Friday, November 8, 2024
spot_imgspot_img
HomeNewsബിജെപിയെയും പിണറായിസത്തെയും തകര്‍ക്കാന്‍ ആഗ്രഹിച്ച് അന്‍വര്‍;ഒപ്പം നില്‍ക്കാന്‍ നീക്കം നടത്തിയെങ്കിലും അന്‍വറിന്റെ ഉപാധികള്‍ തള്ളി സതീശന്‍,...

ബിജെപിയെയും പിണറായിസത്തെയും തകര്‍ക്കാന്‍ ആഗ്രഹിച്ച് അന്‍വര്‍;ഒപ്പം നില്‍ക്കാന്‍ നീക്കം നടത്തിയെങ്കിലും അന്‍വറിന്റെ ഉപാധികള്‍ തള്ളി സതീശന്‍, തള്ളാതെ സുധാകരന്‍, അന്‍വറിനായി കോൺഗ്രസ് നേതാക്കള്‍ രണ്ടു തട്ടിൽ

പാലക്കാട്: ഉപതെരഞ്ഞെടുപ്പിന്റെ ആഘോഷങ്ങള്‍ ആരംഭിച്ചിരിക്കെ അന്‍വറിനെ ഒപ്പം നിർത്താൻ നീക്കം നടത്തിയ യുഡിഎഫിന് മുന്നിൽ അന്‍വര്‍ ഉപാധികള്‍ വച്ചതോടെ നീക്കം പാളിയിരിക്കുകയാണ്. അന്‍വറിന്റെ ഉപാധികള്‍ ഒന്നും അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.PV Anwar against VD Satheesan

ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെ പിൻവലിച്ച് ഡിഎംകെ സ്ഥാനാർത്ഥി എൻ.കെ സുധീറിനെ പിന്തുണയ്ക്കണമെന്നാണ് അന്‍വര്‍ ആവശ്യപ്പെട്ടത്.

പാലക്കാട്ടും ചേലക്കരയിലും തങ്ങളെ പിന്തുണയ്ക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടത്. ഇതിൽ പാലക്കാട് നിർണായകമാണ്. ഈ സാഹചര്യത്തിലാണ് ചേലക്കരയിൽ തിരിച്ച് പിന്തുണയെന്ന ആവശ്യം അൻവർ മുന്നോട്ട് വെച്ചത്. 

ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ യുഡിഎഫുകാർ പോലും തള്ളിപ്പറഞ്ഞുവെന്നും വാർത്താ സമ്മേളനത്തിൽ അൻവർ പരിഹസിച്ചു. പിണറായിസം ഇല്ലാതാക്കാൻ ഒന്നിച്ചു നിൽക്കണം. ആർഎസ്എസിനെ പോലെ തന്നെ പിണറായിസത്തെയും എതിർക്കണം.

പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ പിൻവലിച്ച ചരിത്രം മുമ്പും ഉണ്ടായിട്ടുണ്ടെന്നും യുഡിഎഫ് തീരുമാനത്തിനായി കാക്കുകയാണെന്നും അൻവർ വ്യക്തമാക്കിയിരുന്നു. 

ഉപതിരഞ്ഞെടുപ്പിൽ തന്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച പി. വി അൻവറിനെ അനുനയിപ്പിക്കാനായിരുന്നു യുഡിഎഫ് നീക്കം. എന്നാല്‍ ഈ കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്റ കെ സുധാകരനും രണ്ടു തട്ടിലാണ്.

 ചര്‍ച്ചകള്‍ നടക്കട്ടെയെന്ന് പറഞ്ഞുകൊണ്ട് കെ സുധാകരൻ സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കാനുള്ള നീക്കത്തെ ന്യായീകരിച്ചപ്പോല്‍ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പ്രതികരണം. അൻവറിന് സൗകര്യമുണ്ടെങ്കിൽ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചാൽ മതിയെന്നും അൻവറിന്‍റെ ഒരു ഉപാധിയും അംഗീകരിക്കില്ലെന്നും ഇനി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചയില്ലെന്നും വിഡി സതീശൻ തുറന്നടിച്ചു.

ചേലക്കരയിൽ രമ്യാ ഹരിദാസിനെ പിന്‍വലിച്ചാലേ പാലക്കാട് അൻവറിന്‍റെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുകയുള്ളുവെന്ന ഉപാധി വെറും തമാശയാണെന്നും സതീശൻ പരിഹസിച്ചു.

അൻവര്‍ സൗകര്യമുണ്ടെങ്കിൽ മാത്രം സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചാൽ മതി. അൻവര്‍ പിന്‍വലിച്ചാലും ഇല്ലെങ്കിലും കുഴപ്പമില്ല. അൻവറിന്‍റെ കാര്യം ചര്‍ച്ച ചെയ്തിട്ട് പോലുമില്ല. ഒരു ഉപാധിയും അംഗീകരിക്കില്ല. അൻവര്‍ ഇത്തരത്തിൽ തമാശ പറയരുത്. വയനാട്ടിൽ അൻവര്‍ പിന്തുണച്ചില്ലെങ്കിൽ പ്രിയങ്ക  ഗാന്ധി വിഷമിച്ചുപോകുമല്ലോയെന്നും വിഡി സതീശൻ പറഞ്ഞു.

