Thursday, May 1, 2025
spot_imgspot_img
HomeNewsവിചിത്രമായ പാലക്കാടന്‍ കാഴ്ച്ചകള്‍;പരസ്പരം വിഷം ചീറ്റിയവര്‍ ഒരു പാത്രത്തില്‍ ഉണ്ണുന്നു,സരിന് പിന്നാലെ സന്ദീപിനെയും പ്രതീക്ഷിച്ച...

വിചിത്രമായ പാലക്കാടന്‍ കാഴ്ച്ചകള്‍;പരസ്പരം വിഷം ചീറ്റിയവര്‍ ഒരു പാത്രത്തില്‍ ഉണ്ണുന്നു,സരിന് പിന്നാലെ സന്ദീപിനെയും പ്രതീക്ഷിച്ച സിപിഎമ്മിന് അമളി, കോണ്‍ഗ്രസ്സിന് സാധ്യത ഏറി

പാലക്കാട്: കോണ്‍ഗ്രസിനും ബിജെപിക്കും സിപിഎമ്മിനും പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് ഏറെ നിര്‍ണ്ണായകമായിരിക്കെയാണ് ഇവിടെ ട്വിസ്റ്റുകളുടെ അരങ്ങേറ്റം തുടരുന്നത്. പരസ്പരം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നവര്‍ തോളില്‍ കയ്യിട്ട് ആഹ്ലാദിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ പാലക്കാട് വാര്‍ത്തകളില്‍ നിറയുന്നത്.Sandeep Warrier’s entry into Congress

പി സരിന്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ എത്തി സ്ഥാനാര്‍ഥിയായതോടെ പാലക്കാട് വാര്‍ത്തകളില്‍ നിറഞ്ഞു. കോണ്‍ഗ്രസ്-സിപിഎം പോരുകള്‍ പലതും പാലക്കാട്‌ ശ്രദ്ദേയമായി നില്‍ക്കാന്‍ കാരണമായത്തിനു പിന്നാലെയാണ് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശം.

ബിജെപിയുടെ പ്രധാന മുഖമായിരുന്ന സന്ദീപ് വാര്യര്‍ക്ക് ഉണ്ടായ അവഗണനയാണ് അദ്ദേഹം ബിജെപിയുമായി ഇടയാന്‍ കാരണം. ബിജെപി സ്ഥാനാര്‍ത്ഥിയായ കൃഷ്ണകുമാറിന്റെ പ്രചരണത്തിന് എത്തിയ സന്ദീപിന് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയില്‍ ഇടം നല്‍കിയില്ല. ഇതോടെ സന്ദീപ്‌ ബിജെപിയുമായി ഇടഞ്ഞു.

തന്നെ അപമാനിച്ച പി രഘുനാഥിനെ പാലക്കാട്ടെ തിരഞ്ഞെടുപ്പ് ചുമതലയില്‍ നിന്നും മാറ്റണമെന്ന് മാത്രമായിരുന്നു സന്ദീപിന്റെ ആവശ്യം. അതുപോലും അംഗീകരിക്കപ്പെട്ടില്ല. കൃഷ്ണകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ തുടങ്ങിയ തര്‍ക്കം പൊട്ടിത്തെറിയാക്കി മാറ്റിയത് രഘുനാഥാണ്. രഘുനാഥിനെ ചേര്‍ത്ത് പിടിച്ച ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സന്ദീപിനെ തള്ളിക്കളഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സന്ദീപിനെ ബിജെപിയില്‍ നിന്നും പുറത്താക്കാന്‍ കരുക്കള്‍ നീക്കി.

ഇതിനിടെ സന്ദീപ് സിപിഎമ്മിലേക്ക് പോകുമെന്നും പ്രചരണമുണ്ടായി. എകെ ബാലന്‍ സന്ദീപിനെ പുകഴ്ത്തി സംസാരിച്ചതും ചര്‍ച്ചയായി. സന്ദീപിന്റെ കോണ്ഗ്രസ് പ്രവേശനം പാലക്കാട് തെരഞ്ഞെടുപ്പിനെ സ്വദീനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പാലക്കാട് ആര്‍ എസ് എസിനുള്ളില്‍ വലിയ പിന്തുണ സന്ദീപിനുണ്ടെന്നാണ് വിലയിരുത്തല്‍. രാഹുല്‍ മാങ്കൂട്ടത്തിലിന് വേണ്ടി സന്ദീപ് വോട്ട് പിടിച്ചാല്‍ പാലക്കാട്ട് കൊണ്ഗ്രസ്സിനു വലിയ സ്വാധീനം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ.

ട്രോളി ബാഗ് വിവാദവും കള്ളപ്പണ കേസും സിപിഎമ്മിന് തന്നെ വലിയ തിരിച്ചടിയായി. ഇതിനിടെയാണ് സന്ദീപിനേയും കോണ്‍ഗ്രസ് കൊണ്ടു പോകുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി സന്ദീപ് വാര്യര്‍ മത്സരിക്കുമെന്നും വ്യക്തമായിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നേരിട്ടാണ് സന്ദീപുമായി സംസാരിച്ചത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും സതീശനും നിര്‍ണ്ണായക നീക്കം നടത്തി. ഷാഫി പറമ്ബിലും വികെ ശ്രീകണ്ഠനും സന്ദീപുമായി സംസാരിച്ചു. മാന്യമായ സ്ഥാനം ഉറപ്പു നല്‍കി.

എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും അനുകൂലമായി. മുസ്ലീം ലീഗിനും സന്ദീപിനെ യുഡിഎഫിലേക്ക് കൊണ്ടു വരുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നില്ല. 

കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ചേര്‍ന്ന് സന്ദീപിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തത്. വന്‍ സ്വീകരണമാണ് പാലക്കാട്ട് സന്ദീപിന് കോണ്‍ഗ്രസ് നേതാക്കളൊരുക്കിയത്. 

ചാനല്‍ ചര്‍ച്ചകളില്‍ കൊമ്പുകോര്‍ക്കാറുള്ള ജ്യോതികുമാര്‍ ചാമക്കാലയും സന്ദീപ് വാര്യറും കൈകോര്‍ത്ത് നില്‍ക്കുന്നതായിരുന്നു കോണ്‍ഗ്രസ് ക്യാമ്പിലെ പ്രധാന കാഴ്ച. സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് വന്നപ്പോള്‍ ഒരു എതിരാളി നഷടപ്പെട്ടല്ലോ എന്ന സങ്കടമുണ്ടെന്നാണ് ജ്യോതികുമാര്‍ ചാമക്കാലയുടെ പ്രതികരണം. തന്റെ കുടുംബത്തിലേക്ക് വന്നതില്‍ സന്തോഷമുണ്ടെന്നും ഇരുകയ്യും നീട്ടി സ്വീകരിക്കുന്നുവെന്നും ജ്യോതികുമാര്‍ പറയുന്നുണ്ട്. ഇനി പോരാട്ടം ഒരുമിച്ചാകാമെന്നാണ് സന്ദീപ് വാര്യറുടെ പ്രതികരണം.

സിപിഐഎം ഏറെ മോഹിച്ച ഒരാളെ, സിപിഐഎം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ വന്നോളൂ വന്നോളൂ എന്ന് പറഞ്ഞ് കാത്തുവെച്ച ആളെ ‘കാത്തുസൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തിപോയി’ എന്ന് പറഞ്ഞത് പോലെ കോണ്‍ഗ്രസ് കൊണ്ടുവന്നിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സ്ന്ദീപിനെതിരെ ബിജെപിയുടെയും സിപിഎമ്മിന്റെയും ഭാഗത്ത് നിന്നും കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. സോഷ്യല്‍ മീഡിയയിലും അദ്ദേഹത്തിനെതിരെ പൊങ്കാലയാണ്.

സന്ദീപ് വാര്യര്‍ കൊണ്ഗ്രസ്സിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തിയ ബിജെപി നേതാവെന്നാണ് ഏവരും കാരണമായി ചൂണ്ടിക്കാട്ടുന്നത്. സന്ദീപ് വാര്യർ ബി.ജെ.പി വിട്ട് പാർട്ടിയിലേക്ക് വന്നാല്‍ സ്വീകരിക്കുമെന്നായിരുന്നു എം.ബി. രാജേഷും മുതിർന്ന സി.പി.എം നേതാവ് എം.കെ. ബാലനുമടക്കം നേരത്തേ വ്യക്തമാക്കിയിരുന്നു. സന്ദീപ് വാര്യരെ സിപിഎമ്മില്‍ എത്തിക്കണമെന്ന് നേതാക്കള്‍ ഏറെ ആഗ്രഹിച്ചിരുന്നു.

എന്നാല്‍ വർഗീയതയുടെ കാളിയനായ സന്ദീപ് വാര്യരെ കൊണ്ടുനടക്കാൻ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുള്ളൂവെന്നായിരുന്നു ഇതിനു ശേഷം മന്ത്രി എം.ബി.രാജേഷ്ന്‍ പ്രതികരിച്ചത്. സന്ദീപ് വാര്യരെ സി.പി.എമ്മില്‍ എടുക്കുന്നതിനെ കുറിച്ച്‌ ആലോചിച്ചിട്ടേ ഇല്ല. വർഗീയതയുടെ കാര്യത്തില്‍ പാർട്ടി വിട്ടുവീഴ്ച ചെയ്യില്ലെന്നും എം.ബി. രാജേഷ് പറഞ്ഞു.

കോണ്‍ഗ്രസിനകത്ത് സംഘര്‍ഷമുണ്ടാക്കുന്ന സ്‌ഫോടക വസ്തുവായിരിക്കും സന്ദീപ് വാര്യരെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറയുന്നു. കോണ്‍ഗ്രസിനകത്ത് ഓരോ തുരുത്തുകളായി സംഘര്‍ഷങ്ങള്‍ രൂപപ്പെട്ടുവരികയാണ്. സന്ദീപ് വാര്യര്‍ വരുന്നതോടെ ആ സംഘര്‍ഷം മറ്റൊരു തലത്തിലേയ്ക്ക് മാറും. സന്ദീപിന്റെ കോണ്‍ഗ്രസ് പ്രവേശനത്തെ ന്യായീകരിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കം പാടുപെടുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ബിജെപി നേതാവ് സന്ദീപ് വാര്യര്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ വിദ്വേഷ പരാമര്‍ശവുമായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. ‘ശിഖണ്ഡി’കള്‍ പലപ്പോഴുമുണ്ടാകുമെന്ന പരാമര്‍ശമാണ് സന്ദീപിനെതിരെ സുരേന്ദ്രന്‍ നടത്തിയത്. വോട്ടെണ്ണല്‍ ദിവസം സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ശക്തിയെന്താണെന്ന് അറിയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

‘ആകാശത്ത് പറന്നു നടക്കുന്ന അപ്പൂപ്പന്‍ താടികളിലല്ല, ഭൂമിയില്‍ കാലുറപ്പിച്ചിരിക്കുന്ന പതിനായിരക്കണക്കിന് സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ശക്തിയെന്താണെന്ന് 23ാം തീയതി വോട്ടെണ്ണുമ്പോള്‍ പറയാം. ശിഖണ്ഡികള്‍ പലപ്പോഴുമുണ്ടാകും. എസ്ഡിപിഐയെയും പിഎഫ്‌ഐയെയും കൂട്ടുപിടിച്ച് ശിഖണ്ഡികളെ മുന്നില്‍ നിര്‍ത്തി ഈ തിരഞ്ഞെടുപ്പ് ജയിക്കാമെന്നുള്ളത് വി ഡി സതീശന്റെ വ്യാമോഹം മാത്രമാണ്’, സുരേന്ദ്രന്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments