വയനാട്: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി.റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ ജോലി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ശ്രുതിക്ക് നിയമനം നല്‍കാന്‍ കളക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി.Shruti will be given a job by the government as a clerk in the revenue department
ചൂരല്‍മല ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയുമടക്കം ഒന്‍പത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട്ടെ ജോലി സ്ഥലത്തായിരുന്നതിനാല്‍ ശ്രുതി അപകടത്തില്‍പ്പെട്ടില്ല. പുതിയ വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞ് ശ്രുതിയുടെ വിവാഹത്തിനുള്ള ഒരുക്കങ്ങളിലേക്ക് കടക്കുന്നതിനിടെയായിരുന്നു ഉരുള്‍പ്പൊട്ടലുണ്ടായത്.
ദുരന്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ശ്രുതിക്ക് താങ്ങും തണലുമായത് പ്രതിശ്രുത വരന്‍ ജെന്‍സനായിരുന്നു. സെപ്റ്റംബര്‍ പത്തിന് കല്‍പറ്റയിലെ വെള്ളാരംകുന്നില്‍വെച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ജെന്‍സന്‍ മരണത്തിന് കീഴടങ്ങി. അപകടത്തില്‍ ശ്രുതിക്കും പരിക്കേറ്റിരുന്നു. ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.