പാലാ: അനീതിക്കെതിരെ നിയമമാർഗ്ഗത്തിലൂടെ മാത്രം പോരാട്ടം നടത്തുന്ന അടിമാലിയിലെ മറിയക്കുട്ടിക്കും അന്ന ഔസേപ്പിനും റോബിൻ ബസ് ഉടമ ഗിരീഷിനും ‘ശ്രേഷ്ഠകർമ്മ’ പുരസ്ക്കാരം നൽകി ആദരിക്കുമെന്ന് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ എന്നിവർ അറിയിച്ചു. srashtakarma award
പ്രശസ്തിപത്രികയും പൊന്നാടയും അടങ്ങുന്നതാണ് ‘ശ്രേഷ്ഠകർമ്മ’ പുരസ്ക്കാരം.
രാജ്യത്തെ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമർപ്പിച്ച് പ്രകോപനങ്ങൾ സൃഷ്ടിക്കാതെ ഇവർ നടത്തുന്ന പോരാട്ടങ്ങൾ മാതൃകാപരമാണ്. അക്രമത്തിനും കലാപത്തിനും വഴിതെളിക്കാതെ സത്യവും നീതിയും ഉയർത്തിപ്പിടിച്ചുകൊണ്ട് മറിയക്കുട്ടി, അന്ന ഔസേപ്പ് എന്നീ മുതിർന്ന പൗരന്മാർ നടത്തുന്ന അവകാശപോരാട്ടവും സംയമനത്തോടെ പൂർണ്ണമായും നിയമ മാർഗ്ഗം സ്വീകരിച്ചുകൊണ്ട് പോരാട്ടം നടത്തുന്ന റോബിൻ ഗിരീഷ് നടത്തുന്ന പോരാട്ടവും സമാനതകളില്ലാത്തതാണ്.
സമരങ്ങളുടെ പേരിൽ പൊതുമുതൽ നശിപ്പിക്കുകയും പൗരൻ്റെ സഞ്ചാരസ്വാതന്ത്ര്യം തടയുകയും ചെയ്യുന്ന കാലഘട്ടത്തിൽ ഇവരുടെ ഗാന്ധിയൻ മാർഗ്ഗത്തിലുള്ള പോരാട്ടങ്ങൾ അഭിനന്ദനാർഹമാണെന്നും ഫൗണ്ടേഷൻ വിലയിരുത്തി. നവംബർ 26 ന് ഇവരുടെ വീടുകളിലെത്തി പുരസ്കാരങ്ങൾ സമ്മാനിക്കും.