പാലക്കാട്: അർദ്ധരാത്രി പാലക്കാട് വനിതാ കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടലില്‍ നടന്ന പൊലീസ് പരിശോധനയെ വിമർശിച്ച് ഷാനിമോള്‍ ഉസ്മാൻ. തൊട്ടടുത്ത റൂമിൽ താമസിച്ചിരുന്ന ശ്രീമതി ടീച്ചർ ഉൾപ്പെടെയുള്ളവർ മറുപടി പറയണം.Shanimol Usman criticizes the police inspection of the hotel where women leaders stayed
സിപിഐഎം അറിഞ്ഞുകൊണ്ടാണ് ഈ പദ്ധതിയെന്നും സ്ത്രീകൾക്ക് നേരെയുണ്ടായ വലിയ അതിക്രമമാണ് നടന്നതെന്നും ഷാനിമോൾ പറഞ്ഞു. കയ്യിൽ ബോംബില്ലാത്തതുകൊണ്ടാണ് മറ്റ് പല രീതിയിലും സിപിഎഐഎം കാര്യങ്ങൾ നീക്കുന്നതെന്നും ഷാനിമോൾ ആരോപിച്ചു.
ഇതേ ഹോട്ടലില്‍ തൊട്ടടുത്ത മുറിയില്‍ ശ്രീമതി ടീച്ചറാണ് താമസിക്കുന്നത്. അവരിതിന് മറുപടി പറയണം. സ്ത്രീത്വത്തെ അപമാനിച്ച നടപടിയാണ് ഉണ്ടായത്.തോന്നുമ്പോള്‍ കയറിവന്ന് പരിശോധിക്കാനും ഇറങ്ങിപ്പോകാനും മാര്‍ക്കറ്റൊന്നുമല്ല ഇതെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.
തങ്ങളെ ഇവിടെ നിന്ന് പിന്തിരിപ്പിക്കാനാണ് ഈ ശ്രമമെങ്കില്‍ തെരഞ്ഞെടുപ്പ് തീരുന്നത് വരെ ഇവിടെ തന്നെ കാണു. പരാക്രമം സ്ത്രീകളോടല്ല വേണ്ടത്. സ്ത്രീകളുടെ മുറിയിലേക്ക് വനിതാ പൊലീസില്ലാതെ പോയത് ശരിയായില്ലെന്ന് പറയുന്നതിന് പകരം സിപിഎമ്മും ബിജെപിയും ഒരുമിച്ച് നിന്ന് ഇന്നലെ പ്രശ്നമുണ്ടാക്കുകയാണ് ചെയ്തതെന്നും ഷാനിമോള്‍ ആരോപിച്ചു.
രാത്രി 10.45 ഓടെയാണ് താൻ ഇന്നലെ രാത്രി കിടന്നത്. 12 കഴിഞ്ഞപ്പോഴാണ് വാതിലില്‍ മുട്ട് കേട്ടത്. നൈറ്റ് ഡ്രൈസിലായിരുന്നു താൻ. വാതിലിൻ്റെ ചെറിയ ലെൻസിലൂടെ നോക്കിയപ്പോള്‍ പൊലീസ് യൂണിഫോമില്‍ നാല് പേരായിരുന്നു. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ പരിശോധനയെന്ന് പറഞ്ഞു. ഈ സമയത്താണോ പൊലീസ് പരിശോധനയെന്ന് ചോദിച്ചു. കതക് തുറക്കാൻ ആവശ്യപ്പെട്ടപ്പോള്‍ സമ്മതിച്ചില്ല. അപ്പോഴേക്കും താൻ നൈറ്റ്ഡ്രസ് മാറി ധരിച്ചു.
അവർ മടങ്ങി 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ പുറത്ത് ബഹളമായി. യൂണിഫോം ഇട്ടവരും ഇടാത്തവരും കൂട്ടത്തില്‍ ഉണ്ടായിരുന്നു. പൊലീസ് ഐഡൻ്റിറ്റി കാർഡ് കാണിച്ചില്ല. അവർ പൊലീസുകാർ തന്നെയാണെന്ന് താനെങ്ങനെ അറിയും? താൻ തടഞ്ഞപ്പോഴേക്കും അവിടെ താഴെ ബഹളം കേട്ടു. കുറച്ച് കഴിഞ്ഞ് ഒരു വനിതാ പൊലീസുകാരി വന്നു. തൻ്റെ ദേഹവും മുറിക്കകത്ത് മുഴുവൻ സാധനങ്ങളും ബാത്ത്റൂമും പരിശോധിച്ചു.
അതിന് ശേഷം അവർ മടങ്ങാൻ തുനിഞ്ഞപ്പോള്‍ എന്ത് കിട്ടിയെന്ന് എഴുതി നല്‍കണമെന്ന് ആവശ്യപ്പെട്ടു. അവരെ താൻ തടഞ്ഞു. പിന്നീട് അവർ എഴുതി നല്‍കാമെന്ന് പറഞ്ഞപ്പോള്‍ താൻ പിന്മാറി. അപ്പോഴേക്കും വലിയ ബഹളമായി. എഎ റഹീമിൻ്റെ സംസ്കാരമല്ല തൻ്റേത്.
അർത്ഥവും അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് റഹീം ഉന്നയിച്ചത്. സ്ത്രീയെന്ന തൻ്റെ സ്വത്വത്തെ ചോദ്യം ചെയ്യുന്ന നടപടിയാണിത്. എ എ റഹീമിനെതിരെ അതിരൂക്ഷ വിമർശനം ഷാനിമോൾ ഉന്നയിച്ചു.