വയനാട് : വയനാട്ടിലെ ദുരന്തബാധിത മേഖലകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിസന്ദര്‍ശിച്ചതോടെ കൂടുതല്‍ പ്രതീക്ഷയിലാണ് കേരളം. ദുരന്തബാധിതരെ നേരിട്ട് കണ്ട മോദി സാധ്യമായതെല്ലാം കേന്ദ്രം ചെയ്യുമെന്ന വാഗ്ദാനവും നല്‍കിയാണ് മടങ്ങിയിരിക്കുന്നത്.Prime Minister’s visit to Wayanad
ഹെലികോപ്റ്ററിൽ ആകാശ നിരീക്ഷണം നടത്തിയ ശേഷം മുണ്ടക്കൈയിലെ ദുരന്തവ്യാപ്തി ദുരന്തമേഖലകളിൽ നേരിട്ടെത്തി പ്രധാനമന്ത്രി കണ്ടറിഞ്ഞു. ഉരുളെടുത്ത വെള്ളാർമല സ്കൂൾ പ്രദേശം നടന്നുകണ്ടു. ബെയ്‍ലി പാലത്തിലും മോദിയെത്തി. ദുരന്തത്തിൽ പരിക്കേറ്റവരെയും ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെയും കണ്ടതിനുശേഷമാണ് പ്രധാനമന്ത്രി വയനാട് കളക്ടറേറ്റിൽ ചേർന്ന അവലോകനയോഗത്തിനെത്തിയത്.
വയനാട് ദുരിതത്തിൽ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ കേരളത്തോട് നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയിൽ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങി കാര്യങ്ങൾ ഉൾപ്പെടെയുള്ള വിശദമായ കണക്കുകൾ ഉൾപ്പെട്ട മെമ്മോറാണ്ടമാണ് സമർപ്പിക്കേണ്ടത്.
ഇത് സഹായം പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നടപടിക്രമങ്ങളുടെ ഭാഗമാണ്. കേരളത്തിനൊപ്പമുണ്ടെന്നും പണം തടസ്സമാകില്ലെന്നും സഹായം ലഭ്യമാക്കുമെന്നും ഇന്ന് കളക്ടേറ്റിൽ നടന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു.
കേന്ദ്രത്തിന് കഴിയുന്ന എല്ലാ സഹായവും വയനാട് ഉരുൾപ്പൊട്ടൽ ദുരിതബാധിതര്‍ക്ക് നൽകും. ദുരിതബാധിതര്‍ക്ക് ഒപ്പം നിൽക്കുകയാണ് ഇപ്പോൾ ഏറ്റവും പ്രധാനം. നൂറ് കണക്കിന് ആളുകളുടെ സ്വപ്നങ്ങളാണ് തകര്‍ന്നത്. ദുരന്തത്തിൽപ്പെട്ടവരുടെ ഭാവി സംരക്ഷിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണെന്നും കളക്ടേറ്റിലെ അവലോകന യോഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
ദുരന്തബാധിതരെ നേരിൽ കണ്ടു. അവരുടെ ദുഃഖങ്ങളും ദുരിതങ്ങളും നേരിട്ടറിഞ്ഞു. കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് മാനസിക പിന്തുണ നൽകേണ്ടത് അനിവാര്യമാണ്. ദുരന്തബാധിതർക്കൊപ്പം നിൽക്കുകയെന്നതാണ് പ്രധാനം. ഭാവി ജീവിതവും സ്വപ്നവും യാഥാർത്ഥ്യമാക്കാൻ നാം അവർക്കൊപ്പം ചേരണം.
അത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സർക്കാരുകൾ ഏതുമാകട്ടെ ദുരിതബാധിതർക്കൊപ്പമാണ് നമ്മൾ നിൽക്കുന്നത്. കേരളത്തിൻ്റെ ആവശ്യങ്ങൾക്കൊപ്പമുണ്ടാകുമെന്നും മോദി ഉറപ്പ് നൽകി.
ദുരന്തത്തെക്കുറിച്ചും നിലവിലെ സാഹചര്യത്തെക്കുറിച്ച് സംസ്ഥാന സർക്കാർ യോഗത്തിൽ അവലോകന പ്രധാനമന്ത്രിക്ക് മുൻപിൽ വിശദീകരിച്ചു. മുണ്ടക്കൈ ദുരന്തത്തിന്റെ വിശദമായ റിപ്പോർട്ട് യോഗത്തിൽ പ്രധാനമന്ത്രിക്ക് മുമ്പിൽ അവതരിപ്പിച്ചിരുന്നു.
