പീരുമേട്: ബന്ധുക്കള്‍ തൂങ്ങിമരിച്ചെന്നു പറഞ്ഞ യുവാവ് കൊല്ലപ്പെട്ടത് പിതാവും അമ്മാവനും അടക്കം ബന്ധുക്കള്‍ നോക്കി നില്‍ക്കെ.
പള്ളിക്കുന്ന് വുഡ് ലാൻസ് എസ്റ്റേറ്റില്‍ കൊല്ലമറ്റത്തു ബാബുവിന്റെ മകൻ ബിബിൻ (29) ആണ് ബന്ധുക്കളുടെ മുന്നില്‍വച്ചു ക്രൂരമർദനമേറ്റു മരിച്ചത്. സഹോദരി വിനീതയുടെ മകളുടെ പിറന്നാള്‍ ആഘോഷം നടക്കുന്നതിനിടെ ആണ് കൊലപാതകം.
പിറന്നാള്‍ ആഘോഷത്തിന് കുടുംബാംഗങ്ങള്‍ക്കു പുറമേ വിനീതയുടെ പുരുഷ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ള സംഘവും വീട്ടിലെത്തിയിരുന്നു. ഇവര്‍ ബിബിനുമായി വാക്കുതര്‍ക്കത്തിലായി. വാക്കുതര്‍ക്കത്തിനിടെ ഇവര്‍ ബിബിനെ മര്‍ദിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഇവര്‍ ബിബിന്റെ നാഭിക്കു ചവിട്ടുകയും തലയ്ക്ക് അടിക്കുകയും ചെയ്തു. ഈ സമയം പിതാവും അമ്മാവനും ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ടായിരുന്നു.
കുഴഞ്ഞുവീണ ബിബിനെ ഉടന്‍ തന്നെ പീരുമേട് താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഡോക്ടർ പറഞ്ഞപ്പോഴാണു ബിബിൻ മരിച്ചെന്ന് അറിയുന്നത്. വീട്ടിലെ ശുചിമുറിയില്‍ കെട്ടിത്തൂങ്ങി നില്‍ക്കുന്നതായി കണ്ടു എന്നായിരുന്നു ഡോക്ടർക്ക് ബന്ധുക്കള്‍ നല്‍കിയ മൊഴി. എന്നാല്‍ പോസ്റ്റ്മോർട്ടത്തില്‍, തലയോട്ടി തകർന്നെന്നു കണ്ടെത്തി. തൂങ്ങിമരിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താൻ കഴിഞ്ഞതുമില്ല. ഇതോടെ പോലിസില്‍ വിവരം അറിയിക്കുക ആയിരുന്നു. കസ്റ്റഡിയിലുള്ള 5 പേര്‍ മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ മൊഴി നല്‍കിയതിനാല്‍ അവസാന പ്രതിപ്പട്ടികയ്ക്കു രൂപം നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നു പൊലീസ് പറഞ്ഞു.