തിരുവനന്തപുരം: വിവാദമായതോടെ ‘നിലാവു കുടിച്ച സിംഹങ്ങള്‍’ ആത്മകഥ പിന്‍വലിച്ച് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍. ‘നിലാവ് കുടിച്ച സിംഹങ്ങള്‍’ എന്ന പുസ്തകം തല്‍ക്കാലം പിൻവലിക്കുന്നുവെന്ന് എസ്.സോമനാഥ് പറഞ്ഞു.
മുൻ ഐഎസ്‌ആര്‍ഒ ചെയര്‍മാനെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് സംഭവം. കോപ്പി പിൻവലിക്കണമെന്ന് എസ് സോമനാഥ് പ്രസാധകരോട് നിര്‍ദ്ദേശിച്ചു.
കൂടുതല്‍ വിവാദം വേണ്ടെന്ന് പ്രസാധകരോട് സോമനാഥ് പറഞ്ഞു. യുവജനങ്ങളെ പ്രചോദിപ്പിക്കാനാണ് ആത്മകഥയിലൂടെ ആഗ്രഹിച്ചതെന്നും സോമനാഥ് പറഞ്ഞു. ഷാര്‍ജ ഫെസ്റ്റിവലില്‍ പുസ്തക പ്രകാശനം നടത്തില്ല. ഇതേതുടര്‍ന്ന് എസ്.സോമനാഥ് ഷാര്‍ജ യാത്ര റദ്ദാക്കുകയായിരുന്നു.
ആത്മകഥയില്‍ ഐ.എസ്.ആര്‍.ഒ മുൻ ചെയര്‍മാൻ കെ. ശിവനെതിരെ ഗുരുതര ആരോപണങ്ങളുമായി നിലവിലെ ചെയര്‍മാൻ എസ്. സോമനാഥ് എത്തിയത്.
2018ല്‍ ചെയര്‍മാൻ എസ്. കിരണ്‍കുമാര്‍ മാറിയപ്പോള്‍ 60 വയസ് കഴിഞ്ഞ് എക്സ്റ്റൻഷനില്‍ തുടരുകയായിരുന്ന കെ ശിവന്റെ പേരിനൊപ്പം തന്റെ പേരും പട്ടികയിലുണ്ടായിരുന്നു. അന്ന് ചെയര്‍മാനാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ശിവന് നറുക്കുവീണു. ചെയര്‍മാനായ ശേഷം ശിവൻ വി.എസ്.എസ്.സി ഡയറക്ടര്‍ സ്ഥാനത്തും തുടര്‍ന്നു. തനിക്ക് ന്യായമായി കിട്ടേണ്ട ആ തസ്‌തികയ്‌ക്കായി നേരിട്ട് കണ്ട് ചോദിച്ചപ്പോള്‍ അന്ന് ശിവൻ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറി. ശേഷം മുൻ ഡയറക്ടര്‍ ബിഎൻ സുരേഷ് ഇടപെട്ടതോടെയാണ് തനിക്ക് ആറ് മാസത്തിന് ശേഷം വിഎസ്‌എസ്‌സി ഡയറക്ടര്‍ നിയമനം ലഭിച്ചതെന്നും സോമനാഥ് പറയുന്നു.
‘മൂന്ന് വര്‍ഷം ചെയര്‍മാൻ സ്ഥാനത്തിരുന്ന് വിരമിക്കുന്നതിന് പകരം കാലാവധി നീട്ടിയെടുക്കാൻ ശിവൻ ശ്രമിച്ചു. അടുത്ത ചെയര്‍മാനെ തിരഞ്ഞെടുക്കാൻ സമയമായപ്പോള്‍ യു.ആര്‍ റാവു സ്‌പേസ് സെന്ററിന്റെ ഡയറക്ടറെ സ്‌പേസ് കമ്മിഷനിലേക്ക് കൊണ്ടുവന്നത് എനിക്ക് ചെയര്‍മാൻ സ്ഥാനം കിട്ടില്ലെന്ന് ബോദ്ധ്യപ്പെടുത്താനായിരുന്നു എന്നാണ് തോന്നുന്നത്-‘- എസ് സോമനാഥ് ആത്മകഥയില്‍ പറഞ്ഞു. അതേസമയം, വേണ്ടത്ര പരീക്ഷണങ്ങളും അവലോകനവും നടത്താതെ ധൃതിയില്‍ നടത്തിയ വിക്ഷേപണമാണ് ചന്ദ്രയാൻ ദൗത്യത്തിന്റെ പരാജയകാരണമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.