കൊച്ചി: സ്വന്തം ഭൂമിയുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിച്ചു കിട്ടാൻ നിരാഹാര സമരം അനുഷ്‌ഠിക്കുന്ന മുനമ്പം നിവാസികളെ പിന്തുണയ്ക്കാന്‍ ഒരു രാഷ്ട്രീയ നേതാക്കളും ഉണ്ടായിരുന്നില്ല. എന്നാല്‍ ക്രൈസ്തവ മെത്രാന്മാര്‍ പിന്തുണ പ്രഖ്യാപിച്ച് സമരപന്തലില്‍ എത്തിയതോടെ രാഷ്ട്രീയ നേതാക്കളും എത്തി തുടങ്ങി.The Catholic Church’s tough stance on the Munambam land dispute has put political parties on the defensive
ചൂടേറിയ ഉപതിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുമ്പോൾ മുനമ്പം ഭൂമി തർക്ക വിഷയത്തിൽ കത്തോലിക്കാ സഭയുടെ കടുത്ത നിലപാട് രാഷ്ട്രീയ പാർട്ടികളെ പ്രതിരോധത്തിലാക്കിയതോടെയാണ് നേതാക്കള്‍ എത്തിത്തുടങ്ങിയത്. മത്സ്യത്തൊഴിലാളികളുടെ ഭൂമി സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നത് വരെ ശക്തമായ നിലപാട് തുടരാനാണ് സഭാ നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
വഖഫ് ബോർഡിൻ്റെ ഭൂമിയുടെ അവകാശവാദത്തിനെതിരെ മുനമ്പത്ത് മത്സ്യത്തൊഴിലാളികൾ സമരം നടത്തുമ്പോഴും കേന്ദ്രസർക്കാരിൻ്റെ വഖഫ് (ഭേദഗതി) ബില്ലിനെതിരെ നിയമസഭയിൽ പ്രമേയം ഐകകണ്ഠ്യേന പാസാക്കിയതിന് നിയമസഭാംഗങ്ങൾക്കെതിരെ സഭയുടെ നിശിത വിമർശനം ശ്രദ്ധേയമായി.വിഷയത്തില്‍ അനക്കം വച്ചതോടെ ഓരോ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ ഇടപെടല്‍ സ്ഥാപിക്കാന്‍ പ്രസ്താവനകളുമായി രംഗത്തെത്തി.
സഭയുടെ കർക്കശമായ നിലപാടിനെത്തുടര്‍ന്നു എൽഡിഎഫിലെ പ്രമുഖ ഘടകകക്ഷിയായ കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി, നേതാക്കളായ സ്റ്റീഫൻ ജോർജ്, തോമസ് ചാഴികാടൻ എന്നിവർ ശനിയാഴ്ച മുനമ്പം സമരവേദിയിലെത്തി ഐക്യദാർഢ്യം പ്രകടിപ്പിച്ചു എന്നതും ചര്‍ച്ചയായി.
പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ, ഷംഷാബാദ് രൂപത സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ, തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ ഉള്‍പ്പെടെ ആദ്യം പിന്തുണ പ്രഖ്യാപിച്ഛവരില്‍ ഉള്‍പ്പെടുന്നു.
മുനമ്പത്തെത്തിയത് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാൻ എന്നപോലെയെന്നു പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ജനങ്ങളുടെ സുരക്ഷിതത്വമാണ് ജനാധിപത്യത്തിൻ്റെ കാതലെന്നും സർക്കാർ മുനമ്പം വിഷയത്തിൽ പുനർവിചിന്തനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചെറായി പ്രദേശങ്ങളിലെ ജനങ്ങൾ നേരിടുന്ന കുടിയിറക്കു ഭീഷണി അവരുടെ മാത്രമോ ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തിൻ്റെ മാത്രമോ പ്രശ്നമല്ലെന്നും ഈ നാടിൻ്റെ മുഴുവൻ വേദനയാണെന്നും ഭരണനേതൃത്വങ്ങൾ അതിനെ ഗൗരവത്തോടെ കാണണമെന്നും ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്താ മാർ തോമസ് തറയിൽ ആവശ്യപ്പെട്ടിരുന്നു.
സങ്കുചിത താൽപര്യങ്ങളും പ്രീണന നയങ്ങളും ഉപേക്ഷിച്ച് തുറന്ന സമീപനത്തോടെ ഈ പ്രശ്നം പരിഹരിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ തയ്യാറാകണമെന്നും മാർ തറയിൽ ആവശ്യപ്പെട്ടു.
