഷ്യം വെച്ചതിനേക്കാൾ അടിസ്ഥാന സൗകര്യമടക്കമുള്ള വികസന പ്രവർത്തനങ്ങൾ നടത്താനായി.

ലോകപ്രശസ്ത ബഹുരാഷ്ട്ര കമ്പനികൾ കടന്നുവരുന്ന ദിശയിലേക്ക് കേരളത്തിന്റെ വ്യവസായഅന്തരീക്ഷത്തെ മാറ്റാനും കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കാനും സാധിച്ചു. കാർഷികരംഗത്തും എറെ മുന്നേറാനായി”.

ഇടത് സർക്കാർ പ്രകടന പത്രികയിൽ നല്കിയ വാഗ്ദാനമായ റബർ വിലസ്ഥിരതാഫണ്ട് 200 രുപയാക്കുമെന്ന പ്രഖ്യാപനത്തെക്കുറിച്ച് ഒന്നും മിണ്ടാതെയാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

 

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments