ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമനിരീക്ഷണത്തിന് പുത്തന്‍ കാല്‍വെപ്പ്. ഇന്ത്യയുടെ പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹം ഇഒഎസ് 08 വിക്ഷേപിച്ചു. SSLVD-3 launch success
പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ സാധിക്കുന്ന ഉപഗ്രഹത്തെ വഹിക്കുന്നത് എസ്എസ്എല്‍വി-ഡി 3 റോക്കറ്റാണ്. ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നുമാണ് ഉപഗ്രഹം വിക്ഷേപിച്ചത്. വിക്ഷേപണം വിജയകരമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.
ദുരന്ത നിരീക്ഷണം, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിയിലെ മാറ്റങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഉപഗ്രഹം പങ്കുവെക്കും. ദൗത്യ കാലാവധി ഒരു വര്‍ഷമാണ്. സ്പേസ് കിഡ്‌സ് ഇന്ത്യ നിര്‍മിച്ച എസ്ആര്‍ സിറോ ഡിമോസറ്റും ഭ്രമണപഥത്തില്‍ വിക്ഷേപിച്ചു.
എസ്എസ്എല്‍വി-ഡി3/ഇഒഎസ്-08 ദൗത്യത്തിലൂടെ ചെറിയ ഉപഗ്രഹ വിക്ഷേപണ വാഹനത്തെ പരീക്ഷിക്കുകയയും ഏറ്റവും പുതിയ ഭൗമനിരീക്ഷണ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കുകയുമാണ് ഐഎസ്ആര്‍ഒയുടെ ലക്ഷ്യം. ദൗത്യം വിജയിക്കുന്നതോടെ എസ്എസ്എല്‍വിയുടെ വികസനം പൂര്‍ത്തിയാകും.
500 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ വഹിക്കാന്‍ സാധിക്കുന്ന റോക്കറ്റാണ് എസ്എസ്എല്‍വി ഡി3. ഇലക്ട്രോ ഒപ്റ്റിക്കല്‍ ഇന്‍ഫ്രാറെഡ്, ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം-റിഫ്‌ലെക്‌റ്റോമെട്രി, സിക് യുവി ഡോസിമീറ്റര്‍ എന്നിവയാണ് പേലോഡുകള്‍. ഐഎസ്ആര്‍ഒ പ്രകാരം എസ്എസ്എല്‍വിക്ക് ഏറ്റവും കുറവ് ചെലവ് മാത്രമേയുള്ളു.
മാത്രവുമല്ല, നിരവധി ഉപഗ്രഹങ്ങള്‍ ഉള്‍ക്കൊള്ളുവാനും സാധിക്കും. ആവശ്യത്തിനനുസരിച്ച് വിക്ഷേപണം നടത്താനും സാധിക്കും. ബെംഗളൂരുവിലെ യുആര്‍ റോ ഉപഗ്രഹ കേന്ദ്രത്തില്‍ നിന്നുമാണ് ഇഒഎസ്-08 വികസിപ്പിച്ചിരിക്കുന്നത്.