Thursday, November 14, 2024
spot_imgspot_img
HomeNewsനുണകളിലൂടെ സൃഷ്ടിച്ചെടുത്ത പ്രതിഷേധക്കൂട്ടങ്ങൾ; സീറോ മലബാര്‍ മീഡിയ കമ്മീഷന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

നുണകളിലൂടെ സൃഷ്ടിച്ചെടുത്ത പ്രതിഷേധക്കൂട്ടങ്ങൾ; സീറോ മലബാര്‍ മീഡിയ കമ്മീഷന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

സത്യംപോലെ തോന്നിപ്പിക്കുന്ന നുണകൾ പ്രചരിപ്പിച്ച് ജനാഭിപ്രായത്തെ സ്വാധീനിക്കുന്നതും പൊതുബോധം സൃഷ്ടിക്കുന്നതുമാണല്ലോ സത്യാനന്തരകാലത്തെ രീതികൾ. അതിനേറ്റവും നല്ല ഉദാഹരണമാണ് എറണാകുളം – അങ്കമാലി അതിരൂപതയിലെ വിവാദങ്ങൾ.

1. സഭ നിഷ്‌കർഷിക്കുന്ന രീതിയിൽ വിശുദ്ധ കുർബാനയർപ്പിച്ചാൽ കൊന്തയും നൊവേനയും തിരുനാളുകളും നിരോധിക്കും എന്ന നുണ ദൈവാലയത്തിന്റെ വചനവേദിയിൽനിന്നു അതിരൂപതയിലെ വൈദികർ ആവർത്തിച്ചു പറഞ്ഞപ്പോൾ ഭക്തരായ കുറെ വിശ്വാസികളെ അതു സ്വാധീനിച്ചു. എന്നാൽ, ലോകത്തൊരു രൂപതയിലെ കൊന്തയും നൊവേനകളും തിരുനാളുകളും നിരോധിച്ചിട്ടില്ലെന്നും അവയെല്ലാം വ്യക്തിപരമായ ഭക്തനുഷ്ഠാനങ്ങളാണെന്നും ഉള്ള യാഥാർഥ്യം മറച്ചുവയ്ക്കപ്പെട്ടു.

2. ജനാഭിമുഖ കുർബാനയർപ്പിക്കാൻ രണ്ടാം വത്തിക്കാൻ കൗൺസിൽ ആവശ്യപ്പെട്ടെന്ന നുണ വയോധികരായ ആത്മീയ പിതാക്കന്മാരുൾപ്പെടെ ഇപ്പോഴും ആവർത്തിച്ചുകൊണ്ടിരുന്നു. കൗൺസിലിന്റെ ഒരു രേഖയിലും ജനഭിമുഖം വേണമെന്നു പറഞ്ഞിട്ടില്ല. രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം ലത്തീൻ സഭയിൽ മാത്രം ഉടലെടുത്തതാണ് ജനാഭിമുഖ കുർബാന. എന്നാൽ, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ‘പൗരസ്ത്യസഭകൾ’ എന്ന ഡിക്രിയിൽ സീറോ മലബാർ സഭയുൾപ്പെടുന്ന പൗരസ്ത്യ സഭകളോടു പറഞ്ഞിരിക്കുന്നത് “പൗരാണിക പാരമ്പര്യങ്ങൾ പുനരുദ്ധരിക്കണ”മെന്നാണ്.

3. വിശ്വാസികളുമായി ആലോചിച്ചുമാത്രമേ ആരാധനാക്രമം തീരുമാനിക്കാവൂ എന്നതാണ് മാർപാപ്പ പറയുന്ന ‘സിനഡാലിറ്റി’ എന്ന നുണ ചില കേന്ദ്രങ്ങൾ ഇപ്പോഴും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ, “ആരാധനാക്രമത്തിന്റെ നിയന്ത്രണം തിരുസഭാധികാരികളിൽ മാത്രം നിക്ഷിപ്തമാണ്. സഭാസമൂഹങ്ങളുടെ ഔദ്യോഗികമായ മെത്രാൻ സമിതികളാണ് നിയമപരമായി ആരാധനാക്രമത്തിന്റെ നിയന്ത്രണം നിർവ്വഹിക്കേണ്ടത്. തന്മൂലം, മറ്റാർക്കും ഒരു വൈദികനുപോലും ആരാധനാക്രമത്തിൽ എന്തെങ്കിലും കൂട്ടുകയോ കുറയ്ക്കുകയോ മാറ്റം വരുത്തുകയോ ചെയ്യാവുന്നതല്ല” (Sacrosanctum concilium 22:1-3) എന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ വ്യക്തമായി പഠിപ്പിക്കുന്നു.

4. ഏറ്റവും പുതിയ നുണയുമായി വിശ്വാസികളെ 2024 ഒക്ടോബർ 13നു തെരുവിലിറക്കാൻ പള്ളികളിലെ നേർച്ചപ്പണം ദുരുപയോഗിച്ച് സംഘാടനം നടത്തുകയാണ് വൈദീകർ. ഡീക്കന്മാരുടെ തിരുപ്പട്ടസ്വീകരണത്തിനു തടസ്സം നിൽക്കുന്നവർ തന്നെയാണ് ഈ സമരത്തിന്റെയും സംഘാടകർ എന്നതാണ് വിരോധാഭാസം. അനുസരണവ്രതം പാലിക്കാമെന്നു സത്യവാങ്മൂലം നൽകിയാൽ ഡീക്കന്മാർക്കു തിരുപ്പട്ടം നല്കാനുള്ള നടപടികൾ ആരംഭിക്കണമെന്നാണ് സഭയുടെ തീരുമാനം.

നുണകൾ ആവർത്തിച്ചുപറഞ്ഞു വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് സഭാകൂട്ടായ്മയ്ക്കും മെത്രാന്മാർക്കും എതിരാക്കി ആത്മരക്ഷയെ അപകടത്തിലാക്കരുതെന്നു എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദീകസഹോദരരോട് അഭ്യർത്ഥിക്കുന്നു.

– സീറോ മലബാര്‍ മീഡിയ കമ്മീഷന്‍

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments