തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ധനവകുപ്പ് ഉടന്‍ നോട്ടീസ് നല്‍കും. സാങ്കേതിക പിഴവ് മൂലമാണോ അതോ ബോധപൂര്‍വം അപേക്ഷിച്ചതുകൊണ്ടാണോ പെന്‍ഷന്‍ ലഭ്യമായതെന്ന് പരിശോധിക്കും.Strict action against government employees who defrauded social security pension
ഇതിന് ശേഷം കര്‍ശന നടപടിയിലേക്ക് കടക്കുമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. പെന്‍ഷന്‍ തുക പലിശ സഹിതം തിരിച്ചുപിടിക്കും.
മുഴുവന്‍ പട്ടികയും കണ്ടാല്‍ ഞെട്ടുമെന്ന് ധനമന്ത്രി പറഞ്ഞെങ്കിലും ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. മസ്റ്ററിങ് ഉള്‍പ്പടെ കര്‍ശനമാക്കിയിട്ടും ക്ഷേമ പെന്‍ഷന്‍ അനര്‍ഹരില്‍ എത്തിയത് സര്‍ക്കാരിനും നാണക്കേടാണ്. പെന്‍ഷന് അര്‍ഹരാണെന്ന് സാക്ഷ്യപ്പെടുത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകും. ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കം 1458 പേരാണ് പെൻഷൻ കൈപ്പറ്റിയെന്ന് കണ്ടെത്തിയിട്ടുള്ളത്.
വിധവ-വികലാംഗ പെന്‍ഷനുകളാണ് ഉദ്യോഗസ്ഥര്‍ തട്ടിയത്. തദ്ദേശ സ്ഥാപനങ്ങളാണ് പെന്‍ഷന് അർഹരായവരെ കണ്ടെത്തുന്നത് എന്നതിനാല്‍ അനര്‍ഹരെ ഒഴിവാക്കുന്നതില്‍ സ്ഥാപനങ്ങള്‍ക്ക് വീഴ്ച്ച സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍. ഇത്തരത്തില്‍ പെന്‍ഷന് അര്‍ഹരാണെന്ന് സാക്ഷ്യപ്പെടുത്തിയ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടാകും.
അനധികൃതമായി പെന്‍ഷന്‍ കൈപറ്റിയവരില്‍ കോളേജ് അധ്യാപകരും ഉള്‍പ്പെടും. മൂന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപകരും ഇതില്‍ ഉള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് ആരോഗ്യവകുപ്പിലാണ്. 373 പേരാണ് ആരോഗ്യവകുപ്പില്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പില്‍ 224 പേരും മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പില്‍ 124 പേരും ആയുര്‍വേദ വകുപ്പില്‍ 114 പേരും മൃഗ സംരക്ഷണ വകുപ്പില്‍ 74 പേരും ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുണ്ട്.
പെതുമരാമത്ത് വകുപ്പില്‍ 47, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ 46, ഹോമിയോപ്പതി വകുപ്പില്‍ 41, കൃഷി, റവന്യു വകുപ്പുകളില്‍ 35, ജുഡീഷ്യറി ആന്‍ഡ് സോഷ്യല്‍ ജസ്റ്റിസ് വകുപ്പില്‍ 34, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസ് വകുപ്പില്‍ 31, കോളേജിയറ്റ് എഡ്യുക്കേഷന്‍ വകുപ്പില്‍ 27, ഹോമിയോപ്പതിയില്‍ 25 എന്നിങ്ങനെ ജീവനക്കാര്‍ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നതായാണ് വിവരം. ധനവകുപ്പ് നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.