അൻവർ ക്യാമ്പ് ഞങ്ങളെ ബന്ധപ്പെട്ടിരുന്നു. സ്ഥാനാർഥിയെ പിൻവലിക്കാൻ ഞങ്ങൾ റിക്വസ്റ്റ് ചെയ്യണം എന്നാണ് പറഞ്ഞതെന്നും ആര് മത്സരിച്ചാലും കോണ്‍ഗ്രസിന് തന്നെ വിജയം ഉറപ്പാണെന്നും വിഡി സതീശൻ പറഞ്ഞു. 

അതേസമയം, അൻവറിനായി വാതിലുകള്‍ അടഞ്ഞിട്ടില്ലെന്നാണ് കെ സുധാകരൻ പ്രതികരിച്ചത്. അൻവറിനെ തള്ളാതെയും കൊള്ളാതെയുമായിരുന്നു മറുപടി. അൻവറിനോട് പ്രതിപക്ഷ നേതാവ് സംസാരിച്ചുവെന്നും നെഗറ്റീവായും പോസിറ്റീവായും പ്രതികരിച്ചിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു.

ഫാസിസ്റ്റ് ശക്തികളെ തോൽപ്പിക്കാൻ ഒരുമിച്ച് നിൽക്കണം. അതിനാൽ തന്നെ അൻവറുമായുള്ള ചര്‍ച്ചയിൽ വാതിൽ അടഞ്ഞിട്ടില്ല. അൻവറിനെതിരെ എന്തിനാണ് വാതിൽ അടയ്ക്കുന്നത് എന്നും ചര്‍ച്ചകള്‍ നടക്കട്ടെയെന്നും സുധാകരൻ പറഞ്ഞു. പി.വി.അന്‍വര്‍ ജനാധിപത്യചേരിയില്‍ നില്‍ക്കണമെന്നും അങ്ങനെയെങ്കില്‍ ഭാവി രാഷ്ട്രീയം അദ്ദേഹത്തിന് ഭദ്രമാക്കാമെന്നും  കെ.സുധാകരന്‍ പറഞ്ഞു.

പി.വി.അന്‍വര്‍ യു.ഡ‍ി.എഫ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കണമെന്ന് മുസ്‌‌ലിം ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. വര്‍ഗീയചേരിയെ തോല്‍പിക്കുന്ന കാര്യത്തില്‍ അന്‍വറിനും സമാനനിലപാടാണെന്നും അനുകൂലതീരുമാനം പ്രതീക്ഷിക്കുന്നുവെന്നും പി.എം.എ.സലാം പറഞ്ഞു.  രമ്യയെ പിന്‍വലിക്കണമെന്ന ആവശ്യം ലീഗും തള്ളി.

അതേസമയം പ്രതിപക്ഷ നേതാവിന് ഈ രീതിയിൽ അഹങ്കാരം ശരിയല്ലെന്ന് അന്‍വര്‍ സതീശന് മറുപടി നല്‍കി. പ്രിയങ്ക ഗാന്ധിക്ക് തങ്ങൾ പിന്തുണ നൽകിയതിനെ സ്വാഗതം ചെയ്ത അദ്ദേഹം ഇപ്പോൾ ആറുതവണ കരണംമറിച്ചിൽ നടത്തിയാണ് സംസാരിച്ചിരിക്കുന്നത്. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കില്ലെന്ന് പ്രതിപക്ഷ നേതാവിന് ബോധ്യമായെന്നും പിവി അൻവർ ആരോപിച്ചു.

പാലക്കാട് കോൺഗ്രസ് നിർത്തിയത് ആരുടെ സ്ഥാനാർഥിയെയാണ്. കെപിസിസി ഏകകണ്ഠമായി എടുത്ത തീരുമാനമാണിതെന്ന് അഭിപ്രായമുണ്ടോ. പാലക്കാട്, തൃശൂർ ഡിസിസികൾ നൽകിയ ശുപാർശകളാണ് കെപിസിസി ശുപാർശ ചെയ്തത്. പാലക്കാട് ഡിസിസി ശുപാർശ ചെയ്തത് പി സരിൻ്റെ പേര് ആയിരുന്നു.

ഷാഫി പറമ്പിൽ വടകരയ്ക്ക് പോയ സമയം മുതൽ സരിനോട് മത്സരിക്കാൻ തയ്യാറെടുക്കാൻ പാർട്ടി പറഞ്ഞതായി സരിൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. പിന്നെ എങ്ങനെയാണ് സരിൻ മാറിയതും രാഹുൽ മാങ്കൂട്ടത്തിൽ വന്നതും. അത് പ്രതിപക്ഷ നേതാവും ഒരു വിഭാഗം നേതാക്കളും നടത്തിയ ഇടപെടലിൻ്റെ ഭാഗമായാണെന്ന് പിവി അൻവർ ആരോപിച്ചു.

യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ ഒരുനിലയ്ക്കും ജയിച്ചു കയറില്ലെന്ന് പരിശോധനയിൽ മനസ്സിലായി. കോൺഗ്രസിലെ വലിയൊരു വിഭാഗത്തിന് രാഹുലിനോട് എതിർപ്പുണ്ട്. ഇവർ ബിജെപിക്ക് വോട്ട് ചെയ്യും. കോൺഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തുക എന്നതാണ് എൽഡിഎഫ് സ്ഥാനാർഥി പി സരിൻ്റെയും അദ്ദേഹത്തോട് ഒപ്പം നിൽക്കുന്നവരുടെയും ഉദ്ദേശ്യം.

കോൺഗ്രസിനെ പരാജയപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ചേലക്കരയിലെ ധാരണയുടെ അടിസ്ഥാനത്തിൽ സിപിഎമ്മിൽനിന്ന് വലിയൊരു വോട്ട് ബിജെപിയിലേക്ക് പോകും. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് ജയിപ്പിച്ചെടുക്കുക നടക്കാത്ത കാര്യമാണെന്ന് പ്രതിപക്ഷ നേതാവിന് ഇന്നലെ രാത്രി ബോധ്യപ്പെട്ടുവെന്നും അൻവർ അഭിപ്രായപ്പെട്ടു.

പ്രതിപക്ഷ നേതാവുമായി ചർച്ച നടത്തിയ കാര്യം പുറത്തുപറയാതിരുന്നത് വിഷയത്തിലെ തൻ്റെ തറവാടിത്തം കൊണ്ടാണ്. പക്ഷേ കെപിസിസി പ്രസിഡൻ്റ് ഇന്ന് ഇക്കാര്യം വെളിപ്പെടുത്തിയപ്പോൾ തനിക്കും പറയാമല്ലോ. പ്രതിപക്ഷ നേതാവുമായി രണ്ടു ദിവസം മുൻപ് കണ്ടിരുന്നു. വളരെ വിശദമായി സംസാരിച്ചിരുന്നു. തൻ്റെ രാഷ്ട്രീയം പറഞ്ഞു. അതിൽ അവർ പ്രയാസം പറഞ്ഞു.

ചേലക്കരയിൽ സ്ഥാനാർഥിയെ പിൻവലിക്കുകയാണെങ്കിൽ പാലക്കാട് പിന്തുണയ്ക്കാമെന്ന തൻ്റെ നിലപാട് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയാണെങ്കിൽ പിന്തുണയ്ക്കാമെന്നും അറിയിച്ചു. പക്ഷേ ചേലക്കരയിൽ തങ്ങളെ പിന്തുണയ്ക്കണം. അത് വലിയ പ്രയാസമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കൂടിയാലോചന നടത്തിയ ശേഷം പറയാമെന്ന് പറഞ്ഞാണ് പിരിഞ്ഞതെന്നും അൻവർ പറഞ്ഞു.

പ്രതിപക്ഷ നേതാവിന് ഇന്ന് പ്രകോപനം ഉണ്ടാകാൻ താൻ എന്തെങ്കിലും അദ്ദേഹത്തെക്കുറിച്ചു പറഞ്ഞോ. ഇന്നലെ രാത്രി നടന്ന യുഡിഎഫിൻ്റെ അവലോകന യോഗത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ പരാജയപ്പെടുമെന്ന് അവർക്ക് ബോധ്യമായി. തന്നെ പരമാവധി പ്രകോപിച്ചു. എടാ, പോടാ എന്ന് മാത്രമാണ് വിളിക്കാത്തത്.

പ്രിയങ്ക ഗാന്ധിക്ക് പിന്തുണ നൽകിയതിനെ സ്വാഗതം ചെയ്ത അദ്ദേഹം ഇപ്പോൾ ആറുതവണ കരണംമറിച്ചിൽ നടത്തിയാണ് സംസാരിച്ചിരിക്കുന്നത്. ബിജെപി ജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ ബിജെപിയുടെ ഭാണ്ഡമെടുത്ത് ഡിഎംകെയുടെയും പിവി അൻവറിൻ്റെ തലയിൽവെച്ചു രക്ഷപ്പെടാമെന്ന് പ്രതിപക്ഷ നേതാവ് വിചാരിക്കേണ്ട.

പ്രതിപക്ഷ നേതാവിന് ഈ രീതിയിൽ അഹങ്കാരം ശരിയല്ല. അതിന് പാലക്കാടും ചേലക്കരയിലും വിലകൊടുക്കേണ്ടിവരും. ബിജെപിയെയും പിണറായിസത്തെയും ഒരേപോലെ തെരഞ്ഞെടുപ്പിൽ എതിർക്കണമെന്നും പിവി അൻവർ പറഞ്ഞു.

 

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments