ന്യൂഡല്‍ഹി: കേരളീയ വേഷത്തിൽ പ്രിയങ്ക ഗാന്ധി പാർലമെൻറിൽ. ഭരണഘടന ഉയർത്തിപ്പിടിച്ച് വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിൽ നിന്നുളള ഏക വനിതാ അംഗമാണ് പ്രിയങ്കാ ഗാന്ധി.priyanka gandhi take oath in parliament
കേരളത്തിൽ നിന്നുളള പ്രതിനിധിയായി കേരളാ സാരിയിലെത്തിയ പ്രിയങ്കയെ വലിയ കയ്യടികളോടെയാണ് കോൺഗ്രസ് എംപിമാർ പാർലമെന്റിൽ സ്വഗതം ചെയ്തത്. സത്യപ്രതിജ്ഞക്ക് ശേഷം പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രിയങ്കയും പങ്കാളിയായി. പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ 12 മണി വരെ നിർത്തിവെച്ചിരിക്കുകയാണ്.
പ്രിയങ്ക കൂടിയെത്തിയതോടെ നെഹ്റു കുടുംബത്തില്‍ നിന്നുള്ള 3 പേര്‍ പാര്‍ലമെന്‍റില്‍ സാന്നിധ്യമാകുകയാണ്. സഹോദരൻ രാഹുൽ ഗാന്ധി ലോക്സഭാംഗവും മാതാവ് സോണിയ ഗാന്ധി രാജ്യസഭാംഗവുമാണ്. ഇന്നത്തെ പാര്‍ലമെന്‍റ് നടപടികളില്‍ പ്രിയങ്ക ഗാന്ധി ഭാഗമാകും. അമ്മ സോണിയ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക പാർലമെന്റിലേക്ക് എത്തിയത്. ജീവിതപങ്കാളി റോബർട്ട് വാദ്രയും മക്കളും പ്രിയങ്കയുടെ സത്യപ്രതിജ്ഞ കാണാൻ എത്തിയിരുന്നു.
വയനാട്ടിൽ മുൻ എംപി രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തെ മറികടന്ന് നാല് ലക്ഷത്തിലേറെ വോട്ടുകൾക്കായിരുന്നു പ്രിയങ്കയുടെ കന്നിവിജയം. ഏറെ നാൾ കോൺഗ്രസ് സംഘടനാ ചുമതല വഹിച്ച ശേഷമാണ് ജനപ്രതിനിധിയെന്ന കുപ്പായം പ്രിയങ്ക അണിയുന്നത്.
നവംബര്‍ 30 നും ഡിസംബര്‍ ഒന്നിനും പ്രിയങ്ക വയനാട് മണ്ഡലത്തില്‍ പര്യടനം നടത്തും. 30ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദര്‍ശനം നടത്തുക. ഒന്നിന് വയനാട് ജില്ലയിലും സന്ദര്‍ശനം നടത്തും.