ബ്രസീലിലെ കൊറേയ പിന്‍റോയിൽ ശവസംസ്‌കാര ചടങ്ങിനിടെ 8 മാസം പ്രായമുള്ള പെൺകുഞ്ഞിൽ ജീവന്‍റെ തുടിപ്പ്. പക്ഷേ പ്രതീക്ഷകൾ ഊതിക്കെടുത്തി ഒരു മണിക്കൂറിന് ശേഷം വീണ്ടും കുഞ്ഞിന്‍റെ മരണം സ്ഥിരീകരിച്ചു. കിയാര ക്രിസ്ലെയ്ൻ ഡി മൗറ ഡോസ് സാന്‍റോസ് എന്ന പെൺകുഞ്ഞാണ് വൈറൽ അണുബാധയെ തുടർന്ന് മരണപ്പെട്ടത്.
ശവസംസ്കാര ചടങ്ങിനിടെ കുട്ടിയുടെ ശരീരത്തില്‍ ചലനം കണ്ടതോടെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രതീക്ഷിക്ക് വകയില്ലെന്ന് ഡോക്ടർമാർ കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം വീണ്ടും ഡോക്ടർമാർ കുട്ടിയുടെ മരണം സ്ഥിരീകരിച്ചു.
2024 ഒക്ടോബർ 19 ന് വൈറല്‍ അണുബാധ മൂലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളാലാണ് കിയാര മരിച്ചതെന്ന് ദ സണ്‍ റിപ്പോർട്ട് ചെയ്യുന്നു. ആരോഗ്യവിദഗ്ധർ വിശദമായ പരിശോധനകള്‍ നടത്തിയെങ്കിലും പള്‍സ് കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ആദ്യം കുഞ്ഞിന്‍റെ മരണം സ്ഥിരീകരിച്ചത്. തുടർന്ന് കുടുംബാംഗങ്ങള്‍ ശവസംസ്കാര ചടങ്ങുകള്‍ക്കുള്ള ക്രമീകരണങ്ങള്‍ തുടങ്ങി. ഇതിനിടെയാണ് അപ്രതീക്ഷിതമായി കുടുംബാംഗങ്ങളില്‍ ഒരാളുടെ വിരലില്‍ കുഞ്ഞ് മുറുകെ പിടിച്ചത്. ഇതോടെ കുട്ടിയുമായി കുടുംബാംഗങ്ങള്‍ ആശുപത്രിയിലെത്തുകയായിരുന്നു.
വിദഗ്ധ ഡോക്ടർമാരുടെ സംഘം രണ്ടാം തവണയും കുട്ടിയെ പരിശോധിക്കുകയും ജീവൻ തിരിച്ചു പിടിക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ അവള്‍ വീണ്ടും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.