Tuesday, July 8, 2025
spot_imgspot_img
HomeNewsKerala Newsദുരന്തഭൂമിയില്‍ എല്ലാം നഷ്ടപ്പെട്ട് ശൂന്യതയിലായവര്‍; അതിജീവനം ആശങ്കയോ?മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടികള്‍ എത്തുന്നു!അര്‍ഹതപ്പെട്ടവരിലേക്ക് എത്തുന്നില്ലെന്ന്...

ദുരന്തഭൂമിയില്‍ എല്ലാം നഷ്ടപ്പെട്ട് ശൂന്യതയിലായവര്‍; അതിജീവനം ആശങ്കയോ?മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടികള്‍ എത്തുന്നു!അര്‍ഹതപ്പെട്ടവരിലേക്ക് എത്തുന്നില്ലെന്ന് പ്രചരണം?,സുതാര്യമെന്ന് വിശദീകരണം

തിരുവനന്തപുരം: വയനാട്ടിലെ മഹാദുരന്തത്തെ തുടര്‍ന്ന് രക്ഷപെട്ടവരുടെ അതിജീവനമാണ്‌ ഇപ്പോള്‍ വലിയ ആശങ്ക ഉളവാക്കുന്ന വിഷയം. ഒട്ടേറെ സഹായങ്ങള്‍ വയനാട്ടിലേക്ക് എത്തുന്നുണ്ടെങ്കിലും ഇവരുടെ പുനരധിവാസം സംബന്ധിച്ച് ഇനിയും ഒട്ടേറെ പണം കണ്ടെത്തെണ്ടതുണ്ട്.Survival of those who survived the disaster in Wayanad

പരിക്കേറ്റവരും ജീവിച്ചിരിക്കുന്നവരും ഇനിയും മാനസിക ആഘാതത്തില്‍ നിന്നും മുക്തി നേടിയിട്ടില്ല. ഉറ്റവരെ നഷ്ടപ്പെട്ട് നീറുന്നവരും ഒരായുസ്സില്‍ ഉണ്ടാക്കിയ വീടും സ്വത്തും എല്ലാം നഷ്ടപ്പെട്ടവരും നില്‍ക്കുന്നത് ശൂന്യതയില്‍ ആണ്.

ഇവരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിന് പിന്നാലെ നവമാധ്യമങ്ങളില്‍ വിവിധങ്ങളായ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന പണം അര്‍ഹതപ്പെട്ടവരിലേക്ക് എത്തുന്നില്ലെന്നും അധികൃതര്‍ ആ പണം ദുരുപയോഗം ചെയ്യുകയാണെന്നുമാണ് പ്രചരണങ്ങള്‍.

ദുരിതാശ്വാസ നിധി വഴി സര്‍ക്കാറിലെത്തുന്ന പണത്തിനോ, ചെലവഴിക്കുന്ന പണത്തിനോ യാതൊരു കണക്കുമില്ലെന്ന തരത്തിലാണ് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്.

2018 ലെ പ്രളയ കാലത്തും, കവളപ്പാറ, പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ കാലത്തും സമാന പ്രചാരണം കേരളത്തില്‍ ഉയര്‍ന്നിരുന്നു. 2018 ലെ പ്രളയ ദുരിതാശ്വാസ സഹായ വിതരണത്തില്‍ നടന്ന ക്രമക്കേടുകള്‍ വെളിയില്‍ വരികയും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകയും ചെയ്തതാണ്.

ദുരിതത്തില്‍പ്പെട്ടവരെ നേരിട്ട് പണം കൊടുത്ത് സഹായിച്ചാല്‍ മതിയെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക പണം അയക്കരുതെന്നുമാണ് പ്രചാരണം.

അതേസമയം ദുരന്തത്തിൽ പെട്ടവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിനെതിരെ സൈബർ പോലീസ് കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വകമാറ്റി ചിലവഴിച്ചതും അതിൽ നിന്ന് തട്ടിപ്പ് നടത്തിയതും ചൂണ്ടിക്കാട്ടി പലരും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇട്ടിരുന്നു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തിയവര്‍ക്കെതിരെയാണ് വയനാട് സൈബര്‍ ക്രൈം പോലീസ് കേസെടുത്തത്. ദുരന്തനിവാരണ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന തള്ളിക്കളയുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലായിരുന്നു പോസ്റ്റ്.

