കോട്ടയം: ആനിക്കാടിന്റെ ദേശവീഥികളിലൂടെ ലാളിതൃത്തിന്റെ പ്രതീകമായ ഒരു നാടൻ സൈക്കിളിൽ യാത്ര ചെയ്ത് സാമൂഹിക സേവനത്തിന്റെ പരിമളം പരത്തി ജനമനസുകളിൽ ജീവിക്കുന്ന നന്മമരമായിരുന്നു വല്ലേൃട്ടൻ എന്ന രാമകൃഷ്ണൻ. Prasannan Anikad, former chairman of Cartoon Academy, remembers KV Ramakrishnan
പ്രകൃതി ജീവനത്തിന്റേയും ജൈവ കൃഷിയുടേയും ആദ്യ കാല പ്രചാരകൻ കെ. വി. രാമകൃഷ്ണൻ (വല്യേട്ടൻ) ഇന്നലെയാണ് കാലയവനികക്കുള്ളിൽ മറഞ്ഞത്.
വിശ്രമമില്ലാതെ കർമ്മ പഥങ്ങളിൽ സഞ്ചരിച്ചിരുന്ന അദ്ദേഹം മഹർഷിതുലൃമായ ജീവിതം നയിച്ചു.അവിവാഹിതനായ അദ്ദേഹത്തെ ആനിക്കാട് ദേശത്തെ, പള്ളിക്കത്തോട്ടിലെയും മുക്കാലിയിലെയും കുടുംബങ്ങൾ തങ്ങളുടെ വലിയേട്ടനായി കരുതി സ്വീകരിച്ചു.
ആർക്കും എന്താവശൃം വന്നാലും ഒരുവിളിപ്പാടകലെ എപ്പോഴും വലിയേട്ടനുണ്ടാവും. കോവിഡ് കാലത്ത് വിശ്രമമില്ലായിരുന്നു അദ്ദേഹത്തിന്. രോഗികൾക്ക് മരുന്നു കൊണ്ടുപോയി കൊടുക്കാൻ, കുട്ടികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചു കൊടുക്കാൻ, കിടപ്പ് രോഗികളെ ശുശ്രൂഷിക്കാൻ..

ഇങ്ങനെ കളങ്കമില്ലാത്ത മനുഷൃസ്നേഹത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം. വലിയേട്ടനെകുറിച്ച് കാർട്ടൂൺ അക്കാദമി മുൻ ചെയർമാൻ പ്രസന്നൻ ആനിക്കാട് എഴുതിയ കുറിപ്പ് ;
സൈക്കിൾ വല്യേട്ടൻ …!
ലാളിത്യത്തിൽ ഗാന്ധിജിയുടെ വല്യേട്ടനായി ഒരാളെ സങ്കൽപിക്കാനാകുമൊ..
എങ്കിൽ ആ ആളിൻ്റെ ഭാവഹാവാദികൾക്കും രൂപ കൽപനക്കും തുല്യമായി വല്യേട്ടൻ എന്ന രാമകൃഷ്ണനോളം പാകമായി വേറെ ഒരാളും കാണാൻ സാധ്യതയില്ല.
ആനിക്കാട് ഗ്രാമത്തിൻ്റെ വേറിട്ട വഴികളിലൂടെ സൈക്കിളിൻ്റെ പര്യായമായി സഞ്ചരിച്ചിരുന്ന രാമകൃഷണൻ എന്ന നാട്ടുകാരുടെ വല്യേട്ടൻ..
‘ സംഘി ‘ എന്ന വിളിപ്പേര് കേരളം കേട്ടു തുടങ്ങിയിട്ടില്ലാത്ത കാലത്തെ സംഘത്തിൻ്റെ ആശയ പ്രചാരകനായിരുന്നു രാമകൃഷ്ണൻ..
അടിയന്തരാവസ്ഥയിൽ കുറേക്കാലം ‘ അകത്തും ‘ കിടന്നു.
സൈക്കിളുമായുള്ള നാഭീനാള ബന്ധം മരണം വരെ കാത്തു.
സവാരിക്കിടയിൽ , താടിയിൽ നിന്നും പറപറക്കുന്ന രോമരാജികൾ ഒരു കാഴ്ച തന്നെയായിരുന്നു..
യോഗയും നാചുറോപ്പതിയും നാടൻ കൃഷിയും പുസ്തക വായനയും ഒക്കെ സഹൃദയർക്കിടയിൽ ആവും വിധം പരിപോഷിപ്പിച്ചിരുന്ന , തികച്ചും സാധാരണക്കാരൻ.
കൈരളി ചാനലിൽ വി.കെ. ശ്രീരാമൻ അവതരിപ്പിച്ചിരുന്ന ‘ വേറിട്ട കാഴ്ചകളിൽ ‘ മിന്നിമറഞ്ഞു പോയ തലതിരിവുള്ള നിരവധി ഗ്രാമീണരുടെ ഒരു സമഗ്ര കാരിക്കേച്ചർ..!
പരിത്യാഗത്തിൽ ക്രിസ്തു , ധർമരക്ഷയിൽ കൃഷ്ണൻ,
അഹിംസയിൽ ബുദ്ധൻ, ദയാവായ്പിൽ രന്തിദേവൻ, ബുദ്ധിശക്തിയിൽ ശങ്കരാചാര്യർ, സ്ഥിരതയിൽ മുഹമ്മദ്, സത്യസന്ധതയിൽ ഹരിശ്ചന്ദ്രൻ….
‘ എൻ്റെ ഗുരുനാഥൻ ‘ എന്ന കവിതയിൽ മഹാത്മജിയെ അടയാള പ്പെടുത്താൻ വള്ളത്തോൾ ഉപയോഗിച്ച സവിശേഷബിംബ കൽപനകൾ മേൽപറഞ്ഞ മഹത്തുക്കളുടേതായിരുന്നു..
ഈ രീതിയിൽ ആനിക്കാടിൻ്റെ വല്യേട്ടനെ അവതരിപ്പിക്കാൻ ശ്രമിച്ചാൽ ഒരു പക്ഷെ നാം പരാജയപ്പെട്ടേക്കാം..
കാരണം അതെല്ലാം ,ഒരു കാലിഡോ സ്കോപ്പിലെ വളപ്പൊട്ടുകൾ തീർക്കുന്ന ശ്ലഥ ബിംബങ്ങൾ മാതിരിയായി മാറിയെന്നുവരാം..
അനു നിമിഷം മാറി മറിയുന്ന , ഐഹികമായ ഒരു മഹത്വാ കാംഷയിലും അഭിരമിക്കുന്നതായിരുന്നില്ലല്ലൊ ഈ മനുഷ്യൻ്റെ സ്ഥായിയായ രൂപവും ഭാവവും..!
വിട..