കോട്ടയം: തൃശൂർ രൂപതയുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയരുമ്പോഴും സുരേഷ് ഗോപിയുടെ വിശ്വാസ പ്രമാണങ്ങൾക്ക് മാറ്റമില്ല. ക്രൈസ്തവ വിശ്വാസത്തെയും വിശുദ്ധരെയും വണങ്ങുന്ന നിലപാടിലും അയവില്ല.
മണിപ്പൂർ വിഷയത്തിൽ സുരേഷ് ഗോപിയെ വിമർശിച്ച് രുപത മുഖപത്രമായ ‘കത്തോലിക്കാ സഭ’ ലേഖനമെഴുതിയിരുന്നു. എന്നാൽ തന്റെ നിലപാടിൽ മാറ്റമില്ലെന്നും രുപതക്ക് വിമർശിക്കാനുള്ള അവകാശം താൻ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പിന്നാലെ സുരേഷ് ഗോപിക്കെതിരെ സഭയുടെ രാഷ്ട്രീയ നിലപാടല്ല മുഖപത്രത്തിൽ വന്നതെന്ന് രൂപത വൃക്തമാക്കിയതോടെയാണ് വിവാദത്തിന് താല്ക്കാലിക വിരമമുണ്ടായത്. എന്നാൽ ഈ വിവാദങ്ങളെന്നും തന്നെ സ്പർശിച്ചിട്ടില്ലെന്ന് ബോധൃപ്പെടുത്തും വിധമാണ് സുരേഷ് ഗോപിയുടെ പാലായിലെയും അരുവിത്തുറയിലെയും പള്ളി സന്ദർശനങ്ങൾ.

സുരേഷ് ഗോപി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ ഗരുഡന്റെ പ്രമേഷനുമായി ബന്ധപ്പെട്ട് പാലായിൽ എത്തിയപ്പോഴായിരുന്നു പതിവ് തെറ്റിക്കാതെയുള്ള കുരിശുപള്ളി സന്ദർശനം.
മാതാവിന്റെ തിരുസ്വരൂപത്തിന് മുമ്പിൽ മെഴുകുതിരി കത്തിച്ചാണ് പ്രാർത്ഥിച്ചത്. പിന്നീട് പോയത് അരുവിത്തറ വലൃച്ചന്റെ സന്നിധിയിലേക്കാണ്. കെടാവിളക്കിൽ എണ്ണയൊഴിച്ച് ധൃാനനിരതനായി നിന്നു. പള്ളിക്കകത്തും പ്രാർത്ഥനയിൽ മുഴുകി.

കൊന്തകൾ സമ്മാനമായി കിട്ടുന്നത് സൂക്ഷിച്ചുവയ്ക്കുന്ന സുരേഷ് ഗോപിക്ക് വികാരിയച്ചൻ നല്കിയത് കനൃമാതാവിന്റെ രുപമായിരുന്നവെന്ന് മാത്രം.