പാലക്കാട്: ഉപതിരഞ്ഞെടുപ്പ് തിരക്കുകൾക്കിടയിലേക്ക് പാർട്ടി കടക്കുന്നതിനിടെ പാലക്കാട് ജില്ലയിലെ സിപിഐഎമ്മിൽ വീണ്ടും വിഭാഗീയത രൂക്ഷം. ഔദ്യോഗിക നേതൃത്വത്തിനെതിരെ കൊഴിഞ്ഞാമ്പാറയിൽ വിമതവിഭാഗം പ്രത്യേക പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു.Sectarianism in Palakkad CPIM
പാർട്ടിയെ പ്രതിസന്ധിയിലാക്കിയ അബ്ദുൽ ഷുക്കൂറിന്റെ പിണക്കം ചർച്ചചെയ്ത് പരിഹരിച്ച് ചൂടാറും മുമ്പേയാണ് വീണ്ടും പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. കോൺഗ്രസിൽ നിന്നും വന്ന ഒരു വ്യക്തിയെ ലോക്കൽ സെക്രട്ടറി ആക്കിയതാണ് വിഭാഗീയതയ്ക്ക് കാരണം. കൊഴിഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഏരിയ കമ്മിറ്റിയംഗത്തിൻ്റെയും നേതൃത്വത്തിലാണ് കൺവൻഷൻ വിളിച്ചു ചേർത്തത്.
കൺവെൻഷനിൽ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷവിമർശനമാണ് പ്രവർത്തകർ ഉന്നയിച്ചത്. ജില്ലാ സെക്രട്ടറി അഹങ്കാരവും ധിക്കാരവും കാണിക്കുന്നുവെന്നും യഥാർത്ഥ പ്രവർത്തകരെ അടിമകളെപ്പോലെ കാണുന്നുവെന്നും പ്രവർത്തകർ ആഞ്ഞടിച്ചു.
‘കോൺഗ്രസിന്റെ കോട്ടയായ കൊഴിഞ്ഞാമ്പാറയിൽ തുടർച്ചയായ രണ്ട് തവണയാണ് സിപിഐഎം ഭരിച്ചത്. എന്നിട്ടും എങ്ങനെയാണ് വിഭാഗീയത ഉണ്ടായതെന്ന് നിങ്ങൾ അന്വേഷിച്ചോളൂ. ജില്ലാ സെക്രട്ടറിയുടെ അഹങ്കാരവും ധാർഷ്ട്യവും അടിച്ചേൽപ്പിക്കുന്ന പ്രവണതയുമെല്ലാമാണ് ഈ സ്ഥിതിയിലേക്ക് കാര്യങ്ങളെ എത്തിച്ചത്.’; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡനറ് എം സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.