ന്യൂഡല്‍ഹി: 2004ലെ ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം സുപ്രീം കോടതി ശരിവച്ചു. യു.പി മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കി കൊണ്ടുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി നിയമം ശരിവെച്ചത്. Supreme Court upholds Uttar Pradesh Madrasa Education Act
ഏതെങ്കിലും നിയമ നിർമാണത്തിൽ മതപരമായ കാരണങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഭരണഘടനാ വിരുദ്ധമാണെന്ന് പറയാനാകില്ലെന്ന് യു.പി മദ്രസ വിദ്യാഭ്യാസ നിയമം ശരിവെച്ചുകൊണ്ട് സുപ്രീം കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജെ.ബി. പര്‍ഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചിന്‍റേതാണ് നിര്‍ണായക വിധി. മദ്രസ വിദ്യാഭ്യാസ നിയമം ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് അലഹാബാദ് ഹൈക്കോടതി നിയമം റദ്ദാക്കിയത്.
മദ്രസകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഔപചാരിക വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പദ്ധതി രൂപീകരിക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് അലഹബാദ് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ഇത് ചോദ്യം ചെയ്ത് മദ്രസകളുമായി ബന്ധപ്പെട്ട വിവിധ വ്യക്തികളും സംഘടനകളുമാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. നിയമത്തെ ഹൈക്കോടതി തെറ്റായി വ്യാഖ്യാനിച്ചെന്ന് പ്രഥമദൃഷ്ട്യാ നിരീക്ഷിച്ച് ഏപ്രിലിൽ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കികൊണ്ട് സുപ്രീം കോടതി നിര്‍ണായക വിധി പ്രസ്താവിച്ചത്.