കൊച്ചി: ശബരിമല പതിനെട്ടാം പടിയിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥർ ഫോട്ടോയെടുത്ത സംഭവം അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. മനഃപൂര്‍വ്വമായിരിക്കില്ലെങ്കിലും അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. ശബരിമലയില്‍ അഭിനന്ദനാർഹമായ കാര്യങ്ങൾ പൊലീസ് ചെയ്യുന്നുണ്ടെന്നും ഭക്തരുടെ സുരക്ഷിത തീർത്ഥാടനത്തിനാണ് പ്രാധാന്യം നൽകുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.sabarimala policemen photo shoot
സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രവർത്തനം പ്രശംസനീയമാണ്. എന്നാൽ ഇത്തരം നടപടികൾ അനുവദനീയമല്ലെന്നാണ് ഹൈക്കോടതിയുടെ നിലപാട്. മാളികപ്പുറത്തെ തേങ്ങ ഉരുട്ടൽ ആചാരമല്ലെന്നും അവസാനിപ്പിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. 74,463 പേർ ഇന്നലെ ശബരിമലയിൽ ദർശനം നടത്തിയതായി ദേവസ്വം ബോർഡ് കോടതിയില്‍ പറഞ്ഞു.
ശബരിമല പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദത്തിൽ പൊലീസുകാര്‍ക്കെതിരെ ഇന്നലെ നടപടി സ്വീകരിച്ചിരുന്നു. അച്ചടക്കലംഘനം നടത്തിയെന്ന് കാട്ടിയാണ് 23 പൊലീസുകാരെ കണ്ണൂർ കെഎപി-നാല് ക്യാമ്പിലേക്ക് നല്ല നടപ്പ് പരിശീലനത്തിനയച്ചത്.
ഡ്യൂട്ടിയിലുിണ്ടായിരുന്ന പൊലീസുകാർ പതിനെട്ടാം പടിയിൽ പുറതിരിഞ്ഞ് നിന്ന് ഫോട്ടോ എടുത്തത് ഗുരുതര വീഴ്ചയെന്നാണ് സന്നിധാനം സ്പെഷ്യൽ ഓഫീസർ കെ ഇ ബൈജുവിന്റെ റിപ്പോർട്ട്. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ശബരിമലയുടെ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്ത് പൊലീസുക്കാര്‍ക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തതത്.
തിരുവനന്തപുരം എസ്എപി ക്യാമ്പിലെ 23 പൊലീസുകാരെയാണ് കണ്ണൂർ കെഎപി നാലിലേക്ക് പരിശീലനത്തിനയക്കുന്നത്. തീവ്ര പരിശീലനം നൽകണമെന്നാണ് എഡിജിപിയുടെ നിർദേശം. നടപടിയുടെ ഭാഗമായുള്ള പരിശീലനത്തിന്റെ കാലാവധി നിശ്ചയിച്ചിട്ടില്ല.
നല്ല നടപ്പ് പരിശീലന കാലത്ത് പൊലീസുകാർക്ക് അവധിയടക്കം പരിമിതപ്പെടുത്തും. പൊലീസുകാരുടെ വീഴ്ചക്കെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് അച്ചടക്ക നടപടി.