കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ (കുസാറ്റ്) ടെക്‌ഫെസ്റ്റില്‍ ഗാനമേള തുടങ്ങാനിരിക്കേയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലുപേരുടെയും പോസ്റ്റുമോര്‍ട്ടം കഴിഞ്ഞു. sarah thomas life
വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കുസാറ്റില്‍ പൊതുദര്‍ശനത്തിന് എത്തിച്ചു. സഹപാഠികളും അദ്ധ്യാപകരും ഉള്‍പ്പെടെ നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ എത്തുന്നത്. നൊമ്ബരം സഹിക്കാനാവാതെ പലരും വാവിട്ട് നിലവിളിക്കുന്നുണ്ടായിരുന്നു.
ഓര്‍ക്കാപ്പുറത്തുണ്ടായ അപകടത്തിന്റെ ഞെട്ടലില്‍ ആണ് വിദ്യാര്‍ത്ഥികളും അവരുടെ വീട്ടുകാരും. അപകടത്തില്‍ മരിച്ച പലരുടെയും വീടുകളില്‍ സംഭവം അറിയുന്നത് ടിവിയിലൂടെയാണ്. വാര്‍ത്ത ടിവിയില്‍ കണ്ടപ്പോള്‍ സാറാ തോമസിനെ വിളിച്ചുനോക്കിയെന്നും കിട്ടിയില്ലെന്നും ബന്ധുവായ അമ്മുക്കുട്ടി പറഞ്ഞു. പിന്നെയാണ് പോയത് സാറയാണെന്ന് അറിഞ്ഞതെന്ന് കണ്ണീരോടെ അവര്‍ പറഞ്ഞു. താമരശ്ശേരിയിലെ നാട്ടുകാരെ സംബന്ധിച്ചും സാറയുടെ മരണം വലിയൊരു നടുക്കമാണുണ്ടാക്കിയത്.
വൈകുന്നേരം ഒൻപതുമണിയോടെയാണ് സാറ മരണപ്പെട്ടെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. സാറയുടെ ബന്ധുക്കളും ക്യാംപസിൽ പഠിക്കുന്നുണ്ട്. ഇവർ വഴിയാണ് ബന്ധുക്കൾ മരണവിവരം അറിഞ്ഞത്.
വൈകുന്നേരം ഏഴുമണിയോടെ ചാനലിലൂടെയാണ് അപകടവാർത്ത അറിഞ്ഞതെന്ന് സാറയുടെ ബന്ധു അമ്മുക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. മകൾ ടെസി കുസാറ്റിൽ പിഎച്ച്ഡിക്ക് പഠിക്കുകയാണ്. മക്കളെ വിളിച്ച് വിവരം അന്വേഷിക്കാൻ ഭർത്താവ് പറഞ്ഞിരുന്നു. ടെസിക്ക് ആറുമണി മുതൽ ക്ലാസുള്ളതിനാൽ കുറച്ചുനേരം കഴിയട്ടെ എന്ന് താൻ പറഞ്ഞു. മകനെ വിളിച്ചപ്പോഴാണ് ടെസി വിളിച്ചതായും സംഭവത്തെക്കുറിച്ചും പറഞ്ഞത്. സാറായെ വിളിച്ചിട്ട് ഫോണെടുക്കുന്നില്ലെന്നും മമ്മി ടെൻഷനടിക്കേണ്ടെന്നും അന്വേഷിച്ചിട്ട് വിളിക്കാമെന്നും മകൻ പറഞ്ഞുവെന്നും അമ്മുക്കുട്ടി വ്യക്തമാക്കി.
കുറേ നേരം കഴിഞ്ഞിട്ടും വിളിവന്നില്ല. ഒൻപതുമണിയോടെ വിളിച്ചപ്പോൾ, നമ്മുടെ സാറായാ അമ്മാമ്മേ പോയത് എന്ന് മോൾ തന്നോട് പറഞ്ഞു. ഇത്രേം വിവരമാണ് അന്നേരം പറഞ്ഞത്. പിന്നീട് ബന്ധപ്പെട്ടപ്പോൾ, മൃതദേഹം ആദ്യം തിരിച്ചറിയാനായിരുന്നില്ലെന്നു പറഞ്ഞു. കൂടെ പഠിക്കുന്നവരാണ് സാറായെ തിരിച്ചറിഞ്ഞത്. അതുപോലെ വികൃതമായെന്നാണ് കരുതുന്നതെന്നും അമ്മുക്കുട്ടി കണ്ണീരോടെ കൂട്ടിച്ചേർത്തു.
അപകടവിവരം അറിഞ്ഞയുടനെ സാറയുടെ പിതാവ് തോമസ് സ്‌കറിയയും മാതാവ് റാണി സെബാസ്റ്റിയനും സഹോദരി സാനിയയും കളമശ്ശേരിയിലേക്ക് തിരിച്ചിരുന്നു. പുലര്‍ച്ചയോടെ ഇവര്‍ കളമശ്ശേരിയില്‍ എത്തി. ദമ്ബതിമാരുടെ മൂന്ന് മക്കളില്‍ രണ്ടാമത്തെ ആളാണ് സാറ തോമസ്. സൂസന്‍, സാനിയ എന്നിവര്‍ സഹോദരങ്ങളാണ്.
പഠനത്തില്‍ മിടുക്കിയായ സാറ ചിത്രരചനയിലും കഴിവുതെളിയിച്ചിരുന്നു. മറ്റുകാര്യങ്ങളിലും സാറ സജീവമായിരുന്നുവെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. ടെക് ഫെസ്റ്റുമായി ബന്ധപ്പെട്ട് സാറയും പരിപാടികള്‍ അവതരിപ്പിച്ചിരുന്നു. ഒരുവര്‍ഷം മുമ്ബ് അണലിയുടെ കടിയേറ്റ പിതാവ് തോമസ് ഏറെനാളുകളായി ചികിത്സയിലായിരുന്നു. ഡയാലിസിസ് അടക്കം നടത്തി ആരോഗ്യം വീണ്ടെടുത്തുവരുന്നതിനിടെയാണ് മകളുടെ ദാരുണാന്ത്യം.