പാലക്കാട്: കൂലി ചോദിച്ചപ്പോള്‍ പി. സരിന്റെ സഹായി മോഷണക്കുറ്റം ആരോപിച്ചുവെന്ന ആരോപണവുമായി ഹെയര്‍ സ്റ്റൈലിസ്റ്റ് ബാവ പട്ടാമ്പി. താൻ സരിന്റെ വീട്ടില്‍ നിന്ന് 35000 രൂപ മോഷ്ടിച്ചതായാണ് ആരോപിച്ചതെന്ന് ബാവ പറയുന്നു. സരിന്റെ കൂടെയുള്ള ബോസ് എന്നയാളാണ് മോഷണം ആരോപിച്ചതെന്നും ബാവ പറഞ്ഞു.
പത്തിരുപത് വര്‍ഷമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് താനെന്നും സ്ഥാനാര്‍ഥി ആവുന്നതിന് മുമ്പ് നടന്ന ഫോട്ടോഷൂട്ട് മുതല്‍ വോട്ടെണ്ണുന്നതിന് തലേദിവസം വരെ സരിനെ ഒരുക്കിയത് താനാണെന്നും ബാവ പറഞ്ഞു.
അതേസമയം തന്റെ ഒപ്പമുള്ളയാള്‍ മേക്കോവര്‍ ആര്‍ട്ടിസ്റ്റിനോട് മോശമായി പെരുമാറിയ സംഭവം അറിഞ്ഞിരുന്നുവെന്നും അതില്‍ ക്ഷമചോദിക്കുന്നുവെന്നും സരിന്‍ വ്യക്തമാക്കി. ആ സംഭവം നേരത്തെ അറിഞ്ഞിരുന്നില്ലെന്നും സരിന്‍ വ്യക്തമാക്കി.
പണം നഷ്ടമായത് എങ്ങനെയെന്ന് ഉറപ്പില്ല. ആരെങ്കിലും എടുത്തുവെന്ന് പറയാനാവില്ല. അവിടെ തന്നെയാണോ വെച്ചതെന്ന് പ്രവര്‍ത്തകരോട് അന്വേഷിച്ചിരുന്നു. എന്നാല്‍ അത് അദ്ദേഹത്തിന്റെ പേരില്‍ പറഞ്ഞത് തികച്ചും നിരുത്തരവാദപരമായിപ്പോയി. നാല് വര്‍ഷമായി ബാവയെ അറിയാമെന്നും സരിൻ പറഞ്ഞു. ഇന്നലെ രാത്രി തന്നെ വിളിച്ചുവെങ്കിലും എടുക്കാന്‍ പറ്റിയില്ല. രാവിലെ വിളിക്കുമ്പോഴേക്കും അദ്ദേഹം മാധ്യമങ്ങളെ കണ്ടിരുന്നുവെന്നും സരിന്‍ വ്യക്തമാക്കി.