ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ മാസങ്ങളായി തുടരുന്ന ഇന്ത്യന്‍ വംശജയായ നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ഇതാദ്യമായി പരാതിയുമായി രംഗത്ത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ അസാധാരണമായി ദുർഗന്ധം വമിക്കുന്നുവെന്നാണ് സുനിത വില്യംസ് അധികൃതരെ അറിയിച്ചത്. Sunitha Williams says there is an unusual smell in space
റഷ്യൻ പ്രോഗ്രസ് എം എസ് 29 സ്‌പേസ് ക്രാഫ്റ്റ് ബഹിരാകാശത്ത് എത്തിയതിന് ശേഷമാണ് ദുർഗന്ധം പുറത്തേയ്ക്ക് വരുന്നത് എന്നാണ് സുനിത വില്യംസ് അധികൃതരെ അറിയിച്ചത്.
ബഹിരാകാശത്ത് പതിവില്ലാത്ത നിലയിൽ ദുർഗന്ധമുണ്ടായ സാഹചര്യത്തിൽ അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കാനും സുനിത വില്യംസ് നാസയോട് ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യ പുതുതായി വിക്ഷേപിച്ച സ്‌പേസ്‌ക്രാഫ്റ്റിന്റെ വാതില്‍ ബഹിരാകാശ യാത്രികർ തുറന്ന് നോക്കിയിരുന്നെന്നും ഇതിന് പിന്നാലെയാണ് അസാധാരണമായ നിലയിൽ ദുർഗന്ധം പുറത്തേയ്ക്ക് വന്നതെന്നുമാണ് സുനിത പറയുന്നത്.
സ്‌പേസ്‌ക്രാഫ്റ്റിന്റെ വാതില്‍ ബഹിരാകാശ യാത്രികർ തുറന്ന് നോക്കിയ ശേഷം ചെറിയ ജലകണങ്ങളും പ്രത്യക്ഷമായിട്ടുണ്ടെന്നും സുനിത അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
സുനിതയുടെ പരാതിക്ക് പിന്നാലെ മുൻകരുതല്‍ നടപടി എന്ന നിലയിൽ റഷ്യൻ സ്‌പേസ്‌ക്രാഫ്റ്റിന്റെ വാതില്‍ അടച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബഹിരാകാശത്തെ ദുർഗന്ധം ഇല്ലാതാക്കി വായു ശുദ്ധീകരിക്കാൻ എയർ സ്‌ക്രബ്ബിംഗ് സംവിധാനം പ്രവർത്തിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
റഷ്യയ്ക്ക് സമീപമായുള്ള തങ്ങളുടെ ഭാഗത്തിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായി ട്രേസ് കണ്ടാമിനേറ്റഡ് കണ്‍ട്രോള്‍ സബ്‌അസംബ്ലി സംവിധാനം അമേരിക്ക വിന്യസിച്ചതായും വിവരമുണ്ട്. ബഹിരാകാശത്തെ ദുർഗന്ധത്തിന്റെ തോത് കുറയുന്നുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2024 ജൂണിലാണ് ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസും ബുച്ച് വിൽമോറും എട്ട് ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാൽ സ്‌റ്റാർലൈനർ പേടകം തകരാറിലായതോടെ തിരികെ വരാനാകാതെ കുടുങ്ങുകയായിരുന്നു. ഇവരെ 2025 ഫെബ്രുവരിയോടെ തിരികെയെത്തിക്കാനാകുമെന്നാണ് നാസ പറയുന്നത്.