പാലക്കാട്: ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് നേതാക്കൾ ഉള്ള വേദിയിൽവെച്ച് കെ സുധാകരൻ സന്ദീപ് വാര്യരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.Sandeep Warrier joined Congress
വെറുപ്പു മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയില്‍ നിന്ന് മാറി സ്നേഹത്തിൻ്റെ കടയിൽ ഒരു മെമ്പർഷിപ്പ് എടുക്കുന്നുവെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. ഞാൻ കോൺഗ്രസ് ഷാൾ അണിഞ്ഞതിന് ഉത്തരവാദി കെ സുരേന്ദ്രനും സംഘവും, സി പി എം – ബിജെപി ഡീലിനെ എതിർത്തതാണ് ഞാൻ ചെയ്ത തെറ്റെന്നും അദ്ദേഹം ആരോപിച്ചു.
രണ്ടാഴ്ചയോളം നീണ്ടു നിന്ന ചര്‍ച്ചക്ക് ഒടുവിൽ ഇന്നലെ രാത്രി എഐസിസിയും സന്ദീപിന്റെ കോൺഗ്രസ് പ്രവേശനത്തിന് അനുമതി നൽകിയതോടെയാണ് നിര്‍ണായക പ്രഖ്യാപനത്തിലേക്ക് എത്തിയത്.
ഉപതെരഞ്ഞെടുപ്പിൻറെ നിർണ്ണായകഘട്ടത്തിൽ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച സന്ദീപ് വാര്യർ കടുത്ത പ്രതിസന്ധി ബിജെപിക്കുണ്ടാക്കിയാണ് പാര്‍ട്ടി വിടുന്നത്. പാലക്കാട് സീറ്റ് നിഷേധിച്ചതിനൊപ്പം പാര്‍ട്ടിയിൽ നിന്നും നേരിടുന്ന അവഗണനയാണ് സന്ദീപിനെ കൂടുതൽ ചൊടിപ്പിച്ചത്.
നേരത്തെ ചില പരാതികളുടെ പേരിൽ സന്ദീപിനെ വക്താവ് സ്ഥാനത്തുനിന്നടക്കം ചുമതലകളിൽ നിന്ന് മാറ്റിയിരുന്നു. പിന്നീട് ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കെ. സുരേന്ദ്രൻ തന്നെയാണ് സന്ദീപിനെ തിരികെ നേതൃനിരയിലേക്കെത്തിക്കാൻ മുൻകയ്യെടുത്തത്. ഇതിന് ശേഷവും തന്നെ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ലെന്ന പരാതി സന്ദീപ് ഉയര്‍ത്തിയിരുന്നു.