കോഴിക്കോട്: വയനാട് ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ് വിജയത്തെക്കുറിച്ചുള്ള സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ പരാമർശത്തിൽ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം.suprabhatam with severe criticism on Vijayaraghavan’s remarks
വർഗരാഷ്ട്രീയം വലിച്ചെറിഞ്ഞ് വർഗീയരാഷ്ട്രീയത്തിലേക്ക് സി.പി.എം. ചുവടുമാറ്റുന്നു. പുതിയ വോട്ട് ബാങ്ക് സൃഷ്ടിക്കാൻ സി.പി.എം. മുസ്‌ലിം വിരോധം പ്രചരിപ്പിക്കുന്നുവെന്നും വിമർശനം.
ബി.ജെ.പി.യെപ്പോലെ പരസ്യമായ ഹിന്ദുത്വ അനുകൂല നിലപാട് സി.പി.എം. നേതാക്കൾ സ്വീകരിക്കുന്നുവെന്ന് മുഖപ്രസംഗത്തിൽ പറയുന്നു. വയനാട്ടിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും ജയിച്ചത് മുസ്‌ലിം വർഗീയ ചേരിയുടെ പിന്തുണകൊണ്ടാണെന്ന എ. വിജയരാഘവന്റെ പരാമർശം ഇപ്പോൾ സംഘപരിവാർ ആഘോഷിക്കുകയാണ്. മുസ്ലിം വിരുദ്ധതയുടേയും വെറുപ്പിൻ്റെയും ബഹിർസ്ഫുരണമാണ് വിജയരാഘവനിലൂടെ പുറത്തുവന്നത്.
സി.പി.എമ്മും സംഘപരിവാറും തമ്മിലുള്ള ചങ്ങാത്തം സംബന്ധിച്ച വാർത്തകൾ പുറത്തുവന്നു. അതിലൊന്നായിരുന്നു തൃശ്ശൂരിലെ ബി.ജെ.പിയുടെ വിജയത്തിന് കളമൊരുക്കിയ പൂരം കലക്കൽ. സംഘപരിവാറിനെ സുഖിപ്പിക്കുന്ന നടപടികൾ സംസ്ഥാന സർക്കാർ തുടരുകയാണ്. സി.പി.എം.-സംഘപരിവാർ ബന്ധത്തിന്റെ കണ്ണിയെന്ന് ആരോപിക്കപ്പെടുന്ന അജിത്കുമാറിന് ഡി.ജി.പി.യായി സ്ഥാനക്കയറ്റം നൽകാനാണ് തീരുമാനം.
ന്യൂനപക്ഷത്തെ, പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും വർഗീയത പറയുന്ന സി.പി.എം നേതാക്കളുടെ എണ്ണം വർധിക്കുകയണ്. മുസ്‌ലിം ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ സി.പി.എം എതിരാളികൾ ജയിച്ചാൽ പാർട്ടി നേതൃത്വത്തിന്റെ പ്രതികരണങ്ങൾ വിരൽചൂണ്ടുന്നത് വർഗീയതയിലേക്കാണ്. ന്യൂനപക്ഷത്തിനെതിരെ വർഗീയാരോപണം ഉന്നയിച്ചാൽ ഭൂരിപക്ഷ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പാർട്ടിയെങ്കിൽ ആ ധാരണ തിരുത്തേണ്ട കാലം കഴിഞ്ഞു.
ബി.ജെ.പി.യുടെ ബി ടീമാവാൻ കേരളത്തിലെ സി.പി.എം. നേതാക്കൾ ശ്രമിക്കരുത്. പാർട്ടി സമ്മേളനങ്ങളിൽ ഉയരുന്ന വികാരവും വിയോജിപ്പും ഉൾക്കൊള്ളാൻ ഉന്നത നേതൃത്വത്തിന് മടിയാണ്. സംഘപരിവാറിനെ സന്തോഷിപ്പിക്കുന്നവരും അവർക്ക് ആയുധം നൽകുന്നവരുമായ സിപിഎമ്മിലെ ചില നേതാക്കളിൽ നിന്നാണ് തിരുത്തൽ ആരംഭിക്കേണ്ടത്. വിജയരാഘവന്മാരെ തിരുത്താൻ പാർട്ടി തയ്യാറാവാത്തിടത്തോളം കാലം ചവിട്ടി നിൽക്കുന്ന മണ്ണ് സംഘപരിവാർ കൂടരത്തിലേക്ക് ഒലിച്ച് പോകുമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
മുസ്‌ലിംവർഗീയ ചേരിയുടെ ദൃഢമായ പിന്തുണയില്ലെങ്കിൽ രാഹുൽഗാന്ധി വയനാട്ടിൽനിന്ന് ഡൽഹിയിലെത്തുമായിരുന്നോയെന്ന വിജയരാഘവന്റെ പരാമർശമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.