കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. എഡിഎം നവീൻ ബാബുവിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇന്നലെ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.Protest over the death of ADM Naveen Babu
ഇന്നലെ എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിൽ വെച്ചാണ് ക്ഷണിക്കാതെയെത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതിയാരോപണമുന്നയിച്ചത്. ഇതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് വിവരം. താൻ ശുപാർശ ചെയ്തിട്ടും നടക്കാത്ത കാര്യം പിന്നീട് മറ്റൊരാളുടെ ശുപാർശയിൽ നടന്നതിലെ വിദ്വേഷണമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാണിച്ചതെന്നാണ് വിമർശനം.
പെട്രോള്‍ പമ്പിന്റെ എന്‍ഒസിയുമായി ബന്ധപ്പെട്ട് അടിമുടി ദുരൂഹതയുടെ ഭാഷയില്‍ ദിവ്യ ഉന്നയിച്ച അഴിമതി ആരോപണം കേട്ട് ഇന്നലെ വേദിയില്‍ മൗനിയായിരുന്ന നവീന്‍ ബാബുവിനെ ഇന്ന് കണ്ടെത്തുന്നത് ആത്മഹത്യ ചെയ്ത നിലയിലാണ്. ട്രാന്‍സ്ഫര്‍ കിട്ടി സ്വന്തം നാട്ടിലേക്ക് മടങ്ങാനിരുന്ന നവീന്റെ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കപ്പെടാത്ത അതിഥിയായി ദിവ്യയെത്തുകയായിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പെരുമാറ്റം അപക്വമായെന്ന വിമര്‍ശനം സ്വന്തം മുന്നണിയില്‍ നിന്ന് തന്നെ ഉയരുന്നുണ്ട്. അതേസമയം ദിവ്യയ്‌ക്കെതിരെ തെരുവില്‍ പ്രതിഷേധം തുടരുകയാണ് കോണ്‍ഗ്രസും ബിജെപിയും. റിട്ടയര്‍മെന്റിനോട് അടുത്ത സമയത്ത് നവീന്‍ ബാബു ഒരുലക്ഷം രൂപ കണ്ട് കണ്ണ് മഞ്ഞളിച്ച് ഇക്കാലമത്രയും തുടര്‍ന്ന സത്യസന്ധത കൈവിട്ടെന്ന് വിശ്വസിക്കാന്‍ സഹപ്രവര്‍ത്തകരോ റവന്യൂ വകുപ്പോ പോലും തയാറാകുന്നില്ല.
ദിവ്യയുടേത് വെറുമൊരു പബ്ലിസിറ്റ് സ്റ്റണ്ട് മാത്രമായിരുന്നോ അതോ അതിനപ്പുറം കാരണങ്ങളുണ്ടോ എന്നുള്ള സംശയങ്ങളും സജീവമായി ഉയരുന്നുണ്ട്. കൃത്യമായി കാര്യമെന്തെന്ന് പറയാതെ ദുരൂഹത നിലനിര്‍ത്തി സംസാരിച്ച ദിവ്യ കൂടുതല്‍ വിവരങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ പുറത്തുവിടുമെന്നും പറഞ്ഞു.
നവീന് ഉപഹാരം സമര്‍പ്പിക്കുന്നത് കാണുന്നതിന് മുന്‍പേ അതിവേഗം വേദി വിട്ടിറങ്ങിയ ദിവ്യ, ‘ഉപഹാരം സമര്‍പ്പിക്കുമ്പോള്‍ ഞാനിവിടെ ഉണ്ടാവരുത് എന്ന് ആഗ്രഹിക്കുന്നു. അതിന് പ്രത്യേക കാരണങ്ങളുണ്ട്. ആ കാരണങ്ങള്‍ രണ്ട് ദിവസം കൊണ്ട് നിങ്ങളെല്ലാം അറിയും’ എന്നുകൂടി പറഞ്ഞുവച്ചാണ് മടങ്ങിയത്.
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റേത് സിപിഐഎം കുടുംബമെന്ന് ബന്ധുക്കള്‍ പറയുന്നു. നവീന്റെ മാതാവും മറ്റ് ബന്ധുക്കളും സിപിഐഎം അനുഭാവികളാണ്. നവീന്‍ പഠിക്കുന്ന കാലത്ത് എസ്എഫ്‌ഐ ആയിരുന്നെന്നും ഇടത് അനുഭാവിയാണെന്നും നവീന്റെ സ്വദേശമായ മലയാലപ്പുഴയിലെ സിപിഐഎം പ്രവര്‍ത്തകര്‍ തന്നെ പറയുന്നു.
നവീന്റെ ഭാര്യ കോന്നി തഹസീല്‍ദാറാണ്. നവീന്റെ അമ്മ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ്. നവീന് അഴിമതിക്കാരന്‍ എന്ന പേര് ഒരിക്കലും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു.
പെട്രോള്‍ പമ്പിന്റെ അനുമതിക്കായി പ്രശാന്തന്‍ എന്നയാളോട് നവീന്‍ 98500 രൂപ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് പ്രശാന്തന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ പ്രശാന്തന്‍ സിപിഐഎം നേതാവ് ബിജു കണ്ടക്കൈയുടെ ബന്ധുവാണെന്നും ഈ വിഷയം സിപിഐഎം കെട്ടിച്ചമച്ചതാണെന്നും കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി ആരോപിച്ചു.
ഇതിനിടെ താനും സിപിഐഎമ്മും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് സൂചിപ്പിക്കുന്ന നവീന്റെ ഒരു വാട്ട്‌സ്ആപ്പ് മെസേജ് പുറത്തെത്തി. സിപിഐ സംഘടനക്കാരും റവന്യൂ മന്ത്രിയും ഇടപെട്ടിട്ടും പത്തനംതിട്ടയിലേക്ക് മാറ്റം തരാന്‍ തയ്യാറായില്ലെന്നും സ്വന്തം സംഘടനയില്‍ പെട്ടവര്‍ തന്നെയാണ് ഇതിന് പിന്നിലെന്നും സൂചിപ്പിക്കുന്ന വാട്ട്‌സ്ആപ്പ് സന്ദേശമാണ് പുറത്തെത്തിയത്. ഇത് രണ്ടുമാസം മുന്‍പ് നവീന്‍ ബാബു സുഹൃത്ത് ഹരിഗോപാലിനയച്ച സന്ദേശമാണ്.
നവീന്റെ ട്രാക്ക് റെക്കോര്‍ഡുകള്‍ ശുദ്ധമാണെന്ന സഹപ്രവര്‍ത്തകരുടേയും സംഘടനാ പ്രതിനിധികളുടേയും വാദത്തിന് റവന്യൂ വകുപ്പിന്റെ പിന്തുണയുമുണ്ട്. നവീനെക്കുറിച്ച് മോശമായ ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നുമായിരുന്നു റവന്യൂ മന്ത്രി കെ രാജന്റെ പ്രതികരണം. ജനപ്രതിനിധികള്‍ പക്വത പാലിക്കണമെന്ന് കെ രാജന്‍ പിപി ദിവ്യയെ ഓര്‍മിപ്പിക്കുകയും ചെയ്തു.
അതേസമയം കണ്ണൂരില്‍ കോണ്‍ഗ്രസ്, ബിജെപി, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. പിപി ദിവ്യക്കതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടാണ് വിവിധ സംഘടനകളുടെ പ്രതിഷേധം. കണ്ണൂര്‍ കളക്ടറേറ്റില്‍ കളക്ടറുടെ ചേംബറിന് മുന്നില്‍ ജീവനക്കാര്‍ പ്രതിഷേധം നടത്തി.
ജില്ലാ പഞ്ചായത്തിന് മുന്നില്‍ പിപി ദിവ്യയുടെ കോലം ഉയര്‍ത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടന്നത്. പൊലീസെത്തിയാണ് പ്രതിഷേധക്കാരെ പഞ്ചായത്തിന് മുന്നില്‍ നിന്ന് നീക്കിയത്. പ്രതിഷേധത്തിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി.
ജില്ലാ പഞ്ചായത്തിന് മുന്നില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരും പ്രതിഷേധവുായി എത്തിയിരുന്നു. പഞ്ചായത്തിനകത്ത് കയറിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പള്ളിക്കുന്നിൽ ദേശീയപാത ഉപരോധിച്ചായിരുന്നു കോൺഗ്രസിന്റെ പ്രതിഷേധം. തെളിവുകൾ നശിപ്പിച്ചു കൊണ്ടാണ് മൃതദേഹം ഇവിടെ നിന്ന് കൊണ്ടുപോയതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ രാജിവെയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അതേ സമയം എഡിഎമ്മിന്റെ ആത്മഹത്യയിൽ കാരണക്കാരായവർക്കെതിരെ കേസെടുത്ത് നടപടിയാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ഗവേഷണ വിഭാഗം കോർഡിനേറ്റർ വിനീത് തോമസാണ് പരാതി നൽകിയത്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.
സിപിഐഎം സംഘടനയുടെ ഭാഗമായ ഉദ്യോഗസ്ഥന്‍ അഴിമതിക്കാരനാണെന്ന് പ്രതിപക്ഷ സംഘടനയില്‍പ്പെട്ടയാളുകള്‍ക്ക് പോലും ധാരണയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.
അതേസമയം പെട്രോള്‍ പമ്പ് അനുവദിക്കാന്‍ നവീന്‍ ബാബുവിന് കൈക്കൂലി നല്‍കി എന്ന് പരാതി നല്‍കിയ വ്യക്തിയും പി. പി. ദിവ്യയുടെ ഭര്‍ത്താവും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ആരോപണം. ഈ പമ്പു തന്നെ ദിവ്യയുടെ കുടുംബത്തിനുവേണ്ടിയാണോ എന്ന സംശയം ബലപ്പെടുകയാണെന്നും സുരേന്ദ്രന്‍ പറയുന്നു.
നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിഷേധം ശക്തമായിരിക്കെ പി പി ദിവ്യയെ തള്ളി സിപിഐഎം ജില്ലാ നേതൃത്വം രംഗത്തെത്തി. യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് യാത്രയയപ്പ് യോഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനം മാത്രമാണെന്നും തെറ്റായ പ്രവണതകള്‍ അനുഭവത്തില്‍ ഉണ്ടായാല്‍ പലരും ജനപ്രതിനിധികളോട് അവരുടെ സങ്കടങ്ങള്‍ വിവരിക്കാറുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ നേതൃത്വം ദിവ്യയെ ന്യായീകരിക്കുന്നുമുണ്ട്.
കണ്ണൂർ എഡിഎം നവീൻ ബാബുവിനെ പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ നിന്നും സ്വന്തം നാടായ പത്തനംതിട്ടയിലേക്ക് ട്രാൻസ്ഫർ ലഭിച്ച അദ്ദേഹം ഇന്ന് പത്തനംതിട്ടയിലേക്ക് ട്രെയിനിൽ ജോലിക്ക് പോകേണ്ടതായിരുന്നു. എന്നാൽ ഇന്ന് രാവിലത്തെ ട്രെയിനിൽ കയറിയില്ലെന്ന് കണ്ട് ബന്ധുക്കൾ കണ്ണൂരിൽ വിവരമറിയിക്കുകയായിരുന്നു. താമസ സ്ഥലത്ത് പരിശോധിച്ചപ്പോഴാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.