മലപ്പുറം: കേരള ബാങ്ക് ഡയറക്ടർ ആയതിന് പിന്നാലെ പി അബ്ദുൽ ഹമീദ് എംഎൽഎക്കെതിരെ മലപ്പുറത്ത് പോസ്റ്റർ. പാർട്ടിയെയും പാർട്ടി അണികളെയും വഞ്ചിച്ച യൂദാസ് എന്ന് ആക്ഷേപിച്ചാണ് പോസ്റ്റർ. എംഎൽഎ പാർട്ടിയെ വഞ്ചിച്ചു. പാർട്ടിയിൽ നിന്നും പുറത്താക്കണമെന്നും പോസ്റ്ററിൽ പറയുന്നു.
Poster against P Abdul Hameed MLA in Malappuram
മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലടക്കമാണ് പേര് വയ്ക്കാത്ത പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. അതേസമയം, ലീഗ് ഓഫീസിന് മുന്നിൽ പതിപ്പിച്ച പോസ്റ്റർ ഓഫീസ് സ്റ്റാഫ് കീറിമാറ്റുകയായിരുന്നു.
വിവാദത്തിനിടെ വിഷയത്തിൽ പ്രതികരണവുമായി പികെ ബഷീർ എംഎൽഎ രംഗത്തെത്തി. സഹകരണം സഹകരണ മേഖലയിൽ മാത്രമെന്ന് പികെ ബഷീർ എംഎൽഎ പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ലീഗ് യുഡിഎഫിൻ്റെ ഭാഗമായുണ്ടാകും. ലീഗ് യുഡിഎഫ് വിടുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. മുന്നണി വിടുമെന്ന പ്രചാരണമുണ്ടാക്കുന്നത് മാധ്യമങ്ങളെന്നും പി കെ ബഷീർ എം എൽ എ പറഞ്ഞു.
കേരള ബാങ്ക് ഡയറക്ടർ ബോർഡിലേക്ക് മുസ്ലിം ലീഗ് എം എൽ എ അംഗമായിരുന്നു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും വള്ളിക്കുന്ന് എംഎൽഎയുമായ പി അബ്ദുൽ ഹമീദിനെയാണ് ഭരണ സമിതി അംഗമാക്കിയത്. നിലവിൽ പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. ഇതാദ്യമായാണ് കേരള ബാങ്കിൽ യുഡിഎഫിൽ നിന്നുള്ള എംഎൽഎ ഭരണ സമിതി അംഗമാകുന്നത്.