കോട്ടയം: ആരോഗ്യപ്രവർത്തകരുടെ ആരോഗ്യം സംരക്ഷിക്കാൻ വ്യായാമം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലോക പ്രമേഹ ദിനത്തോടനുബന്ധിച്ചു ആരോഗ്യ പ്രവർത്തകർക്കായി ജില്ലാതല സൂംബ ഡാൻസ് സംഘടിപ്പിച്ചു. മത്സരത്തിൽ ഡോ. സൗമ്യ സദാനന്ദന്റെ നേതൃത്വത്തിലുള്ള പൈക കുടുംബാരോഗ്യകേന്ദ്രം വിജയികളായി.
ഡോ. വിജിലക്ഷ്മിയുടെ നേതൃത്വത്തിൽ പാലാ ജനറൽ ആശുപത്രി രണ്ടാം സ്ഥാനവും ഡോ. സൗമ്യ ജോർജിന്റെ നേതൃത്വത്തിൽ പനച്ചിക്കാട് കുടുംബാരോഗ്യകേന്ദ്രം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബ്ലോക്ക്തല വിജയികളായ 23 ടീമുകളാണ് മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ പങ്കെടുത്തത്.
പ്രമേഹദിനത്തോടനുബന്ധിച്ചു പൊതുസമ്മേളന ഉദ്ഘാടനവും സമ്മാനദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ് മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ആര്യാ രാജൻ മുഖ്യാതിഥിയായി. ആർപ്പൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ് അധ്യക്ഷത വഹിച്ചു.
ആരോഗ്യവകുപ്പ് കഴിഞ്ഞ വർഷം ജില്ലയിലെ എല്ലാ വീടുകളും സന്ദർശിച്ച് 30 വയസിനു മുകളിലുള്ളവരിൽ നടത്തിയ ശൈലി സർവേ പ്രകാരം ജില്ലയിൽ 1.5 ലക്ഷം പ്രമേഹബാധിതരുണ്ടെന്ന് ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പി.എൻ വിദ്യാധരൻ പറഞ്ഞു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ എന്നിവർ പ്രസംഗിച്ചു.