ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് കേന്ദ്രസഹായം വൈകുന്നതിനെതിരെ നിയുക്ത എംപി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിഷേധം തുടരുമെന്ന് യുഡിഎഫ്. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ സോണിയാ ഗാന്ധിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടേയും നേതൃത്വത്തില്‍ സമരം സംഘടിപ്പിക്കുമെന്ന് ടി സിദ്ദിഖ് എംഎല്‍എ അറിയിച്ചു.Protest led by Priyanka Gandhi against delay in central aid to Wayanad victims
പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധിക്കും. രാഹുല്‍ ഗാന്ധി തുടങ്ങിവെച്ച പദ്ധതികളും കേന്ദ്ര സഹായം ലഭ്യമാക്കാനുള്ള ശ്രമങ്ങളും പ്രിയങ്ക തുടരുമെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സക്കാരുകള്‍ക്കെതിരെ വയനാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തി.
ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ഇരകള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്നും സന്നദ്ധ പ്രവര്‍ത്തകരുടെയും സംഘടനകളുടെയും ഇടപെടലുകൊണ്ടാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
സ്‌പോണ്‍സര്‍മാരുടെ യോഗം വിളിക്കാന്‍ തയ്യാറായിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ സാങ്കേതിക കാരണങ്ങള്‍ പറയുകയാണെന്നും വയനാടിന് പ്രത്യേക പാക്കേജാണ് വേണ്ടതെന്നും വയനാട്ടിലെ നേതാക്കള്‍ ആവശ്യപ്പെട്ടു.
വയനാട്ടില്‍ നിന്നുള്ള വിജയപത്രം കേരളത്തിൽ നിന്നുള്ള നേതാക്കള്‍ പ്രിയങ്കയ്ക്ക് കൈമാറി. അതിനിടെ ടൗണ്‍ഷിപ്പ് പട്ടികയില്‍ നിന്നും ഒഴിവാക്കിയെന്നാരോപിച്ച് അട്ടമല നിവാസികള്‍ മേപ്പാടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. വയനാട്ടില്‍ നിന്നുള്ള യുഡിഎഫ് പ്രതിനിധി സംഘം നാളെ പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ ചടങ്ങിലും പങ്കെടുക്കും.