പാലക്കാട്: ഉപതെരഞ്ഞെടുപ്പ് അടുത്തതിന് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ വിവാദങ്ങള്‍ ഉയര്ന്നതോടെ വെട്ടിലായിരിക്കുകയാണ് ബിജെപി. ബിജെപി നേതൃത്വത്തെ പിടിച്ചുലച്ച രാഷ്ട്രീയ വിവാദങ്ങളില്‍ മുഖ്യമാണ് കൊടകര കുഴല്‍പ്പണക്കേസ്. പിന്നാലെ സന്ദീപ് വാര്യരുടെ ആരോപണങ്ങളും കൂടി വന്നതോടെ പ്രതിസന്ധിയിലാണ് ബിജെപി.Political controversies BJP leadership in crisi
പാലക്കാടും ചേലക്കരയും ഇനിയും യാതൊരു പ്രതീക്ഷയ്ക്കും വകയില്ലെന്ന അവസ്ഥയാണ് പാര്‍ട്ടിക്കുള്ളത്.ബിജെപി തൃശൂർ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീഷിന്റെ വെളിപ്പെടുത്തലോടെയാണ് കുഴൽപ്പണക്കേസ് വീണ്ടും ചർച്ചാവിഷയമായത്. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും സ്ഥാനാര്‍ഥികള്‍ തമ്മിലുള്ള വാശിയില്‍ ബിജെപിക്ക് ഏറെ പ്രതീക്ഷനല്‍കിയിരുന്ന പാലക്കാട് സന്ദീപ് വാര്യരുടെ ആരോപണത്തോടെ പ്രതീക്ഷ നഷ്ടമായിരിക്കുകയാണ്.
ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം തുടരുകയാണ് സന്ദീപ് വാര്യര്‍.നിരവധി തവണ പാര്‍ട്ടിയില്‍ അപമാനം നേരിട്ടതായും പാലക്കാട് പ്രചാരണത്തിന് എത്തില്ലെന്നും സന്ദീപ് വാര്യര്‍ തുറന്നടിച്ചു.
പാര്‍ട്ടിയിൽ നിന്ന് അവഗണനയും അപമാനവും നേരിടുന്ന നിരവധി സന്ദീപ് വാര്യര്‍മാര്‍ പാലക്കാടുണ്ടെന്നും അത്തരക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള യാതൊരു ഇടപെടലും നേതൃത്വത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നും ബിജെപിയിൽ ജനാധിപത്യ വിരുദ്ധ നടപടികളാണുണ്ടാകുന്നതെന്നും ഇനി പ്രതീക്ഷയില്ലെന്നും സന്ദീപ് വാര്യര്‍ തുറന്നടിച്ചു.
ഇപ്പോഴും ബിജെപി പ്രവര്‍ത്തകനാണ്. നടപടി നേരിടാൻ മാത്രം യോഗ്യതയുള്ള നേതാവല്ല താൻ. പാലക്കാട് പ്രചാരണത്തിന് പോകില്ലെന്നും സിപിഎമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
പാലക്കാട് ജില്ലയിൽ നിരന്തരമായ അവഗണന, അധിക്ഷേപം, അപമാനം തുടങ്ങിയവ നേരിടേണ്ടിവന്നു. അത്തരമൊരു സാഹചര്യത്തിൽ ആരാണ് ഇതിന് പിന്നിലെന്ന് സമാന്യ യുക്തിയുള്ളവര്‍ക്ക് ബോധ്യമാകുമെന്ന് സി കൃഷ്ണകുമാറിന്‍റെ പേര് പരാമര്‍ശിക്കാതെ സന്ദീപ് വാര്യര്‍ പറഞ്ഞു.
ബിജെപിയിൽ ഇനി പ്രതീക്ഷയില്ലെന്നും പരിഗണന കിട്ടില്ലെന്ന് ഉറപ്പായതു കൊണ്ടാണ് തുറന്ന് പറഞ്ഞതെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ആര് അനുനയിപ്പിക്കാൻ വന്നാലും ഇനി പ്രചാരണത്തിനില്ല. ഇപ്പോൾ ബി ജെ പി പ്രവർത്തകനായി തുടരുമെന്നും നാളെ എന്ത് സംഭവിക്കുമെന്ന് പറയാനാകില്ലെന്നുമായിരുന്നു സി പി എമ്മിലേക്ക് പോകുമോ എന്ന ചോദ്യത്തിനോട് സന്ദീപ് വാര്യരുടെ പ്രതികരണം.
പാർട്ടിയിൽ നിന്ന് നേരിടുന്ന അവഗണനയെ കുറിച്ച് എപ്പോഴാണ് പരാതി പറയേണ്ടത്. തെരഞ്ഞെടുപ്പിന്ന് ശേഷം പരാതി പറഞ്ഞിട്ട് എന്തെങ്കിലും കാര്യമുണ്ടോയെന്നും സംസ്ഥാന നേതൃത്വത്തിൽ നിന്ന് പ്രശ്ന പരിഹാരം പ്രതീക്ഷിക്കുന്നില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
എന്‍ഡിഎ കണ്‍വെഷനിൽ സി കൃഷ്ണകുമാറിന്‍റെ ഭാര്യ ഉള്‍പ്പെടെയുള്ളവര്‍ വേദിയില്‍ ഇരിക്കുന്നുണ്ടായിരുന്നു. എന്നാൽ തനിക്ക് അവിടെ സീറ്റുണ്ടായിരുന്നില്ല. കൺവെൻഷൻ വേദിയിൽ ഇരിപ്പിടം ഇല്ലെന്ന് സംസ്ഥാന നേതാവ് മുഖത്ത് നോക്കി പറഞ്ഞു. പാലക്കാട് നിന്നുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് പാലക്കാട്ടെ സ്ഥാനാര്‍ത്ഥി. പ്രശ്നങ്ങളിൽ ഇടപെട്ട് ആവശ്യമായ പരിഹാരം കാണാൻ താൻ അദ്ദേഹത്തോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുള്ളതാണ്.
മാറ്റിനിര്‍ത്തപ്പെട്ട ഒരുപാട് പേര്‍ പാലക്കാട് ബിജെപിയിലുണ്ട്. അവഗണന നേരിടുന്ന നിരവധി സന്ദീപ് വാര്യര്‍മാര്‍ പാലക്കാടുണ്ട്. ജനാധിപത്യവിരുദ്ധ പ്രവണതയാണ് നടക്കുന്നത്.പാലക്കാട് കെ സുരേന്ദ്രൻ മത്സരിക്കണമെന്നാണ് അഭിപ്രായപ്പെട്ടിരുന്നത്. അങ്ങനെയായിരുന്നെങ്കില്‍ പ്രാദേശികമായ എതിര്‍പ്പുകള്‍ ഒഴിവാക്കാമായിരുന്നു.
എല്ലാവരെയും ചേര്‍ത്തുപിടിച്ചുകൊണ്ടായിരിക്കണം തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരുന്നത്. നേതൃത്വം ഇടപെട്ടിരുന്നെങ്കില്‍ ഒരു വിളിയിൽ പരിഹരിക്കാവുന്ന വിഷയമാണ് ഇത്രയും വഷളാക്കിയത്. ഒരൊറ്റ ഫോണ്‍ കോള്‍ കൊണ്ട് പ്രശ്നം പരിഹരിക്കാമായിരുന്നുവെന്നും എന്നാൽ അതുണ്ടായില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
അതേസമയം ബിജെപി നേതൃത്വത്തിനെതിരെയും പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെതിരെയും പരസ്യപ്രതികരണം നടത്തിയ സന്ദീപ് വാര്യര്‍ക്കെതിരെ ഉടൻ കടുത്ത നടപടിയുണ്ടായേക്കില്ല. തെരഞ്ഞെടുപ്പു വരെ നടപടി എടുക്കേണ്ടതില്ലെന്നു സംസ്ഥാന നേതൃത്വം അറിയിച്ചു.
