Saturday, April 26, 2025
spot_imgspot_img
HomeNewsസിപിഎം നടത്തുന്നത് രാഷ്ട്രീയ പരിപാടിയല്ല,മൃഗങ്ങളുടെ കാര്യത്തില്‍ ലീഗ് അഭിപ്രായം പറയുന്നില്ല; സുധാകരൻ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന്...

സിപിഎം നടത്തുന്നത് രാഷ്ട്രീയ പരിപാടിയല്ല,മൃഗങ്ങളുടെ കാര്യത്തില്‍ ലീഗ് അഭിപ്രായം പറയുന്നില്ല; സുധാകരൻ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം

കോഴിക്കോട്: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് പലസ്തീൻ റാലിയിലേക്കുള്ള സിപിഎം ക്ഷണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി. സിപിഎമ്മുമായി പരിപാടികളിൽ സഹകരിക്കുന്നത് സംബന്ധിച്ച് യുഡിഎഫ് സ്വീകരിച്ച നിലപാട് എല്ലാവർക്കും ബാധകമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. സിപിഎം നടത്തുന്നത് രാഷ്ട്രീയ പരിപാടിയല്ലെന്ന് പറഞ്ഞ പിഎംഎ സലാം അന്താരാഷ്ട്ര മനുഷ്യാവകാശ വിഷയമാണെന്നും അത് യുഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനിക്കേണ്ടതല്ലെന്നും വ്യക്തമാക്കി.

ഈ വിഷയമൊരു സാമുദായിക താത്പര്യമല്ല. ഒരു മതത്തിന്റെയോ സമുദായത്തിന്റെയോ പ്രശ്‌നമല്ല പശ്ചിമേഷ്യന്‍ യുദ്ധം. ലോകം മുഴുവന്‍ പലസ്തീന്‍ പ്രശ്‌നത്തിനൊപ്പം നില്‍ക്കുന്നുണ്ടെന്നും പി എം എ സലാം പറഞ്ഞു.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ‘പട്ടി’ പരാമര്‍ശത്തില്‍ കടുത്ത രോഷം പ്രകടമാക്കിയ സലാം, കെസുധാകരന്‍ മാത്രമല്ല ഏത് നേതാവായാലും പ്രതികരണങ്ങളില്‍ മാന്യത കാണിക്കണമെന്ന് ഓര്‍മിപ്പിച്ചു. മനുഷ്യര്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ഉപയോഗിക്കണം. ഇത് പലതവണ പറഞ്ഞിട്ടുണ്ട്. സുധാകരന്റെ പ്രസ്താവന യുഡിഎഫ് നേതൃത്വം പരിശോധിക്കണമെന്നും സലാം കൂട്ടിച്ചേര്‍ത്തു.മൃഗങ്ങളുടെ കാര്യത്തില്‍ ലീഗ് അഭിപ്രായം പറയുന്നില്ലെന്നും സുധാകരനെ കോണ്‍ഗ്രസ് തിരുത്തണമെന്നും പിഎംഎ സലാം പ്രതികരിച്ചു.

‘പലസ്തീനിലേത് ഒരു സാമുദായിക പ്രശ്‌നമല്ല. എത്ര മനുഷ്യക്കുഞ്ഞുങ്ങളാണ് പലസ്തീനില്‍ മരിച്ചുവീഴുന്നത്. ക്രിസ്ത്യാനികളും ജൂതന്മാരുമൊക്കെ ഇല്ലേ, മുസ്ലിങ്ങള്‍ മാത്രമല്ലല്ലോ. ലോകം മുഴുവന്‍ ഈ പ്രശ്‌നത്തിനൊപ്പം നില്‍ക്കുന്നുണ്ട്’. അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് എന്തുകൊണ്ട് ഇത്തരം റാലികള്‍ നടത്തുന്നില്ലെന്ന ചോദ്യത്തിന് അത് കോണ്‍ഗ്രസിനോട് ചോദിക്കണമെന്നായിരുന്നു സലാമിന്റെ ഉത്തരം. ഇത്തരമൊരു മനുഷ്യത്വപരമായ സമീപനത്തില്‍ താത്പര്യമുള്ളവര്‍ ഒപ്പം നില്‍ക്കുകയാണ് വേണ്ടത്, ആരെയും പിടിച്ചുനിര്‍ത്തുകയല്ലെന്നും പി എം എ സലാം വ്യക്തമാക്കി.

സിപിഎം സംഘടിപ്പിക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കുമെന്ന് ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി പ്രതികരിച്ചിരുന്നു. ഇതിനെ കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ യുഡിഎഫ് എടുത്ത തീരുമാനം അവിടെ തന്നെ ഉണ്ടെന്നും ആ തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. വരുന്ന ജന്മം പട്ടി ആണെങ്കില്‍ ഇപ്പോഴേ കുരക്കണമോ എന്നും കെ സുധാകരന്‍ ചോദിച്ചു. ഇതിനെതിരെയാണ് അതൃപ്തി പരസ്യമാക്കി പിഎംഎ സലാം രംഗത്തുവന്നിരിക്കുന്നത്.

സിപിഎം ഇന്നലെ അവരുടെ പലസ്തീൻ റാലിയിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചുവെന്ന് പിഎംഎ സലാം പറഞ്ഞു. ഔദ്യോഗികമായ ക്ഷണമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ലഭിച്ചത്. അക്കാര്യത്തിൽ എന്ത് തീരുമാനമെടുക്കണമെന്ന് നാളെ പാർട്ടി നേതാക്കന്മാർ കൂടിച്ചേർന്ന് തീരുമാനിക്കും. നാളെ ഉച്ചയ്ക്ക് കോഴിക്കോട് ഓഫീസിൽ ഇതിനായി നേതാക്കൾ യോഗം ചേരും. ഇടി ബഹുമാന്യനായ നേതാവാണ്, അദ്ദേഹത്തിന്റേത് വ്യക്തിപരമായ നിലപാടാണ്. അക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ല. പാർട്ടിയിൽ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായങ്ങളുണ്ടെന്നും അത് നാളെ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും വ്യക്തമാക്കി.

കോഴിക്കോട് സരോവരം ട്രേഡ് സെന്‍ററിൽ ഈ മാസം 11 നാണ് സിപിഎം പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. റാലിയിലേക്ക് രാഷ്ട്രീയ, മത, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരെയും സംഘടനകളെയും ക്ഷണിച്ചിട്ടുണ്ട്. സമസ്ത അടക്കം ഭൂരിഭാഗം മുസ്ലിം സംഘടനകളെയും പരിപാടിയിലേക്ക് ക്ഷണിച്ചു.

എന്നാൽ കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയ സിപിഎം നേതാക്കൾ മുസ്ലിം ലീഗിനെ റാലിയിലേക്ക് ക്ഷണിക്കുകയായിരുന്നു. മുസ്ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലിയില്‍ ശശി തരൂര്‍ നടത്തിയ പ്രസംഗം ഉയർത്തിയാണ് സിപിഎം കോൺഗ്രസിനെ റാലിയിൽ പങ്കെടുപ്പിക്കാത്തത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments