കൊച്ചി: വയനാടിനുള്ള കേന്ദ്രസഹായം ഇനിയും വൈകുമെന്ന കേന്ദ്ര നിലപാടില്‍ കേരളം അസ്വസ്ഥമാണ്. സിപിഎമ്മും കോൺഗ്രസും ഒരു പോലെ കേന്ദ്രത്തെ പഴിക്കുമ്പോള്‍ ബിജെപി സംസ്ഥാന സര്‍ക്കാരിനെയാണ് കുറ്റപ്പെടുത്തുന്നത്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന ദുരന്ത മുഖത്തും തുടരുന്നതാണ് കൂടുതല്‍ വിരോധാഭാസം.Protest over Wayanad not getting disaster relief funds
കേന്ദ്ര നിലപാടിൽ രാഷ്ട്രീയ ഭേദമന്യേ പ്രതിഷേധം ഉയരുമ്പോൾ കേരളത്തിന്റെ കയ്യിൽ ആവശ്യത്തിന് പണമുണ്ടെന്നാണ് ബിജെപിയുടെ പ്രതികരണം.
എല്ലാ സംസ്ഥാനങ്ങള്‍ക്കും എന്ന പോലെ 2024-25 സാമ്പത്തിക വര്‍ഷം ദുരന്ത നിവാരണ ഫണ്ട് കേരളത്തിനും നല്‍കിയെന്നാണ് കേന്ദ്ര സർക്കാരിൻ്റെ വാദം. കൈമാറിയ 388 കോടിയില്‍ 291 കോടി രൂപ മാത്രമാണ് കേന്ദ്ര വിഹിതം. 394 കോടി രൂപ എസ്‍ഡിആര്‍എഫ് ഫണ്ടിലുണ്ടെന്ന് അക്കൗണ്ട് ജനറല്‍ അറിയിച്ചിട്ടുണ്ട്. അതിലൂടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നുമാണ് ആഭ്യന്തര സഹമന്ത്രി കേരളത്തിന്‍റെ പ്രതിനിധി കെ വി തോമസിന് നല്‍കിയ കത്തില്‍ പറയുന്നത്.
വയനാടിന് പ്രത്യേക പാക്കേജായി 1500 കോടി രൂപയാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. ലെവല്‍ 3യിൽ അത്യന്തം വിനാശകരമായ ദുരന്തങ്ങളുടെ വിഭാഗത്തില്‍ വയനാടിനെ ഉൾപ്പെടുത്തുമോയെന്നും തീര്‍ച്ചയായിട്ടില്ല. ഉന്നത തല സമിതി ചേര്‍ന്ന് ഇതിൽ തീരുമാനമെടുക്കുമെന്ന് കേന്ദ്രം പറഞ്ഞിരുന്നെങ്കിലും അനിശ്ചിതത്വം തുടരുകയാണ്.
വയനാട് ദുരിതാശ്വാസത്തിന് ഫണ്ട് അനുവദിക്കുന്നതിൽ ഈ മാസം തന്നെ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരിക്കുന്നത്. നിലവിൽ അനുവദിച്ചതിനേക്കാൾ കൂടുതൽ പണം അനുവദിക്കില്ലെന്ന് കേന്ദ്രത്തിന്റെ കത്തിൽ പറയുന്നതായി സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ അത് അങ്ങനെ അല്ലെന്ന് കോടതി നിരീക്ഷിച്ചു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി സംസ്ഥാന സർക്കാർ പ്രതിനിധിക്ക് അയച്ച് കത്ത് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം കേന്ദ്രത്തിനെതിരെ വിമർശനം തുടർന്നത്. ദുരന്തമുണ്ടായി 4 മാസം പിന്നിട്ടുമ്പോഴും അനുകൂലസമീപനമല്ല കേന്ദ്രത്തിന്റേതെന്നും കൂടുതൽ ഫണ്ട് അനുവദിക്കില്ലെന്ന നിലപാടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് അടങ്ങിയ വാർത്ത ചൂണ്ടിക്കാട്ടി സംസ്ഥാനം വാദിച്ചു.
