തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയെത്തുടര്‍ന്ന് സിപിഎം അണികള്‍ ബിജെപിയിലേക്ക് ചേക്കേറുന്നത് പതിവാക്കിയിരിക്കുകയാണ്. ആലപ്പുഴയിൽ കഴിഞ്ഞ ദിവസം സിപിഎം നേതാവ് ബിജെപിയിൽ ചേർന്നിരുന്നു.Sectarianism within the party brings CPM workers to BJP
സിപിഎം ആലപ്പുഴ എരിയ കമ്മറ്റി അംഗം അഡ്വ. ബിപിൻ സി ബാബുവാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. ആലപ്പുഴയിലെ പ്രമുഖനായ നേതാക്കളിലൊരാളാണ് ബിപിൻ. ജില്ലയിൽ സിപിഎമ്മിലെ വിഭാഗീയത രൂക്ഷമാകുന്നതിനിടെയാണ് ബിപിൻ പാർട്ടി വിട്ടത്. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ നേതൃത്വത്തിലാണ് ബിപിനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. ആലപ്പുഴയിൽ കൂടുതൽ സിപിഎം നേതാക്കൾ ബിജെപിയിൽ ചേരുമെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു.
പിന്നാലെ മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ സിപിഐഎം നിന്നും പുറത്താക്കിയതോടെ ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ് അദ്ദേഹം. സിപിഎം ജില്ലാ സെക്രട്ടറി വി ജോയിക്കെതിരെ ആരോപണമുന്നയിച്ചാണ് മധു പാർട്ടി വിടുന്നത്. 42 വര്‍ഷം സിപിഎം പ്രവര്‍ത്തകനായിരുന്നു മധു മുല്ലശ്ശേരി.
പാര്‍ട്ടി തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. പൊതുജന മധ്യത്തില്‍ അവഹേളിച്ചെന്നും ജില്ലാ സെക്രട്ടറി വി ജോയിയുടെ വാര്‍ത്താകുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ജില്ലാ സെക്രട്ടറിയേറ്റ് ഇന്നലെ നല്‍കിയ ശിപാര്‍ശ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. മധു മുല്ലശ്ശേരി ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് സിപിഎം തീരുമാനം.
കഴിഞ്ഞ ദിവസം ഏരിയാ സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച മധുവിനെതിരെ ജില്ലാ സെക്രട്ടറി വി. ജോയി രംഗത്തുവന്നിരുന്നു. ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സി.പി.എം വിടുകയാണെന്ന് മധു പ്രഖ്യാപിച്ചത്.
സാമ്പത്തിക ആരോപണങ്ങളും ക്രമവിരുദ്ധ ഇടപെടലുകളും മധുവിനെതിരെ ഉയര്‍ന്നിരുന്നു. മധു എട്ടുവര്‍ഷം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ആറ് വര്‍ഷം ഏരിയ സെക്രട്ടറിയുമായും സേവനമനുഷ്ടിച്ചിരുന്നു. ഏരിയ സമ്മേളനത്തില്‍ തനിക്കെതിരെ വിമര്‍ശനം പോലും ഉയര്‍ന്നിരുന്നില്ലെന്നും പാര്‍ട്ടി നല്‍കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും അച്ചടക്കത്തോടെ കൃത്യമായി നടത്തിയിട്ടുണ്ടെന്നും മധു പറഞ്ഞു.
കഴക്കൂട്ടം ഏരിയാ കമ്മിറ്റി രണ്ടായതിനു ശേഷം മംഗലപുരത്ത് രണ്ട് തവണയും മധു മുല്ലശ്ശേരിയാണ് സെക്രട്ടറിയായത്. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സമീപിക്കാന്‍ സാധിക്കാത്ത ആളായി ഏരിയാ സെക്രട്ടറി മാറിയെന്ന ആരോപണമാണ് മധുവിനെതിരെ ഉയര്‍ന്നത്.
വിഭാഗീയ പ്രവര്‍ത്തനങ്ങളാണ് വി. ജോയി നടത്തിവരുന്നതെന്നാണ് മധുവിന്റെ ആരോപണം. പുതിയ ഏരിയാ കമ്മിറ്റി ചേര്‍ന്നപ്പോള്‍ മധുവിനു പകരം എം ജലീലിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പിന്നാലെയാണ് അപ്രതീക്ഷിത നീക്കത്തില്‍ പ്രതിഷേധിച്ച് മധു ഇറങ്ങിപ്പോയത്.