മുനമ്പം നിവാസികൾ നടത്തുന്ന നിരാഹാരസമരം 24-ാം ദിനമായ ഇന്നലെ കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, സഹായമെത്രാൻ ഡോ. ജസ്റ്റിൻ മഠത്തിൽപറമ്പിൽ എന്നിവര്‍ സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിന്നു.
മുനമ്പത്ത് പണം കൊടുത്ത് ഭൂമി വാങ്ങിയ അവകാശികളുടെ ഭൂമിയിൽ വഖഫ് ബോർഡ് ഉന്നയിച്ച അവകാശം അന്യായമാണെന്നിരിക്കേ രാഷ്ട്രീയതലത്തിലുള്ള ചർച്ചകളല്ല, മുനമ്പം ഭൂമി വഖഫ് ഭൂമിയല്ല എന്ന പ്രഖ്യാപനമാണു സർക്കാർതലത്തിൽ ഉണ്ടാകേണ്ടതെന്ന് കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.
അധാർമികമായ നിയമത്തിൻ്റെ പേരിൽ വഖഫ് ബോർഡ് നടത്തുന്ന കൈയേറ്റ ശ്രമം ന്യായീകരിക്കാൻ വേണ്ടി നടത്തുന്ന രാഷ്ട്രീയമായ തന്ത്രങ്ങൾ മുനമ്പത്ത് വിലപ്പോകില്ലെന്നും കത്തോലിക്ക കോൺഗ്രസ് വ്യക്തമാക്കി.
നീക്കുപോക്കുകൾ ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. അതു ദുരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. നിയമത്തിൻ്റെ പിന്തുണയുള്ള കൈയേറ്റശ്രമമാണ് മുനമ്പത്ത് വഖഫ് ബോർഡ് നടത്തിയത്. അതിനെ അനുകൂലി ക്കുന്ന തരത്തിൽ വഖഫ് ഭേദഗതിക്ക് എതിരായ പ്രമേയം പാസാക്കിയ ജനപ്രതിനി ധികൾ മുനമ്പത്തെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു.
എന്നിട്ട് മുനമ്പത്തെ ആളുകൾക്കൊപ്പമാണെന്നു പുറത്തിറങ്ങി പറയുന്നത് ജനവഞ്ചനയും ഇരട്ടത്താപ്പുമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.
മുനമ്പം ഭൂമി വഖഫ് ഭൂമിയല്ല എന്ന പ്രമേയം പാസാക്കാനും നയപരമായ തീരുമാനമെടുക്കുവാനും ജനപ്രതിനിധികൾ തയാറാകണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെ സാധാരണക്കാരായ മനുഷ്യര്‍ താമസിക്കുന്ന പ്രദേശത്ത് 600ലേറെ കുടുംബങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കുടിയിറക്കപ്പെടാമെന്ന ഭീഷണിയിലാണ് കഴിയുന്നത്. ഇതിനെതിരെയാണ് ജനങ്ങളുടെ പോരാട്ടം. സര്‍ക്കാര്‍ എത്രയും വേഗം വിഷയത്തിന് പരിഹാരം കാണമെന്നാണ് ആവശ്യം.
വഖഫ് ബോര്‍ഡ് അവകാശവാദമുന്നയിച്ചതോടെയാണ് മുനമ്പത്തെ കുടുംബങ്ങള്‍ക്ക് ഭൂമിയുടെ റവന്യൂ അവകാശങ്ങള്‍ നഷ്ടമായത്. ഭൂമി സ്വന്തം പേരിലാണെങ്കിലും കരം അടയ്ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.
അതേസമയം മുനമ്പത്തെ ഭൂമി പ്രശ്നം നിയമപരമായി പരിഹരിക്കുമെന്ന് കേരള വഖഫ് ബോർഡ് ചെയർമാൻ എം കെ സക്കീർ വ്യക്തമാക്കി. വിഷയം കോടതി തീരുമാനിക്കട്ടെയെന്നും വഖഫ് ഭൂമി സംരക്ഷിക്കാനുള്ള നിയമപരമായ ബാധ്യത തങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുനമ്പത്ത് നിന്ന് ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല. വഖഫിന്റെ പ്രവർത്തനത്തിന് കേന്ദ്ര നിയമമുണ്ടെന്നും അതനുസരിച്ചേ മുന്നോട്ട് പോകൂവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുനമ്പം വിഷയം ചർച്ച ചെയ്യാനായി സർക്കാർ ഈ മാസം 16ന് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.