തിരുവനന്തപുരം: ‘ബ്രോ ഡാഡി’ സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടര്‍ക്കെതിരെ പീഡന പരാതിയുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ്. അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദിനെതിരെയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതി. sexual assault complaint against bro daddy assistant director
റോള്‍ വാഗ്ദാനം ചെയ്ത് തന്നെ ഹൈദരാബാദില്‍ വച്ച് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പരാതിപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ഹൈദരാബാദ് പൊലീസ് കേസെടുത്തിരുന്നു.
2021 ഓഗസ്റ്റ് 8ന് ഹൈദരാബാദില്‍ സിനിമയുടെ ഷൂട്ടിങ്ങിനിടെ ആണ് സംഭവം. വിവാഹ സീന്‍ ഷൂട്ട് ചെയ്യുന്നതിന് അവിടത്തെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ടാണ് അഭിനയിക്കാന്‍ ആളെ തേടിയത്. അസോസിയേഷന്റെ നിര്‍ദേശ പ്രകാരം ജൂനിയര്‍ ആര്‍ട്ടിസ്റ്റ് അഭിനയിക്കാനെത്തിയത്. വീണ്ടും സീനില്‍ അവസരം തരാമെന്നു പറഞ്ഞ് അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് വരാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ചു സ്വന്തം നിലയില്‍, ഷൂട്ടിങ് സംഘം താമസിക്കുന്നിടത്തു തന്നെ മുറിയെടുത്തു.
മന്‍സൂര്‍ റഷീദ് മുറിയിലെത്തി കുടിക്കാന്‍ കോള കൊടുത്തുവെന്നും ഇതിനു ശേഷം തനിക്കു ബോധം നഷ്ടപ്പെട്ടുവെന്നും പിന്നീട് ബോധം വന്നപ്പോള്‍ താന്‍ പീഡിപ്പിക്കപ്പെട്ടുവെന്നു ബോധ്യമായി എന്നുമായിരുന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ പറയുന്നത്. സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവരമറിയിച്ചു വീട്ടിലേക്കു പോയി.
പിന്നീടു രാവിലെ തന്റെ നഗ്‌നചിത്രം ഈ അസിസ്റ്റന്റ് ഡയറക്ടര്‍ അയച്ചു തന്ന് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഹൈദരാബാദിലെ ഗച്ചിബൗളി സ്റ്റേഷനില്‍ ബലാത്സംഗത്തിന് കേസെടുത്തു. പിന്നീടും ഈ ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി പലപ്പോഴായി പണം വാങ്ങിയെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ പരാതിയില്‍ പറയുന്നു.
അറസ്റ്റ് ചെയ്യാന്‍ പൊലീസ് കൊല്ലം കടയ്ക്കലിലെ പ്രതിയുടെ വീട്ടിലെത്തിയെങ്കിലും ഒളിവില്‍ പോയെന്നും രാഷ്ട്രീയ സഹായം പ്രതിക്ക് കിട്ടിയെന്നും പരാതിക്കാരി പറയുന്നു.