ദില്ലി: പള്ളിത്തർക്ക കേസിൽ നിർണായക ഇടപടലുമായി സുപ്രീം കോടതി. 6 പള്ളികളുടെ ഭരണനിർവ്വഹണം ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.
Supreme Court orders handover of 6 churches held by Jacobite Church to Orthodox Church
യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളുടെ കാര്യത്തിലാണ് സുപ്രീം കോടതിയുടെ നിർദേശം. സെമിത്തേരി അടക്കമുള്ള സൗകര്യങ്ങൾ എല്ലാ വിഭാഗങ്ങൾക്കും നൽകണം. ഇക്കാര്യത്തിൽ ഓർത്തഡോക്സ് സഭ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു.
നീതി നടപ്പാക്കാനുള്ള കോടതിയുടെ ചുമതല എതിർകക്ഷികൾ മനസിലാക്കുമെന്ന് കരുതുന്നു. പള്ളികൾ ഏറ്റെടുക്കുകയെന്നാൽ എല്ലാ ഭരണകാര്യങ്ങളും ഏറ്റെടുക്കുകയെന്നാണ് അർത്ഥം. ഉത്തരവ് നടപ്പാക്കാൻ യാക്കോബായ സഭ സഹകരിക്കാത്തതെന്തെന്നും സുപ്രീം കോടതി ചോദിച്ചു. യാക്കോബായ സഭയും സർക്കാരും പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യത്തിലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കാനായില്ലെങ്കിൽ നീതി തേടി എവിടെ പോകണമെന്ന് ചോദിച്ച കോടതി പള്ളികൾ ഓർത്തഡോക്‌സ് സഭയ്ക്ക് വിട്ടുനൽകണമെന്ന വിധി അന്തിമമാണെന്നും വ്യക്തമാക്കി.
താക്കോല്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കൈമാറണമെന്നും സുപ്രീം കോടതി യാക്കോബായ സഭയോട് നിർദ്ദേശിച്ചു. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് ആരാധനയ്ക്കുള്ള സൗകര്യം ഒരുക്കണമെന്നും സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. പൊതുവായ സൗകര്യങ്ങള്‍ തുറന്നു നല്‍കുന്ന കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കണമെന്നും നിർദ്ദേശമുണ്ട്. ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നൽകിയിരുന്ന ഇളവും സുപ്രീം കോടതി നീട്ടി.
കേസിൽ വിശദ വാദം പിന്നീട് കേൾക്കാമെന്നും കോടതി അറിയിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. സൗഹൃദപരമായി പ്രശ്നം തീർക്കാനാണ് കോടതി ഉദ്ദേശിക്കുന്നതെന്നും ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി.
കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകാതിരിക്കാൻ ആണ് കോടതി താൽപര്യപ്പെടുന്നത്. എല്ലാവർക്കും ഒന്നിച്ച് നല്ലൊരു ക്രിസ്തുമസ് ആഘോഷിക്കാനാകുമെന്നാണ് പ്രതീക്ഷ. സര്‍ക്കാര്‍ ഇടപെടല്‍ അവസാന മാര്‍ഗമാണ്. കൈമാറ്റം നടപ്പാക്കിയ ശേഷം രണ്ടാഴ്ചക്കകം സത്യവാങ്മൂലം നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.