പാലക്കാട്: പാലക്കാട്ട് നടന്ന പാതിരാ പരിശോധനയില്‍ ‘നീല ട്രോളി ബാഗ്’ വിവാദം തുടരുകയാണ്. രാഹുല്‍ മാങ്കുട്ടത്തിനെതിരെ നടന്ന ഗൂഡാലോചന ആയിരുന്നെങ്കിലും സംഭവം സിപിഎമ്മിന് തന്നെ തിരിച്ചടിയായിരിക്കുകയാണ്.Police clarification that there is no mystery in the trolley bag in Palakkad black money allegation
പൊലീസെത്തും മുന്‍പുതന്നെ സിപിഎം നേതാക്കളെത്തിയിരുന്നതായി യുഡിഎഫ് ആരോപിക്കുന്നു. ഹോട്ടലിനകത്തു പണപ്പെട്ടിയുമായി ഒളിച്ചിരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ഇറങ്ങിവരണമെന്നു സിപിഎം, ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ രാഹുല്‍ കോഴിക്കോട്ടുനിന്നു സമൂഹമാധ്യമത്തിലൂടെ ലൈവിലെത്തിയതും സിപിഎമ്മിന് നാണക്കേടായി.
പാലക്കാട്ടെ റെയ്ഡ് പതിവ് പരിശോധനയെന്നായിരുന്നു എസിപി വിശദീകരിച്ചത്. എന്നാല്‍ കള്ളപ്പണം കൊണ്ടു വന്ന് എന്ന വിവരം നല്‍കിയ ശേഷമുള്ള റെയ്ഡായിരുന്നു ഇതെന്ന് സിപിഎം നേതാക്കളുടെ പ്രതികരണത്തില്‍ വ്യക്തമായി. രാത്രി ഒന്‍പതരയോടെ ജ്യോതികുമാര്‍ ചാമക്കാലയും പിന്നീടു ഷാഫി പറമ്പിലും ഹോട്ടലില്‍ എത്തുന്നു. 10.38 നു രാഹുല്‍ മാങ്കൂട്ടത്തിലും എത്തുന്നു. അതിനു മുന്‍പേ തന്നെ നീല ട്രോളി ബാഗ് ഒരാള്‍ മുറിയില്‍ എത്തിക്കുന്നുണ്ട്.
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജരേഖ കേസില്‍ പ്രതിയായ ഫെനി നൈനാന്‍ ആണത്. പിന്നീട് ഈ റൂമില്‍ നിന്നു ബാഗ് മറ്റൊരു റൂമിലേക്കു മാറ്റി. ഇതിനെല്ലാം ദൃക്‌സാക്ഷികളുണ്ട്. പൊലീസിനോട് ഇതെല്ലാം പറയും. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും-ഇതാണ് സിപിഎം സെക്രട്ടറിയുടെ ആരോപണം.
എന്നാല്‍ ഈ ബാഗ് പോയതിന് ശേഷമാണ് പോലീസ് റെയ്ഡ്. ആ ഹോട്ടലില്‍ നിന്നും ഒന്നും കിട്ടിയുമില്ല. പണമെല്ലാം എവിടെ പോയി എന്ന് ചോദിച്ചാല്‍ മറുപടി രാഹുല്‍ കൊണ്ടു പോയെന്നാണ്. രാഹുലാകട്ടെ റെയ്ഡിന് മുമ്പ് തന്നെ പോവുകയും ചെയ്തു. ഇത് പോലും മനസ്സിലാക്കാതെ എന്തിനാണ് റെയ്ഡിന് പോലീസിനെ അവിടെ എത്തിച്ചതെന്ന ചോദ്യത്തിന് ഉത്തരവുമില്ല.
നാടകം ഷാഫി ആസൂത്രണം ചെയ്തത് ആണോ എന്ന് അന്വേഷിക്കണമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിൻ പറയുന്നു. കള്ളപ്പണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റേയും ബി.ജെ.പിയുടേയും ഇടയില്‍ നടക്കുന്ന കൈമാറ്റങ്ങള്‍ കണ്ടെത്താന്‍ എല്‍.ഡി.എഫിന് സ്‌ക്വാഡുകളുണ്ടെന്നും എവിടെ ആര് എന്ത് ചെയ്താലും കൃത്യമായ വിവരം ലഭിക്കുമെന്നും സരിൻ പറഞ്ഞു.
പരിശോധനയ്ക്ക് അടിസ്ഥാനമായ വിവരം എവിടെ നിന്ന് കിട്ടിയെന്ന് പോലീസ് വ്യക്തമാക്കണം. സംഭവത്തില്‍ ഇപ്പോഴും ഇരുട്ടത്ത് നില്‍ക്കുന്നവർ ആരെന്ന് കണ്ടുപിടിക്കണം. ഇവര്‍ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണ്. പരസ്പര വിരുദ്ധമായ കാര്യമാണ് യുഡിഎഫ് സ്ഥാനാർത്ഥി പറയുന്നത്.
