തിരുവനന്തപുരം∙ റൂട്ട് കനാല്‍ ചികിത്സയ്ക്കിടെ സൂചി ഒടിഞ്ഞ് പല്ലില്‍ തറച്ചുവെന്ന് പരാതി. നന്ദിയോട് പാലുവള്ളി സ്വദേശി ശിൽപയാണ് പരാതി നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരി 2-ാം തീയതിയാണ് ശില്പ പല്ലു വേദനയ്ക്ക് ചികിത്സ തേടിയാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ ദന്തൽ ഒപിയിൽ എത്തിയത്.
തുടർന്ന് മാർച്ച് 22ന് ഡോക്ടർ റൂട്ട് കനാൽ ചികിത്സ ചെയ്തു. പിന്നീട് ഒരാഴ്ച കഴിഞ്ഞപ്പോൾ ശിൽപയെ ഡോക്‌ടർ തിരികെ ആശുപത്രിയിലേക്ക് വിളിക്കുകയും പല്ലിന്റെ എക്സ്റേ എടുക്കാൻ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
തുടർന്ന് മോണയില്‍ സൂചി തറച്ചു കിടക്കുന്നുണ്ടെന്നും അറിയിച്ചു. കൂടാതെ സൂചി സുരക്ഷിതമായ സ്ഥലത്താണ് ഇരിക്കുന്നതെന്നും ഭയപ്പെടാനായി ഒന്നും ഇല്ലെന്നും ഡോക്ടര്‍ പറഞ്ഞു. ഡോക്ടറുടെ വാക്ക് വിശ്വസിച്ച് ശില്‍പ വീട്ടിലെത്തിയെങ്കിലും അല്‍പ ദിവസങ്ങള്‍ക്ക് ശേഷം കലശലായ പല്ലുവേദന ആരംഭിച്ചു. വേദനാ സംഹാരിയുടെ ബലത്തിലാണ് ഇപ്പോള്‍ കഴിയുന്നത്. ഭക്ഷണം കഴിക്കാനും സംസാരിക്കാനും വലിയ ബുദ്ധിമുട്ട് നേരിടുന്നുണ്ട്
നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയെങ്കിലും സൂപ്രണ്ട് അവധിയായതിനാൽ ചാർജ് ഓഫിസറാണ് പരാതി സ്വീകരിച്ചത്. ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. അതേസമയം സ്വകാര്യ ആശുപത്രിയെ സമീപിച്ച് സൂചി മാറ്റാൻ വലിയ ചെലവുവരുമെന്നതിനാൽ കഠിന വേദന സഹിച്ചു കഴിയുകയാണ് ശിൽപ.