എന്നാൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലല്ലേ ഇങ്ങനെ പറയുന്നതെന്ന് കോടതി സംസ്ഥാനത്തോട് ചോദിച്ചു. കത്ത് സംബന്ധിച്ച വാർത്തകൾ കണ്ടാൽ ഒന്നും നൽകില്ലെന്ന പ്രതീതിയാണെങ്കിലും വിശദാംശങ്ങളിൽ അങ്ങനെ തോന്നുന്നില്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
കേന്ദ്രം കൂടുതൽ സഹായം നൽകില്ലെന്ന് പറഞ്ഞിട്ടില്ലല്ലോയെന്നും സംസ്ഥാനത്തോട് ഹൈക്കോടതി ചോദിച്ചു. ഇതിന് മറുപടിയായാണ് ഫണ്ട് അനുവദിക്കുന്നതിൽ തീരുമാനം ഈ മാസം വിട്ട് പോകില്ലെന്ന് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചത്. അതേസമയം അടിയന്തര ആവശ്യങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ പണം ഉണ്ടെന്നും കേന്ദ്രം കോടതിയിൽ മറുപടി നൽകി.
അതേസമയം, വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. പാര്‍ലമെന്റിലും ഒറ്റയ്ക്കാവും യുഡിഎഫ് സമരം ചെയ്യുകയെന്നും സിപിഎമ്മിനെ കൂട്ടുപിടിക്കേണ്ട ആവശ്യം കേരളത്തില്‍ തങ്ങള്‍ക്കില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
കേന്ദ്രത്തിനെതിരായ ഒരു സമരത്തിനും എല്‍ഡിഎഫിനെയോ സിപിഐഎമ്മിനെയോ കൂട്ട് പിടിക്കില്ലെന്നും ഇവര്‍ തമ്മില്‍ എപ്പോള്‍ കോംപ്രമൈസ് ആകുമെന്ന് പറയാന്‍ പറ്റില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.ഒരു രൂപ പോലും കേരളത്തിന് നല്‍കിയില്ലെന്നും യുഡിഎഫ് എംപിമാര്‍ പ്രതിഷേധമറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുണ്ടക്കൈ ചൂരമൽമലയിലെ ഉരുൾപൊട്ടൽ ദേശീയദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന കേന്ദ്ര നിലപാട് സംസ്ഥാനത്തോടുള്ള വെല്ലുവിളിയെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു.
വയനാട്ടിലേത് കേരളം കണ്ട വലിയ ദുരന്തമാണെന്നായിരുന്നു എം വി ഗോവിന്ദൻ്റെ പ്രതികരണം. പ്രധാനമന്ത്രി സന്ദർശിച്ച് സഹായം പ്രഖ്യാപിച്ചിട്ടും ഒന്നും കിട്ടിയിട്ടില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാൽ പുനരധിവാസത്തിന് വലിയ സഹായം കിട്ടുമായിരുന്നുവെന്നും ഇക്കാര്യത്തിൽ എന്ത് ചെയ്യണമെന്ന് പാർട്ടി തലത്തിലും സർക്കാർ തലത്തിലും ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളം വ്യക്തമായ പദ്ധതി സമർപ്പിക്കാത്തതിനാലാണ് വയനാടിനുള്ള കേന്ദ്ര സഹായം വൈകുന്നതെന്നാണ് ബിജെപി നേതാവ് വി മുരളീധരൻ പറയുന്നത്. ഊഹക്കണക്കുകൾ വച്ച് കേന്ദ്രത്തിനു പണം നൽകാനാവില്ല. ബിഹാറും ആന്ധ്രയും ചെയ്തത് പോലെ പ്രത്യേക പദ്ധതികൾ തയാറാക്കി നൽകുകയാണ് കേരള സർക്കാർ ചെയ്യേണ്ടതെന്നു മുരളീധരൻ പറഞ്ഞു.