കേസ് കേവലം ഒരു വ്യക്തിയില്‍ ഒതുങ്ങരുത്. അടിക്കടി വേഷം മാറുന്നവരെ തിരിച്ചറിയാൻ പാലക്കാട്ടുകാർക്ക് കഴിയും. ഷാഫിയുടെ മാസ്റ്റർ പ്ലാനില്‍ പെട്ടതാണോ ഇതെന്ന് പരിശോധിക്കണമെന്ന് പി സരിന്‍ ആവശ്യപ്പെട്ടു.
പണം കടത്താന്‍ ഉപയോഗിച്ചെന്ന് ആരോപിക്കുന്ന നീല ട്രോളി ബാഗുമായി യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലെത്തി. ഞാന്‍ 10നും 11നും ഇടയില്‍ ഹോട്ടലില്‍ പോയിട്ടുണ്ട്. നീല ട്രോളി ബാഗില്‍ എന്റെ വസ്ത്രങ്ങളായിരുന്നു. അതും കൊണ്ടു കാറില്‍ കോഴിക്കോട്ടേക്കു പോയി. പുലര്‍ച്ചെ രണ്ടരയോടെ കോഴിക്കോട്ടെത്തി.
അസ്മ ടവര്‍ ഹോട്ടലിലാണു താമസിച്ചത്. ഞാന്‍ ഹോട്ടലിനു പിന്‍വാതിലിലൂടെ ഓടിപ്പോയെന്ന് ആരോപിക്കുന്നവരുണ്ട്. അങ്ങനെയെങ്കില്‍ സിസിടിവി പരിശോധിച്ചു ദൃശ്യങ്ങള്‍ പുറത്തുവിടണം ഇതായിരുന്നു മാങ്കൂട്ടത്തിലിന്റെ ആവശ്യം.
പാലക്കാട്ടെ കള്ളപ്പണ ആരോപണത്തില്‍ പ്രതികരണവുമായി കെഎസ്‌യു നേതാവ് ഫെന്നി നൈനാന്‍. വസ്ത്രങ്ങള്‍ സൂക്ഷിച്ച ബാഗിനെ വക്രീകരിച്ചാണ് ആരോപണമുന്നയിക്കുന്നതെന്ന് ഫെനി വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവുമധികം താമസിച്ചത് കെപിഎം ഹോട്ടലിലാണ്. തെരഞ്ഞെടുപ്പ് ചുമതലയുളള കെഎസ്‌യു ഭാരവാഹിയാണ് താനെന്നും വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഫെനി വ്യക്തമാക്കി.
സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കെപിഎം ഹോട്ടലില്‍ കെഎസ്യു നേതാവ് ഫെനി നൈനാന്‍ നീല ട്രോളി ബാഗുമായി നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ സിപിഎം പുറത്തുവിട്ടിരുന്നു. ഹോട്ടലിലെ ചൊവ്വാഴ്ചത്തെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണം തെളിയിക്കാന്‍ തെളിവുകള്‍ പുറത്തുവിടുമെന്ന് നേരത്തെ സിപിഎം പറഞ്ഞിരുന്നു. എന്നാല്‍ ബാഗില്‍ പണമാണോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
ട്രോളി ബാഗിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിൽ ഹോട്ടലിൽ കള്ളപ്പണം കൊണ്ടു വന്നെന്നായിരുന്നു സിപിഎം നേതാക്കളുടെ പരാതി. എന്നാൽ ഇതുവരെ പരാതിയിൽ പൊലീസ് കേസ് എടുത്തിട്ടില്ല. ട്രോളി ബാഗിൽ ദുരൂഹതയില്ലെന്ന് പൊലീസ് വിലയിരുത്തി.
കള്ളപ്പണമായിരുന്നെങ്കിൽ ഇത്ര ലാഘവത്തോടെ ബാഗ് കൈകാര്യം ചെയ്യില്ലെന്നാണ് പൊലീസ് പറയുന്നത്. കേസെടുത്താലും എഫ്ഐആര്‍ നിലനിൽക്കില്ലെന്നാണ് വിലയിരുത്തൽ. ആ സാഹചര്യത്തിൽ സിപിഎം നേതാക്കളുടെ പരാതിയിൽ നിയമോപദേശം തേടിയ ശേഷം മാത്രം തുടർനടപടിയെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചിട്ടുള്ളത്.
അതേസമയം വിഷയത്തിൽ ഇന്ന് നിയമപദേശം തേടിയ ശേഷം കേസ് എടുക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. കോൺഗ്രസ് നേതാക്കൾ എത്തിയ ഹോട്ടലിലെ സിസിടിവി ഹാർഡ് ഡിസ്ക് പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തിരുന്നു.