ഏറെ ഞെട്ടലോടെയാണ് നടി രഞ്ജുഷയുടെ മരണ വാര്‍ത്ത കേരളക്കര കേട്ടത്. ഒക്ടോബര്‍ 30ന്, തന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു രഞ്ജുഷയുടെ മരണ വാര്‍ത്ത പുറത്തെത്തുന്നത്.
താമസിച്ചിരുന്ന ഫ്ലാറ്റിൽ നടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്താണ് രഞ്ജുഷയ്ക്ക് സംഭവിച്ചത് എന്ന് ഇപ്പോഴും വ്യക്തമല്ല.എപ്പോഴും സന്തോഷവതിയായി മാത്രമേ സഹപ്രവര്‍ത്തകര്‍ രഞ്ജുഷയെ കണ്ടിട്ടുള്ളൂ.

ഇപ്പോഴിതാ രഞ്ജുഷയെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകളിട്ട് കാഴ്ചക്കാരെ നേടാന്‍ ശ്രമിക്കുന്ന ചില യൂട്യൂബ് ചാനലുകള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് മോഡലും ബിഗ് ബോസ് താരവുമായ സൂര്യ മേനോന്‍. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു വിമര്‍ശനം.

”ദയവ് ചെയ്ത് ഇന്നലെ മരിച്ച രഞ്ജുഷയെക്കുറിച്ച് ഇല്ലാത്ത കഥകള്‍ വൃത്തികെട്ട തമ്പ്‌നെയില്‍ കൊടുത്ത് യൂട്യൂബ് ചാനലുകള്‍ ഇടരുത്. അവള്‍ മകളെ ഉപേക്ഷിച്ച് സ്വന്തം കാര്യം നോക്കി പോയവള്‍ അല്ല. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ” എന്നാണ് സൂര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇന്നലെ രഞ്ജുഷയുടെ മരണ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ സൂര്യ കുറിച്ച വാക്കുകളും ശ്രദ്ധ നേടിയിരുന്നു. 20 വര്‍ഷം കൂടെ ഉണ്ടായിരുന്ന, പ്രിയപ്പെട്ടവള്‍ ഇന്ന് ഭൂമിയോട് വിട പറഞ്ഞു. കുറച്ച് നാള്‍ ഇന്‍സ്റ്റയില്‍ നിന്നും മാറി നില്‍ക്കുന്നു എന്നാണ് സൂര്യ പറഞ്ഞത്.