ജനപ്രിയ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ കൈക്കുഞ്ഞുമായി മുല്ലപ്പൂ വിറ്റിരുന്ന ധന്യയെ കാണാനെത്തി. തൻ്റെ മകളുടെ കല്യാണത്തിന് ആവശ്യമായ മുല്ലപ്പൂവും പിച്ചിപ്പൂവും ഒരുക്കാന്‍ ധന്യയോടും ഭര്‍ത്താവിനോടും സുരേഷ് ഗോപി ആവശ്യപ്പെട്ടു. കോഫി ടൈം വിത്ത് എസ്ജി എന്ന ഗുരുവായൂരില്‍ തുടക്കമായ പരിപാടിയിലായിരുന്നു കൂടിക്കാഴ്ച.
Suresh Gopi saw Dhanya selling jasmine flowers with baby in her arms at Guruvayur Ambala Nada and offered help.
200 മുഴം മുല്ലപ്പൂവും, 100 മുഴം പിച്ചിപ്പൂവും വാഴനാരില്‍ കെട്ടി പതിനാറാം തീയതി രാത്രിയില്‍ എത്തിച്ച് തരണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. വെറുതേ കാശ് കൊടുത്തതല്ലെന്നും അവരുടെ അധ്വാനം അതില്‍ വരുമെന്നും ധന്യയ്ക്ക് ഓര്‍ഡര്‍ നല്‍കിയ ശേഷം സുരേഷ് ഗോപി പറഞ്ഞു. തൻ്റെ മകളുടെ മാംഗല്യത്തിലേയ്ക്ക് ഗുരുവായൂരപ്പന്റെ അനുഗ്രഹം കൂടുതലായിട്ട് വരും എന്നൊക്കെ വിചാരിച്ച് ചെയ്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാധ്യമങ്ങൾ ആണ് ധന്യയുടെ വാര്‍ത്ത തന്റെ മുന്‍പില്‍ എത്തിച്ചത് എന്ന് സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപിയെ കണ്ടതില്‍ അതിയായ സന്തോഷം ഉണ്ടെന്നും, മകളുടെ കല്യാണം സ്വന്തം അനിയത്തിക്കുട്ടിയുടേത് എന്ന പോലെ നടത്തിക്കൊടുക്കുമെന്നും ധന്യ പ്രതികരിച്ചു. വാടക വീട്ടിലാണ് ധന്യയും കുടുംബവും താമസം. ഭര്‍ത്താവ് ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുദ്ധിമുട്ടുകയാണ്. പ്രണയവിവാഹം ആയതിനാല്‍ നേരത്തെ തന്നെ ധന്യയെ കുടുംബം കയ്യൊഴിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ക്ഷേത്ര നടയില്‍ കുഞ്ഞുമായി മുല്ലപ്പൂ വില്‍പ്പന ആരംഭിച്ചത്. പുലര്‍ച്ചെ തന്നെ ധന്യ ക്ഷേത്രത്തില്‍ എത്തി പൂവില്‍പ്പന ആരംഭിക്കും. ക്ഷേത്രത്തില്‍ നിന്നു തന്നെ ഭക്ഷണം കഴിക്കും. ഭര്‍ത്താവിന് മരുന്ന് വാങ്ങാന്‍ മാത്രം മാസം എണ്ണായിരത്തോളം രൂപ വേണം.