പാലക്കാട്: പാലക്കാട്: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേർന്നതിന് പിന്നാലെ മുസ്ലീം ലീഗിനെ പുകഴ്ത്തി സന്ദീപ് വാര്യർ. മതസാഹോദര്യം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണ് ലീഗ് എന്നും തളി ക്ഷേത്രത്തില്‍ തീപിടിത്തമുണ്ടായപ്പോള്‍ ആദ്യം ഓടിയെത്തിയത് തങ്ങളാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.sandeep varier visit panakkad family
വ്യക്തിജീവിതത്തില്‍ താൻ എപ്പോഴും ഉയർത്തിപ്പിടിച്ചത് മതനിരപേക്ഷ നിലപാടുകളാണെന്നും എന്നാല്‍ മുൻ നിലപാടുകള്‍ ബിജെപിയുടെ ഭാഗമായി നിന്നപ്പോള്‍ സ്വീകരിച്ചതാണെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ പാണക്കാട് എത്തി മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു. ഇന്ന് രാവിലെ പാണക്കാട് എത്തിയ സന്ദീപ് വാര്യരെ പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.
ലീഗ് മതസാഹോദര്യം ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ്. ഒരു രാഷ്ട്രീയ വിദ്യാര്‍ഥി എന്ന നിലയിലും വളര്‍ന്നുവരുന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലും സാദിഖലി ശിഹാബ് തങ്ങളുടെ അനുഗ്രഹം തേടിയാണ് പാണക്കാട്ടേക്ക് പോയത്. തളി ക്ഷേത്രത്തില്‍ തീപിടുത്തമുണ്ടായപ്പോള്‍ ആദ്യം ഓടിയെത്തിയത് തങ്ങള്‍. ബിജെപിയില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് താന്‍ പറഞ്ഞ ചില കാര്യങ്ങളില്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് വേദന ഉണ്ടായിട്ടുണ്ടെങ്കില്‍ പാണക്കാട്ടെ വരവോട് കൂടി ആ തെറ്റിദ്ധാരണ മാറുമെന്ന് പ്രതീക്ഷിക്കുന്നതായും സന്ദീപ് വാര്യര്‍ പറഞ്ഞു.
അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ രൂക്ഷവിമർശനമാണ് സന്ദീപ് വാര്യർ ഇന്നും ഉയർത്തിയത്. കെ സുരേന്ദ്രന്റെ ശിഖണ്ഡി പരാമർശം ഒരു വിഭാഗത്തെ അപമാനിക്കുന്നതാണെന്നും സന്ദീപ് വിമർശിച്ചു. നിയമ നടപടി വരെ കൈക്കൊള്ളേണ്ട പൊളിറ്റിക്കലി തെറ്റായ പരാമർശമെന്നായിരുന്നു സന്ദീപിന്റെ പ്രതികരണം.