ബിജെപി സംസ്ഥാന നേതൃത്വം ഓൺലൈനായി ചേർന്ന യോഗത്തിലാണ് തീരുമാനം. സന്ദീപിനെതിരെ നടപടി വേണമെന്ന് യോഗത്തിൽ ആവശ്യമുയര്‍ന്നു. എൽ ഡി എഫ് സ്ഥാനാർഥിയെ മഹത്വവൽക്കരിച്ചത് അംഗീകരിക്കാൻ ആവില്ലെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
അതേസമയം, സന്ദീപിനെതിരെ തിരക്കിട്ട് നടപടിയുണ്ടാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. എവിടെ വരെ പോകും എന്ന് നോക്കട്ടെ. കാത്തിരുന്നു കാണാമെന്നും സുരേന്ദ്രൻ പറഞ്ഞു. സന്ദീപിന്‍റെ പ്രതികരണങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. വീട്ടിലെ മരണകാര്യങ്ങൾ വരെ രാഷ്ട്രീയത്തിനായി സന്ദീപ് വാര്യര്‍ ഉപയോഗിക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. തിരഞ്ഞെടുപ്പ് സമയത്തല്ല പരാതി പറയേണ്ടതെന്നും കെ സുരേന്ദ്രൻ തുറന്നടിച്ചു.
അച്ചടക്ക നടപടി പിൻവലിച്ച് സന്ദീപിനെ കണ്ടു വന്നതാണെന്നും നാളെ സന്ദീപിനെ മാധ്യമങ്ങൾ ഉപേക്ഷിക്കും. കേരളത്തിലെ ബിജെപിയിൽ നിന്ന് ഒരാൾ പോയിട്ട് എന്ത് ചെയ്യാനാണെന്നും കെ സുരേന്ദ്രൻ ചോദിച്ചു. സന്ദീപിന്‍റെ അമ്മ മരിച്ചപ്പോൾ നേതാക്കൾ എല്ലാം പോയിരുന്നു. ബിജെപിക്ക് യാതൊരു ആശങ്കയുമില്ല. സന്ദീപിന്‍റെ ഉദ്ദേശ്യം എന്താണെന്ന് നോക്കാം. സന്ദീപ് വിഷയം ബി ജെ പി കാര്യമായെടുക്കുന്നില്ല. അനുനയിപിക്കാനുള്ള ശ്രമം നടന്നിരുന്നു. ഇനി ആ വിഷയം കാര്യമായി എടുക്കില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, കൊടകര കേസിൽ കുഴൽപ്പണം കടത്തിയ മുഖ്യസാക്ഷി ധർമ്മരാജന്റെ കൂടുതൽ മൊഴി പുറത്തുവന്നത് ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്. കെ സുരേന്ദ്രനുമായി അടുത്ത ബന്ധം ഉണ്ടെന്നും സുരേന്ദ്രനൊപ്പം രണ്ടുതവണ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന് ധർമ്മരാജൻ നൽകിയിരിക്കുന്ന മൊഴി. ബിജെപിക്ക് വേണ്ടി ബംഗളൂരുവിൽ നിന്ന് ഇടയ്ക്കിടയ്ക്ക് പണം എത്തിക്കാറുണ്ട്.
25 കോടിയുടെ കള്ളപ്പണം പലതവണകളിലായി കേരളത്തിലേക്ക് എത്തിച്ചു കോന്നി ഉപതെരഞ്ഞെടുപ്പ് സമയത്തും കുഴൽപ്പണം എത്തിച്ചുവെന്നും പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ ധർമ്മരാജൻ പറയുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഹവാല ഇടപാടിലൂടെ എത്തിയ 41 കോടി 40 ലക്ഷം രൂപ കാസർകോഡ് മുതൽ തിരുവവനന്തപുരം ബിജെപിക്കായി വിതരണം ചെയ്തെന്നാണ് ഇടനിലക്കാരനായ ധർമരാജന്‍റെ മൊഴിയിൽ ഉളളത്.
