Saturday, January 25, 2025
spot_imgspot_img
HomeNewsKerala Newsകണ്ണൂരില്‍ ഒരു കോടിയും 300 പവനും കവര്‍ന്ന സംഭവം;അയൽവാസിയായ പ്രതി പിടിയിൽ, പണവും സ്വര്‍ണവും...

കണ്ണൂരില്‍ ഒരു കോടിയും 300 പവനും കവര്‍ന്ന സംഭവം;അയൽവാസിയായ പ്രതി പിടിയിൽ, പണവും സ്വര്‍ണവും കണ്ടെടുത്തു,സൂക്ഷിച്ചത് കട്ടിലിനടിയിലെ പ്രത്യേക അറയിൽ

കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണത്തെ വീട്ടിൽ നടന്ന കവര്‍ച്ചയിൽ പ്രതി പിടിയിൽ. മോഷണം നടന്ന വീടിന്‍റെ ഉടമസ്ഥനായ അഷ്റഫിന്‍റെ അയൽവാസിയായ  ലിജീഷ് ആണ് പിടിയിലായത് പിടിയിലായത്. പണവും സ്വര്‍ണ്ണവും പ്രതിയുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെടുത്തു. വെൽഡിങ് തൊഴിലാളിയാണ് ലിജീഷ്. കഴിഞ്ഞമാസം 20 നായിരുന്നു അരി വ്യാപാരിയായ അഷ്റഫിന്‍റെ വീട്ടിൽ മോഷണം നടന്നത്.Suspect arrested in Kannur Valapattana house robbery

ഒരു കോടി രൂപയും 300 പവനും ആണ് കിടപ്പുമുറിയിലെ ലോക്കർ തകർത്ത് മോഷ്ടിച്ചത്. മോഷണം നടന്നതിന് പിന്നാലെ പൊലീസ് നടത്തിയ പരിശോധനയിൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ കീച്ചേരിയിൽ നടന്ന മോഷണത്തിലും ലിജീഷ് പ്രതിയാണെന്ന് പൊലീസ് കണ്ടെത്തി. അന്ന് പ്രതിയെ പൊലീസിന് പിടികൂടാനായില്ല. ഇത്തവണ മോഷണം നടത്തിയപ്പോള്‍ പതിഞ്ഞ വിരലടയാളമാണ് ലിജീഷിനെ കുടുക്കിയത്. കീച്ചേരിയിൽ മോഷണം നടന്നപ്പോള്‍ പൊലീസിന് ലഭിച്ച വിരലടയാളവും വളപട്ടണത്ത് നിന്ന് ലഭിച്ച വിരലടയാളവും ഒരാളുടേതാണെന്ന് തെളിഞ്ഞതോടെയാണ് രണ്ടിനും പിന്നിൽ ലീജിഷ് ആണെന്ന് വ്യക്തമായത്.ഇതിനിടെ, ലിജീഷ് മോഷണം നടത്തുന്നതിന്‍റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. 

പരിശോധനയ്ക്കിടെ പൊലീസ് നായ മണം പിടിച്ചു പോയത് പ്രതിയുടെ വീടിന്‍റെ മുന്നിലൂടെയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി അഷ്റഫിന്‍റെ അയല്‍വാസിയായ ഇയാളെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. തുടര്‍ന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. അഷ്റഫിന്‍റെ വിവരങ്ങളെല്ലാം അറിയുന്ന വീടുമായി അടുത്ത ബന്ധമുള്ളയാളാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പൊലീസ് ആദ്യം മുതലെ സംശയിച്ചിരുന്നു. 

ഇന്നലെ രാത്രിയോടെയാണ് ലിജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവിയിൽ പെടാതെ അതിവിദഗ്ധമായിട്ടായിരുന്നു മോഷണം. എവിടെയെല്ലാം ക്യാമറകൾ ഉണ്ട് എന്ന് കൃത്യമായി അറിഞ്ഞത് പോലെയായിരുന്നു മോഷണരീതി. ശേഷം വീടിന് പിന്നിലെ റെയിൽവേ ട്രാക്കിലൂടെ മോഷ്ടാവ് കടന്നുകളഞ്ഞു.

മോഷണം നടന്നയിടത്തുനിന്ന് ലഭിച്ച ഒരു ചുറ്റികയും കൂടിയാണ് പൊലീസിന് ഒരു നിർണായക തുമ്പായി മാറിയത്. ഇവയെല്ലാം പരിശോധിച്ച പൊലീസ് പ്രദേശത്തെക്കുറിച്ച് നന്നായി അറിയാവുന്ന ഒരാളാണ് മോഷണത്തിന് പിന്നിൽ എന്ന നിഗമനത്തിൽ എത്തിയിരുന്നു. ഇതോടെ ലിജീഷിലേക്ക് അന്വേഷണം എത്തുകയും പിടിയിലാവുകയും ആയിരുന്നു. 

മൂന്നുമാസം മുമ്പ് ഗള്‍ഫിൽ പോയി തിരിച്ചുവന്ന ലിജീഷ് വളപട്ടണത്തെ വീട്ടിലെ ജനൽ ഇളക്കിയാണ് മോഷണം നടത്തിയത്.  കഴിഞ്ഞ വര്‍ഷം കീച്ചേരിയിൽ മോഷണം നടത്തിയതും ജനൽ ഗ്രിൽ ഇളക്കിയായിരുന്നു. കീച്ചേരിയിൽ നിന്ന് നാലര ലക്ഷം രൂപയും പതിനൊന്നര പവൻ സ്വര്‍ണവുമാണ് ലിജീഷ് കവര്‍ന്നത്. വളപട്ടണത്തെ മോഷണ കേസിൽ ലിജീഷ് പിടിയിലായതിന്‍റെ ആശ്ചര്യത്തിലാണ് നാട്ടുകാര്‍.

കണ്ടാൽ സാധുവായ ആരുമായും പ്രശ്നത്തിന് പോകാത്തയൊരാള്‍ ഇത്രവലിയ മോഷണ കേസിൽ അറസ്റ്റിലായതിന്‍റെ ആശ്ചര്യമുണ്ടെന്നും അടുത്തറിയുന്നവര്‍ക്ക് ചിലപ്പോള്‍ അയാളുടെ യഥാര്‍ഥ സ്വഭാവം അറിയുമായിരിന്നിരിക്കാമെന്നും നാട്ടുകാര്‍ പറഞ്ഞു. 

സ്വന്തം വീടിനുള്ളിലെ കട്ടിലിന് അടിയിൽ പ്രത്യേക അറയുണ്ടാക്കി അതിനുള്ളിലാണ് ലിജീഷ് 300 പവനും പണവും സൂക്ഷിച്ചത്. വെൽഡിങ് തൊഴിലാളിയായ ലിജീഷ് കട്ടിലിനടിയൽ ലോക്കറുണ്ടാക്കുകയായിരുന്നു.അഷ്റഫിന്‍റെ വീട്ടിൽ മോഷണം നടത്തിയതിനുശേഷം രണ്ടാം ദിനം വീണ്ടും ലിജീഷ്എ ത്തിയത് സ്വർണ്ണവും ബാക്കിയുള്ള പണവും എടുക്കാനായിരുന്നുവെന്നും പൊലീസിന് മൊഴി നൽകി. ലിജീഷിനെ പിടികൂടിയതിന് പിന്നാലെ വളപട്ടണം പൊലീസ് സ്റ്റേഷനിൽ ലഡ്ഡു വിതരണം ചെയ്താണ് പൊലീസുകാര്‍ ആഘോഷിച്ചത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments