പത്തനംതിട്ട കലഞ്ഞൂര്‍ മുറിഞ്ഞകല്ലിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൻ്റെ ഞെട്ടലിലാണ് നാട്ടുകാർ. വിവാഹം കഴിഞ്ഞ് 15 ആം നാളാണ് അനുവിനും നിഖിലിനും ജീവൻ നഷ്ടമാകുന്നത്. വീട് എത്തുന്നതിന് ഏഴ് കിലോമീറ്റർ അകലയാണ് അപകടം നടന്നത്.
ശബരിമല തീര്‍ത്ഥാടകരുടെ ബസ്സിലേക്ക് കാര്‍ ഇടിച്ചുകയറിയാണ് നവദമ്പതികളും അവരുടെ അച്ഛന്മാരും മരണപ്പെട്ടത്. കുമ്പഴ മല്ലശ്ശേരി സ്വദേശികളായ നിഖില്‍ മത്തായി, അനു നിഖില്‍, നിഖിലിന്‍റെ പിതാവ് മത്തായി ഈപ്പന്‍, അനുവിൻ്റെ പിതാവ് ബിജു പി ജോര്‍ജ് എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നാലിനായിരുന്നു അപകടം. ഇപ്പോഴിതാ അനുവിന്റെയും നിഖിലിന്റെയും വേർപാടിൽ നടിയും നർത്തകിയുമായ സയന പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
സയനയുടെ വാക്കുകൾ
ചേച്ചീ മുത്തേന്നുള്ള വിളി ഇനി കേൾക്കാനാകില്ലല്ലോ മോളേ. .ഇന്ന് നിനക്കുള്ള പിറന്നാൾ ആശംസകൾ ഞങ്ങൾ എങ്ങനെ നൽകണം എട്ട് വർഷം കാത്തിരുന്ന് സ്വന്തമാക്കിയ പ്രണയവുമായി നീ യാത്രയായപ്പോൾ ഞങ്ങൾക്ക് നഷ്ടമായത് കളങ്കമില്ലാത്ത നിന്റെ സൗഹൃദമാണ് അനുകുട്ടാ . വളരെ കുറച്ച് ദിവസങ്ങൾക്കൊണ്ട് നീ ഞങ്ങൾക്ക് സമ്മാനിച്ചത് എന്നും ഓർമ്മിപ്പിക്കപ്പെടുന്ന സുന്ദരമായ നിമിഷങ്ങളാണ് . ..ശപിക്കപ്പെട്ട ഈ പകൽ സമ്മാനിച്ചത് തീരാ ദുഃഖവും നിന്റെ കരുതലും, സ്നേഹവും എന്നും എന്റെ ഹൃദയത്തിൽ ജീവിക്കും നീ തന്നുപോയ സ്നേഹത്തിന് നന്ദി ആത്മാവിന് നിത്യശാന്തി നേരുന്നു.- സയന കുറിച്ചു.
നവംബർ 30നായിരുന്നു നിഖിലിൻ്റേയും അനുവിൻ്റേയും വിവാഹം. എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവര്‍ വിവാഹിതരായത്. വിവാഹ ശേഷം മലേഷ്യയില്‍ ഹണിമൂണ്‍ ആസ്വദിക്കാന്‍ പോയ ഇരുവരെയും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. നവംബര്‍ 30-ന് പൂങ്കാവ് സെന്റ് മേരീസ് മലങ്കര പള്ളിയില്‍വെച്ചായിരുന്നു ഇരുവരുടേയും വിവാഹം.