ഒരു കോടി നാൽപത് ലക്ഷമാണ് കണ്ണൂരിൽ നൽകിയത്. കോഴിക്കോട് മേഖലാ സെക്രട്ടറിക്ക് കൈമാറിയത് ഒന്നരക്കോടിയാണ്. തൃശൂരിൽ പന്ത്രണ്ട് കോടി എത്തി. ആലപ്പുഴയിൽ ഒരു കോടി നൽകി. പത്ത് കോടിയിലേറെയാണ് തിരുവനന്തപുരത്ത് നൽകിയതെന്നും മൊഴിയിലുണ്ട്.
കൊടകര കേസിൽ തുടരന്വേഷണവുമായി മുന്നോട്ടു പോകാമെന്ന് നിയമോപദേശം.കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‍പി വി. കെ രാജു ഡയറക്ടർ ജനററൽ ഓഫ് പ്രോസിക്യൂഷനുമായി കൂടിക്കാഴ്ച നടത്തി. ഹൈക്കോടതിയിലെ ഡിജിപിയുടെ ഓഫീസിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്.
തിരൂർ സതീഷ് സിപിഎമ്മിന്റെ ടൂളാണെന്ന് രൂക്ഷഭാഷയിൽ വിമർശിച്ച ശോഭ സുരേന്ദ്രൻ പറയുന്നത് സതീഷാണെങ്കിലും പ്രവർത്തിക്കുന്നത് എകെജി സെന്ററാണെന്നും ആരോപിച്ചു. സതീഷിനെ ഉപയോഗിച്ച് തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനാണ് ശ്രമം നടക്കുന്നത്.
തിരൂർ സതീഷിന്‍റെ വെളിപ്പെടുത്തലിന് പിന്നില്‍ മുട്ടിൽ മരം മുറികേസിലെ പ്രതി ആന്‍റോ അഗസ്റ്റിനാണെന്ന് ശോഭ ആരോപിക്കുന്നു. തിരൂർ സതീഷിനെ ഇറക്കാൻ ആന്‍റോ ഗൂഢാലോചന നടത്തി. തനിക്കെതിരായ ആരോപണങ്ങളില്‍ തെളിവ് ഉണ്ടെങ്കിൽ പുറത്തുവിടണമെന്ന് ശോഭ വെല്ലുവിളിച്ചു. തന്നെ ആത്മഹത്യയിലേക്ക് തള്ളിവിടാൻ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണ്. ആന്‍റോ അഗസ്റ്റിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും ശോഭ കൂട്ടിച്ചേര്‍ത്തു.
തിരൂർ സതീശന്‍ പുറത്ത് വിട്ട ഫോട്ടോ വ്യാജമാണെന്നും ശോഭ സുരേന്ദ്രന്‍ ആരോപിക്കുന്നു. സതീഷിന്‍റെ വീടല്ല തന്‍റെ ചേച്ചിയുടെ വീടാണ് ഫോട്ടോയിൽ കാണുന്നത്. ഒന്നര- രണ്ട് വർഷം മുമ്പുള്ള ഫോട്ടോയാണ് മാധ്യമങ്ങൾക്ക് മുന്നിൽ സതീഷ് കൊണ്ടുവന്നത്. സതീഷിന്‍റെ വീട്ടിൽ ഇതുവരെ പോയിട്ടില്ലെന്നാണ് ശോഭാ സുരേന്ദ്രൻ ആവർത്തത്.
ബിജെപി നേതൃത്വത്തെ പിടിച്ചുലച്ച രാഷ്ട്രീയ വിവാദം തുടരന്വേഷണത്തിലേക്ക് വഴി വെയ്ക്കുകയാണ്. പുനരന്വേഷണം വരുമെങ്കിൽ എല്ലാ കാര്യങ്ങളും പറയുമെന്ന് പുതിയ വെളിപ്പെടുത്തൽ നടത്തിയ തിരൂർ സതീഷ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആദ്യം തന്നെ സതീഷന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്താനാണ് സാധ്യത.