തെറ്റിധാരണ പരത്തുന്ന തരത്തില്‍ ഇത്തരം പോസ്റ്റുകള്‍ എഡിറ്റ് ചെയ്യുകയും നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

എന്നാല്‍ വസ്തുതകള്‍ പ്രചരിക്കുന്നത് പോലെയല്ലെനും അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ സഹായം എത്തുമെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന പണത്തിന്റെയും അത് ചെലവഴിക്കുന്നതിന്റെയും വിശദ വിവരങ്ങള്‍ donation.cmdrf.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ധനകാര്യവകുപ്പ് സെക്രട്ടറിക്കാണ് ഫണ്ട് കൈകാര്യം ചെയ്യുന്നതിന്റെ ചുമതല. എസ്ബിഐ തിരുവനന്തപുരം മെയിന്‍ ബ്രാഞ്ചിലുള്ള CMDRF അക്കൗണ്ടിലേക്കാണ് സംഭാവനകള്‍ സ്വീകരിക്കുന്നത്. ഇതേ അക്കൗണ്ടില്‍ നിന്ന് ഗുണഭോക്താക്കളിലേക്ക് നേരിട്ട് ബാങ്ക് ട്രാന്‍സ്ഫര്‍ വഴിയാണ് സഹായധനം വിതരണം ചെയ്യുന്നത് എന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്കോ മറ്റ് ഇടനിലക്കാര്‍ക്കോ സാമ്പത്തിക തിരിമറികള്‍ നടത്താനാവില്ല എന്നതാണ് ദുരിതാശ്വാസ നിധിയുടെ പ്രത്യേകത എന്നും പറയുന്നു.

ധനകാര്യ സെക്രട്ടറിയാണ് ഫണ്ട് കൈകാര്യം ചെയ്യുന്നതെങ്കിലും, ഫണ്ട് നിയന്ത്രിക്കുന്നത് റവന്യൂ വകുപ്പാണ്. CMDRFന്റെ ബാങ്ക് അക്കൗണ്ടിന്റെ ചുമതലയുള്ള ധനകാര്യ സെക്രട്ടറിക്ക് അദ്ദേഹത്തിന്റെ ഇഷ്ടാനുസരണം പണം പിന്‍വലിക്കാനോ കൈമാറ്റം ചെയ്യാനോ കഴിയില്ല. റവന്യൂ സെക്രട്ടറി പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവനുസരിച്ച് മാത്രമേ ഇത് സാധ്യമാകൂ.

ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചതും വിനിയോഗിച്ചതുമായ പണം സംബന്ധിച്ച വിവരങ്ങള്‍ പൂര്‍ണമായും CMDRF വെബ്സൈറ്റില്‍ ലഭ്യമാണ്. സഹായധന വിതരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ആവശ്യമെങ്കില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷിക്കുകയും ചെയ്യാം. ഈ ഫണ്ടുകളെല്ലാം കണ്‍ട്രോളര്‍ ആന്‍ഡ് അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റിനും വിധേയമാണ്. സംസ്ഥാന നിയമസഭയിലും കൃത്യമായ കണക്കുകള്‍ അവതരിപ്പിക്കേണ്ടതുണ്ട്.

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി, വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്‌സ് ഉടമ കല്ല്യാണരാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പ്, കെഎസ്എഫ്ഇ എന്നിവരും അഞ്ച് കോടി രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്.

കാനറാ ബാങ്ക് ഒരുകോടി രൂപയും കെഎംഎംഎല്‍ 50 ലക്ഷം രൂപയും വനിതാ വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപയും ഔഷധി ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ്ജ് 10 ലക്ഷം രൂപയും നല്‍കി. തമിഴ്‌നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ച അഞ്ചു കോടി രൂപ തമിഴ്‌നാട് പൊതുമരാമത്ത് മന്ത്രി ഇവി വേലു ഓഫീസില്‍ എത്തി കൈമാറി.

ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവനയായി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ഓര്‍മ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടിയന്തിര സഹായമായി 10 ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

വയനാട് മുണ്ടക്കൈ ഉരുള്‍പ്പൊട്ടലില്‍ പ്രവാസികളോട് സഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രിയുടെ കത്ത്. കേരളം സമാനതളില്ലാത്ത ദുരന്തങ്ങൾ നേരിട്ടപ്പോൾ താങ്ങായി നിന്നവരാണ് പ്രവാസികൾ. വയനാടിൻ്റെ പുനർ നിർമ്മിതിക്കും നല്ല മനസ് ഉണ്ടാകണമെന്ന് മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് ഉദാരമായി സംഭാവന നൽകണമെന്നാണ് മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന.

അതേസമയം, ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ മരണം 300 കടന്നു. നാലാം നാളില്‍ 9 മൃതദേഹവും 5 ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. 140 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി.130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു.

ഔദ്യോഗിക കണക്കനുസരിച്ച് 206 പേരെ ഇനിയും കണ്ടെത്താനുണ്ട്. 85 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്. മേപ്പാടിയില്‍ മാത്രം 10 ക്യാമ്പുകളിലുള്ളത് 1729 പേരുണ്ട്. ദുരന്തത്തില്‍ മരിച്ചവരില്‍ അവകാശികൾ ഇല്ലാത്ത എല്ലാ മൃതദേഹവും തിരിച്ചറിയാത്ത ശരീര ഭാഗങ്ങളും പ്രോട്ടോകോൾ പാലിച്ച് സംസ്കരിക്കും

 

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments