കൊച്ചി: പിറന്നാള്‍ ആഘോഷത്തിന് വാങ്ങിയ ബലൂണില്‍ ‘ഐ ലവ് യു പാകിസ്താൻ’ എന്ന എഴുത്തും പതാകയും കണ്ടതായി ഏരൂർ സ്വദേശിയുടെ പരാതി.Pro-Pakistan slogan on balloon bought for birthday celebration
മകന്റെ പിറന്നാളാഘോഷത്തിന് വാങ്ങിയ ബലൂണിലാണ് പാക് പതാകയും എഴുത്തും കണ്ടത്. യുവാവിന്റെ പരാതിയില്‍ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് അന്വേഷണം തുടങ്ങി.
കാസർകോട് സ്വദേശിയുടെ കടയില്‍ നിന്ന് തിങ്കളാഴ്ചയാണ് യുവാവ് ബലൂണുകള്‍ വാങ്ങിയത്. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി വീർപ്പിച്ച് നോക്കിയപ്പോഴാണ് വെളുത്ത ബലൂണില്‍ പതാകയും എഴുത്തും ശ്രദ്ധയില്‍പ്പെട്ടത്.
ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് കടയില്‍ എത്തി ബലൂണുകളെല്ലാം കസ്റ്റഡിയിലെടുത്തു. പൊലീസിന്റെ നിർദ്ദേശ പ്രകാരം കട അടച്ചു.
എന്നാല്‍ കടയുടമയ്‌ക്ക് എതിരെ കേസ് എടുക്കാൻ പൊലീസ് തയ്യാറായില്ല. കുന്നംകുളത്ത് നിന്ന് മൊത്തമായി വാങ്ങിയതാണ് ബലൂണുകളെന്ന് കടയുടമ മൊഴി നല്‍കി. ബലൂണ്‍ പാക്കറ്റില്‍ നിർമ്മാതാവിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംഘപരിവാർ സംഘടനകള്‍ കടയുടെ മുന്നിലേക്ക് ചൊവ്വാഴ്ച വൈകീട്ട് മാർച്ച് നടത്തി. ആസാദ് ജങ്ഷനില്‍നിന്നാരംഭിച്ച മാർച്ച് ആർ.എസ്.എസ്. നഗർ കാര്യവാഹ് രാഗേഷ് ഉദ്ഘാടനം ചെയ്തു. അനീഷ് ചന്ദ്രൻ, സുരേഷ്, എം.എസ്. വിനോദ്, അജിത്കുമാർ, പീതാംബരൻ എന്നിവർ സംസാരിച്ചു.