തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനെതിരെ സിപിഎം ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമർശനം. മേയർ തികഞ്ഞ പരാജയമാണെന്നും ദേശീയ – രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയിട്ട് കാര്യമില്ലെന്നുമാണ് വിമർശനം ഉയർന്നത്.Strong criticism against Mayor Arya Rajendran in CPM district conference
മേയർക്ക് ധിക്കാരവും ധാർഷ്‌ട്യവുമാണ്. ദേശീയ- രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയിട്ട് കാര്യമില്ല. ജനങ്ങളുടെ അവാർഡാണ് വേണ്ടത്. അതില്‍ മേയർ തികഞ്ഞ പരാജയമാണ്. ആശുപത്രികളില്‍ അത്യാവശ്യ മരുന്നുകള്‍ പോലുമില്ല. രാത്രി കാലങ്ങളില്‍ ഡോക്‌ടർമാരില്ല.
പൊലീസ് സ്റ്റേഷനില്‍ പാർട്ടിക്കാർക്ക് നീതി കിട്ടുന്നില്ല. പാർട്ടിക്കാരെന്ന് പറഞ്ഞാല്‍ അവഗണനയാണ്. വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥ ഭരണമാണ്. പൊതുവിദ്യാഭ്യാസ ഡയറക്‌ടറാണ് എല്ലാം തീരുമാനിക്കുന്നത്. ശക്തനായ മന്ത്രി ഉണ്ടായിട്ടും ഒന്നും ചെയ്യാനാവുന്നില്ല.
അതേസമയം, മേയറെ അനുകൂലിച്ചും ചിലർ രംഗത്തെത്തി. രാഷ്ട്രീയ എതിരാളികള്‍ മേയറെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് ഇവർ കുറ്റപ്പെടുത്തി.
ഇതിനിടെ, പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനെ പരിഹസിച്ച് വനിതാ പ്രതിനിധിയും രംഗത്തെത്തി. ഗോവിന്ദൻ മാഷിന്റെ വൈരുദ്ധ്യാത്മക ഭൗതികവാദം എന്താണെന്ന് അറിയണമെങ്കില്‍ പൊലീസ് സ്റ്റേഷനുകളില്‍ പോകണം. സെക്രട്ടറിയുടെ പ്രസംഗത്തിന്റെ അർത്ഥം മനസിലാകുന്നത് അപ്പോഴായിരിക്കും. പ്രസംഗം ഒരു വഴിക്കും പ്രവർത്തനം മറുവഴിക്കുമാണ്.
പൊലീസ് സ്റ്റേഷനുകളില്‍ ഇരകള്‍ക്ക് നീതിയില്ല. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കേസുകളില്‍ നടപടിയില്ല. പാർട്ടിയില്‍ വനിതകള്‍ക്ക് പ്രാതിനിധ്യമില്ല. വനിതകളെ പാർട്ടി പദവികളില്‍ നിന്ന് തഴയുന്നു. നിശ്ചിത പാർട്ടി പദവികളില്‍ സ്ത്രീകളെ പരിഗണിക്കണമെന്ന് സർക്കുലർ ഇറക്കാനുള്ള ആർജവമുണ്ടോയെന്നും വനിതാ പ്രതിനിധി ചോദിച്ചു.