മധുവിനെ സഹായിക്കുന്ന ആളുകളെ കണ്ടെത്താന്‍ സിപിഎം നീക്കം നടത്തുന്നുണ്ട്. തിരുവനന്തപുരത്ത് പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമാണെന്നും, ഈ സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പ്രത്യേകമായി തന്നെ സിപിഎം സംസ്ഥാന നേതൃത്വം പരിശോധിക്കും. മംഗലപുരത്തെ് പ്രശ്‌നങ്ങള്‍ തിരുവനന്തപുരം ജില്ല കമ്മിറ്റി പിടിക്കാനുള്ള ചിലരുടെ തന്ത്രങ്ങളാണെന്ന് സംശയമുണ്ട്.
ആറ്റിങ്ങല്‍ ലോക്‌സഭയില്‍ ജോയിയുടെ നാമമാത്ര വോട്ടിന്റെ തോല്‍വിക്ക് പിന്നിലും ഈ ശക്തികളാണെന്നാണ് നിരീക്ഷണം. അതുകൊണ്ട് തന്നെ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ നിരീക്ഷണം നടത്താനാണ് തീരുമാനം. മധുവിന് പിന്നില്‍ ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ കണ്ടെത്താനാണ് പാര്‍ട്ടി തീരുമാനം.
അതേസമയം സി.പി.എം വിട്ട മുന്‍ മംഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയും മുരളീധരനും വി.വി. രാജേഷും വീട്ടില്‍ സന്ദര്‍ശിച്ചു. ഇവരെ ഇളനീര്‍ നല്‍കി സ്വീകരിച്ചു. മധു മുല്ലശ്ശേരി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനില്‍ നിന്ന് നാളെ അംഗത്വം ഏറ്റുവാങ്ങും. മധുവിന്റെ മകള്‍ മാതുവും ബി.ജെ.പിയില്‍ ചേര്‍ന്നു.
ബി.ജെ.പിയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കാനാണ് സുരേഷ് ഗോപിയും സംഘവും വീട്ടിലെത്തിയത്. ഇത് മധു അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. മുല്ലശ്ശേരിയുടെ മകനും ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയും പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗവുമായ മിഥുനും ബിജെപിയില്‍ ചേരുന്നുണ്ട്.
വര്‍ഷങ്ങളായി സിപിഎമ്മില്‍ പ്രവര്‍ത്തിച്ചയാള്‍ പാര്‍ട്ടിയുടെ ഭാഗമായത് വലിയ പ്രചരണ വിഷയമാക്കാനാണ് ബിജെപിയുടെ നീക്കം. അതേസമയം മധുവിനെതിരെ പാര്‍ട്ടിക്ക് ലഭിച്ച സാമ്പത്തിക ആരോപണ പരാതികള്‍ പരസ്യമാക്കാന്‍ സിപിഎമ്മും ആലോചിക്കുന്നുണ്ട്.
അതിനിടെ, മധു കുറച്ച് കാലമായി ബി.ജെ.പിയുമായി നല്ല അടുപ്പത്തിലായിരുന്നുവെന്ന് സി.പി.എം തിരുവനന്തപുരം ജില്ല സെക്രട്ടറി വി. ജോയി ആരോപിച്ചു. ഏരിയ സെക്രട്ടറിയായിരിക്കെ തന്നെ മധു ബി.ജെ.പിയില്‍ കാലെടുത്തുവെച്ചിരുന്നുവെന്നും ഇതേക്കുറിച്ച് പാര്‍ട്ടിക്ക് ബോധ്യമുണ്ടായിരുന്നുവെന്നും ജോയി പറഞ്ഞു.
ഏരിയ സെക്രട്ടറിയായിരിക്കെ തന്നെ ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയിരുന്നു. അത് ശരിയാണെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടിരിക്കുന്നു. പൊതുമധ്യത്തില്‍ പാര്‍ട്ടിയെ അവഹേളിച്ചതിനും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനും മധുവിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായും അദ്ദേഹം അറിയിച്ചു.
ആലപ്പുഴ എരിയ കമ്മറ്റി അംഗം അഡ്വ. ബിപിൻ സി ബാബുവാണ് പാർട്ടി വിട്ടതിന് പിന്നാലെ സിപിഎമ്മിനെ വർഗ്ഗീയ വാദികൾ ഹൈജാക്ക് ചെയ്തിരിക്കുകയാണ് എന്ന് ആരോപിച്ചിരുന്നു. വർഗീയ ശക്തികളാണ് ഇന്ന് പാർട്ടിയെ നിയന്ത്രിക്കുന്നത്. പാർട്ടിയിൽ ജി. സുധാകരന്റെ അവസ്ഥ പോലും ദയനീയമാണ്. സംസ്ഥാന സമ്മേളനം കഴിയുന്നതോടെ ആയിരക്കണക്കിന് പ്രവർത്തകർ പാർട്ടി വിട്ട് ബിജെപിയിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.