ന്യൂഡൽഹി: വയനാട് എംപിയായി പ്രിയങ്ക ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ. വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട വിഷയം കന്നിപ്രസംഗത്തിൽ പ്രിയങ്ക ഇന്ന് പാർലമെന്റിൽ ഉന്നയിച്ചേക്കുമെന്നാണ് സൂചന.Priyanka Gandhi will take oath as Wayanad MP today
വയനാട് പാര്‍ലമെന്റ് മണ്ഡലം എംപിയായി പ്രിയങ്ക ഗാന്ധിയെ തിരഞ്ഞെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റ് കേരളത്തിലെ നേതാക്കൾ ഡൽഹിയിലെത്തി പ്രിയങ്കയ്ക്ക് ഇന്നലെ കൈമാറിയിരുന്നു.
വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറയാൻ പ്രിയങ്ക ശനിയാഴ്ച (നവംബർ 30) കേരളത്തിലെത്തും. രണ്ട് ദിവസത്തേക്കാണ് പ്രിയങ്ക ഗാന്ധിയുടെ കേരള സന്ദർശനം. 30ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദർശനം നടത്തുക. ഒന്നിന് വയനാട് ജില്ലയിൽ സന്ദർശനം നടത്തും.
4,10,931 ഭൂരിപക്ഷം നേടിയാണ് പ്രിയങ്ക ഗാന്ധിയുടെ ലോക്സഭ പ്രവേശനം.വയനാട്ടിൽ 2024ൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോൾ ലഭിച്ച ഭൂരിപക്ഷം മറികടന്നുകൊണ്ടാണ് പ്രിയങ്കയുടെ മിന്നും ജയം. 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ 6,47,445 വോട്ടുകൾ നേടി 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വിജയിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും സമരമുഖങ്ങളിലും കോൺഗ്രസിനെ ആവേശം കൊള്ളിച്ച ശബ്ദം ഇനി പാർലമെന്റിലും ഉയരും.