കൊച്ചി: തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. മൂവാറ്റുപുഴ ആവോലി പരീക്കപ്പീടിക മുണ്ടയ്ക്കല്‍ വീട്ടില്‍ ഷൈനി മാത്യുവിനെ (49) ആണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.shiney mathew arrested for visa fraud
സിങ്കപ്പൂരിലും ജർമനിയിലും ജോലി വാഗ്ദാനം ചെയ്തായിരുന്നു യുവതിയുടെ തട്ടിപ്പ്. കൂടുതല്‍ ആളുകള്‍ യുവതിയുടെ തട്ടിപ്പിനിരയായിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. യുവതി വീസ വാഗ്ദാനം ചെയ്ത് രണ്ടുപേരില്‍ നിന്നുമാത്രം തട്ടിയെടുത്തത് ഏഴുലക്ഷത്തോളം രൂപയാണ് .
മൂവാറ്റുപുഴയിലെ ഈസി വിസ എന്ന സ്ഥാപനത്തിന്റെ മറവിലാണ് ഷൈനി പണം വാങ്ങിയത്. ജർമനിയിലെ സൂപ്പർമാർക്കറ്റില്‍ ജോലിക്കായുള്ള വിസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് ഊരമന സ്വദേശിയില്‍ നിന്ന് 4.38 ലക്ഷം രൂപയും ഇയാളുടെ സുഹൃത്തിന് സിങ്കപ്പൂരില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ടു ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്.
പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മൂവാറ്റുപുഴയിലെ ഈസി വിസ എന്ന സ്ഥാപനത്തിന് വിദേശത്തേക്ക് ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി.