തൃശൂര്‍: തൃശ്ശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍ ചെയര്‍മാൻ തെരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐക്ക് നാടകീയ വിജയം. റീകൗണ്ടിങ്ങിലാണ് 11 വോട്ട് ഭൂരിപക്ഷത്തിൽ എസ്എഫ്ഐ സ്ഥാനാര്‍ഥി അനിരുദ്ധന്‍ ജയിച്ചത്.
ആദ്യം വോട്ടെണ്ണിയപ്പോള്‍ കെഎസ്‌യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചിരുന്നു. കേരള വര്‍മ്മ കോളേജിന്‍റെ 41 വര്‍ഷത്തെ ചരിത്രത്തിൽ ആദ്യമായാണ് കെഎസ്‌യു സ്ഥാനാര്‍ഥി ജയിച്ചെന്ന വാർത്തയെത്തിയത്. ഇതോടെ ആവേശഭരിതരായ കെഎസ്‌യു പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിരുന്നു.
പിന്നാലെ എസ്എഫ്ഐ റീ കൗണ്ടിണ്ട് ആവശ്യപ്പെട്ടു. റീകൗണ്ടിങ്ങിൽ എസ്എഫ്ഐ സ്ഥാനാർത്ഥിയായ അനിരുദ്ധൻ 11 വോട്ട് ഭൂരിപക്ഷത്തിൽ ചെയർമാനായി ജയിക്കുകയായിരുന്നു.
പൊളിറ്റിക്കല്‍ സയന്‍സില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ശ്രീക്കുട്ടൻ കാഴ്ച പരിമിതിയുള്ള വിദ്യാര്‍ഥിയാണ്. ഇടതുപക്ഷ സംഘടന അധ്യാപകര്‍ ഇടപെട്ട് റീകൗണ്ടിംഗ് അസാധുവാക്കിയെന്ന് കെഎസ്‌യു ആരോപിച്ചു. റീകൗണ്ടിങ്ങിനെതിരെ കോടതിയെ സമീപിക്കുമെന്നും കെഎസ്‌യു വ്യക്തമാക്കി.
കാലിക്കറ്റ് സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ കാലങ്ങളായി ജയിച്ചിരുന്ന പല കോളേജുകളും കെഎസ്‌യു പിടിച്ചെടുത്തു. എന്നാൽ കൂടുതൽ കോളജുകളിൽ ഭരണം നേടിയെന്ന് എസ്എഫ്ഐ അവകാശപ്പെടുന്നു. പാലക്കാട് വിക്ടോറിയ കോളേജിൽ 23 വർഷത്തിനു ശേഷവും പട്ടാമ്പി ഗവൺമെന്റ് കോളേജിൽ 42 വർഷത്തിനു ശേഷവും കോഴിക്കോട് ഗൂരുവായൂരപ്പൻ കോളജിൽ 28 വര്‍ഷത്തിന് ശേഷവും കെഎസ് യു ജയിച്ചു.
മഞ്ചേരി എൻഎസ്എസ് കോളജും നീണ്ട കാലയളവിന് ശേഷം കെഎസ്‌യുവിന് കിട്ടി. പാലക്കാട്ട് കോളേജുകളിൽ കെഎസ്‌യു മുന്നേറ്റം അവകാശപ്പെട്ടു. മലപ്പുറത്ത് എംഎസ്എഫ് മുന്നേറ്റം അവകാശപ്പെട്ടപ്പോള്‍ കോഴിക്കോട്ട് 42 കോളജുകളിലും തൃശ്ശൂരിൽ 14 കോളജുകളിലും വിജയിച്ചതായി എസ്എഫ്ഐ അറിയിച്ചു.