യോഗത്തിൽ മുണ്ടക്കൈയ്ക്ക് വേണ്ട സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള മെമൊറാണ്ടം മുഖ്യമന്ത്രി പ്രധാനമന്ത്രി സമർപ്പിച്ചു. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്നും പ്രാധമികസഹായവും ദീര്‍ഘകാല സഹായവും വയനാടിന് ആവശ്യമാണെന്ന് പ്രധാനമന്ത്രിക്ക് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളെ കണ്ട പ്രധാനമന്ത്രി, 45 വർഷം മുൻപ് ഗുജറാത്തിലുണ്ടായ അണക്കെട്ട് ദുരന്തത്തെ കുറിച്ച് പരാമർശിച്ചു. അന്ന് 29-ാമത്തെ വയസിൽ സന്നദ്ധ പ്രവർത്തനത്തിന് ഇറങ്ങിയ കാര്യവും മോദി ഓർത്തെടുത്തു.
ദുരിതബാധിതരുടെ പുനരധിവാസത്തിന് 2,000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്രത്തോട് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിന്‍റെ തീരുമാനം. എന്നാല്‍, ഇത് സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും പ്രധാനമന്ത്രി ഇന്ന് നടത്തിയില്ല.
ദുരന്തത്തിന്‍റെ വ്യാപ്തിയും നാടിന്‍റെ വേദനയും നേരിട്ടറിഞ്ഞാണ് പ്രധാനമന്ത്രി ചൂരൽമലയില്‍ നിന്ന് മേപ്പാടിയിലേക്ക് പോയത്. ഉരുളെടുത്ത വെള്ളാർമല സ്കൂൾ പ്രദേശം നടന്നുകണ്ടു.
വെള്ളാര്‍മല സ്‌കൂള്‍ പരിസരത്ത് എത്തിയപ്പോള്‍ കുട്ടികളുടെ കാര്യത്തില്‍ പ്രധാനമന്ത്രി ആശങ്ക പങ്കുവച്ചു. കുട്ടികളുടെ തുടര്‍പഠനത്തെക്കുറിച്ചും ചോദിച്ചറിഞ്ഞു. തീരുമാനിച്ചതിലും കൂടുതല്‍ സമയം പ്രധാനമന്ത്രി ചൂരല്‍മലയില്‍ ചെലവഴിച്ചു.
ക്യാമ്പിലെ ഒമ്പതുപേരുമായിട്ടാണ് മോദി കൂടിക്കാഴ്ച നടത്തിയത്. ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായവര്‍ അവരുടെ സങ്കടം പ്രധാനമന്ത്രിയോട് പറഞ്ഞു. 25 മിനിട്ടോളം നേരമാണ് പ്രധാനമന്ത്രി ക്യാമ്പിൽ ചിലവഴിച്ചത്. ദുരന്തബാധിതരുടെ വാക്കുകള്‍ കേട്ട പ്രധാനമന്ത്രി അവരെ ആശ്വസിപ്പിച്ചു.
ക്യാമ്പുകളില്‍ കഴിയുന്നവരുടെ പ്രതിനിധികളായാണ് ഒമ്പതുപേര്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചത്. ദുരിതാശ്വാസ ക്യാമ്പിലെ സന്ദര്‍ശനത്തിനുശേഷം മേപ്പാടിയിലെ വിംസ് ആശുപത്രിയിലും പ്രധാനമന്ത്രി എത്തി. ദുരന്തത്തില്‍ അകപ്പെട്ട് ആശുപത്രിയില്‍ കഴിയുന്ന നാലുപേരെയാണ് മോദി കൂടിക്കാഴ്ച നടത്തിയത്.
എഡിജിപി എംആർ അജിത്കുമാറാണ് പ്രധാനമന്ത്രിക്ക് ദുരിതമേഖലയിലെ സാഹചര്യം വിശദീകരിച്ചു നൽകിയത്.അവലോകന യോഗത്തിന് ശേഷം പ്രധാനമന്ത്രി മടങ്ങി.