പത്തനംതിട്ട: ശബരിമല തീർഥാടനം ആരംഭിക്കുന്ന ദിവസം തന്നെ പത്തനംതിട്ട – കോയമ്പത്തൂർ റൂട്ടിൽ സ്വകാര്യ ബസ് സർവീസ് ആരംഭിക്കുന്നു. നിയമലംഘനം ആരോപിച്ചു രണ്ടുതവണ മോട്ടോർ വാഹന വകുപ്പ് പിടികൂടിയ റോബിൻ ബസാണ് 16 മുതൽ വീണ്ടും സർവീസ് നടത്താൻ ഒരുങ്ങുന്നത്.
Robin Bus, which was caught twice by the Motor Vehicle Department, resumes service tomorrow
വലിയ സന്നാഹത്തോടെ മൂന്നാഴ്ച മുൻപ് മോട്ടോർ വാഹന വകുപ്പ് പിടികൂടി പോലീസിന് കൈമാറിയ ബസ് പിന്നീട് കോടതിയിൽനിന്ന് ഉടമ ഗിരീഷ് ജാമ്യത്തിൽ എടുക്കുകയായിരുന്നു. അന്ന് നിയമലംഘനത്തിന് പിഴയായി നിശ്ചയിച്ച തുക അടക്കാതെയാണ് ബസ് റാന്നി കോടതിയിൽനിന്ന് ജാമ്യത്തിൽ എടുത്തത്.
2023ലെ കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം അന്തർസംസ്ഥാന സർവീസ് നടത്താൻ ദേശീയ പെർമിറ്റുള്ള ബസുകൾക്ക് കഴിയുമെന്നാണ് ഉടമ പറയുന്നത്. ഈ നിയമപ്രകാരം സ്റ്റാൻഡുകളിൽനിന്ന് സർവീസ് ആരംഭിക്കുന്നതിനും യാത്രാമധ്യേയുള്ള സ്വകാര്യ സ്റ്റാൻഡുകളിൽ കയറി ആളെ എടുക്കുന്നതിനും കഴിയും. എന്നാൽ ഇത് നിയമത്തിൽ പറയുന്നില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നത്.
നാഷണൽ പെർമിറ്റുള്ള വാഹനങ്ങൾക്ക് അന്തർസംസ്ഥാന സർവീസ് നടത്തുന്നതിന് തടസമില്ലെന്നും എന്നാൽ ബോർഡ് വെക്കുന്നതിനോ സ്റ്റാൻഡുകളിൽ കയറി ആളെ എടുക്കാനോ കഴിയില്ലെന്നും ഇവർ വിശദമാക്കുന്നു.
വകുപ്പിന്റെ നിയമ വ്യാഖ്യാനം എല്ലാം തള്ളുന്ന ഉടമ നിയമപ്രകാരം തന്നെ താൻ സർവീസ് നടത്തുമെന്ന് പറയുന്നു. നിലവിൽ ഈരാറ്റുപേട്ടയിലുള്ള ബസ് പത്തനംതിട്ടയിൽ എത്തിച്ചു സർവീസ് ആരംഭിക്കും.
മൂന്നാഴ്ച പോലീസ് കസ്റ്റഡിയിലായിരുന്ന ബസിന്റെ ബാറ്ററിക്ക് അടക്കം തകരാർ സംഭവിച്ചിരുന്നു. ഇതെല്ലം പരിഹരിച്ചാണ് വീണ്ടും നിരത്തിൽ ഇറക്കുന്നത്. ബസിന്റെ അറ്റകുറ്റപ്പണിക്കും കേസിനും മറ്റുമായി ഒരു ലക്ഷത്തോളം രൂപ ചെലവായതായും ഉടമ പറയുന്നു.
റോബിൻ ബസിന് സർവീസ് നടത്താൻ അവസരം ലഭിച്ചാൽ ശബരിമലയിലേക്ക് സർവീസ് നടത്താൻ തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയിടങ്ങളിൽ നിന്നുള്ള ബസുകളും ശ്രമിക്കുന്നുണ്ട്. ഇതെല്ലം കെഎസ്ആർടിസിക്ക് പ്രതികൂലമാകും എന്ന കണ്ടെത്തലാണ് നടപടിക്ക് പിന്നിലെന്ന ആരോപണവുമുണ്ട്.