Friday, April 25, 2025
spot_imgspot_img
HomeEditorialഹാക്കര്‍മാര്‍ നിങ്ങളുടെ ഐഫോണ്‍ ലക്ഷ്യമിടുന്നുവെന്ന് ആപ്പിള്‍,ഫോൺ ചോർത്തൽ അദാനിക്കായെന്ന് പ്രതിപക്ഷം; സർക്കാരിനെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്ന് കേന്ദ്രം,...

ഹാക്കര്‍മാര്‍ നിങ്ങളുടെ ഐഫോണ്‍ ലക്ഷ്യമിടുന്നുവെന്ന് ആപ്പിള്‍,ഫോൺ ചോർത്തൽ അദാനിക്കായെന്ന് പ്രതിപക്ഷം; സർക്കാരിനെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്ന് കേന്ദ്രം, അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഫോണും ഇമെയിലും ചോര്‍ത്തുന്നുവെന്ന പരാതിയുമായി പ്രതിപക്ഷ നേതാക്കള്‍ രംഗത്ത് വന്നതോടെ പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്. വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സന്ദേശം ആപ്പിളില്‍ നിന്ന് ലഭിച്ചതായാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ഐ ഫോണുകള്‍ ഹാക്ക് ചെയ്‌തേക്കാമെന്ന മുന്നറിയിപ്പ് ആപ്പിളില്‍ നിന്ന് ലഭിച്ചതിന്റെ സ്‌ക്രീൻ ഷോട്ടുകളാണ് പ്രതിക്ഷ നേതാക്കൾ പുറത്തുവിട്ടത്.

ഇന്നലെ രാത്രി മുതലാണ് ആപ്പിള്‍ ഫോണ്‍ ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന സന്ദേശം ലഭിക്കാൻ തുടങ്ങിയത്. ഫോണുകള്‍ ചോര്‍ത്തുന്നത് സംബന്ധിച്ച വിവരം ലഭിച്ചതായും വേണ്ട നടപടി സ്വീകരിക്കണമെന്നുമാണ് ആപ്പിളില്‍ നിന്നുള്ള സന്ദേശം.

കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, കോണ്‍ഗ്രസ് മീഡിയ ചെയര്‍പേഴ്സണ്‍ സുപ്രിയ ശ്രീനത്, കോണ്‍ഗ്രസ് നേതാവ് പവൻ ഖേര, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എസ്.പി നേതാവ് അഖിലേഷ് യാദവ്, ശിവസേന ഉദ്ദവ് വിഭാഗം നേതാവ് പ്രിയങ്ക ചതുര്‍വേദി, ആം ആദ്മി പാര്‍ട്ടി നേതാവ് രാഘവ് ചദ്ദ, എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി എന്നിവരാണ് കേന്ദ്ര സര്‍ക്കാറിനെതിരെ രംഗത്തു വന്നത്.

തന്റെ ഓഫീസിലെ ജീവനക്കാരുടെ ഫോണുകൾ ചോർത്താൻ ശ്രമം നടന്നതായി രാഹുൽ ഗാന്ധിയും ആരോപിച്ചു. തന്‍റെ ഓഫീസിലുള്ളവര്‍ക്കും കെ സി വേണുഗോപാലിനും പ്രതിപക്ഷ നേതാക്കള്‍ക്കും ഐഫോണുകളില്‍ ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സന്ദേശം കിട്ടിയെന്നാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം.

അദാനിക്ക് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത് ചെയ്യുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിൽ അദാനി ഒന്നാം സ്ഥാനത്തായി. മോദി രണ്ടാമതും, അമിത് ഷാ മൂന്നാമനുമായി. വിമാനത്താവളങ്ങളും, വ്യവസായങ്ങളുമെല്ലാം അദാനിക്ക് തീറെഴുതി. ഭയപ്പെട്ട് പിന്നോട്ടില്ല. എത്ര വേണമെങ്കിലും ചോർത്തിക്കോളൂ ഭയമില്ലെന്നും രാഹുല്‍ പറഞ്ഞു. മോദിയുടെ ആത്മാവ് അദാനിക്കൊപ്പമാണ്. അദാനിയുടെ ജീവനക്കാരനാണ് മോദി. പെഗാസെസ് അന്വേഷണം എവിടെയും എത്താതെ പോയി. ഭയപ്പെടുത്താനുള്ള നീക്കം മാത്രമാണിത്. ക്രിമിനലുകൾ മാത്രമേ ഈ പണി ചെയ്യുകയുള്ളൂ. ഇന്ത്യ എന്ന ആശയത്തിനായുള്ള പോരാട്ടമാണ് നടത്തുന്നത് . അതിൽ ഒരു പടി മാത്രമാണ് തെരഞ്ഞെടുപ്പ് . ജയമോ, പരാജയമോ എന്നതല്ല പോരാട്ടുകയെന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു

കൂടാതെ, സിദ്ധാര്‍ഥ വരദരാജൻ, ശ്രീറാം കര്‍നി എന്നീ മാധ്യമപ്രവര്‍ത്തകരുടെ ഫോണും ഇമെയ്‍ലും ചോര്‍ത്താൻ ശ്രമം നടന്നതായും പറയുന്നു. തന്‍റെ ഫോണും ഇ-മെയിലും ചോര്‍ത്താൻ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായി ആപ്പിളില്‍ നിന്ന് മുന്നറിയിപ്പ് ലഭിച്ചതായി തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര രാവിലെ ആരോപിച്ചിരുന്നു. ആപ്പിള്‍ കമ്ബനിയില്‍ നിന്ന് ലഭിച്ച മുന്നറിയിപ്പ് സന്ദേശവും ഇ-മെയിലും മഹുവ എക്സില്‍ പങ്കുവെച്ചു.

സര്‍ക്കാര്‍ പിന്തുണയോടെയുള്ള ഹാക്കര്‍മാര്‍ നിങ്ങളുടെ ഐഫോണ്‍ ലക്ഷ്യമിടുന്നുവെന്നാണ് ആപ്പിള്‍ മഹുവക്ക് നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നത്. ഹാക്കിങ്ങിനിരയായാല്‍ ഫോണിലെ നിര്‍ണായക വിവരങ്ങള്‍ കവരാനും കാമറയും മൈക്രോഫോണും വരെ നിയന്ത്രിക്കാനും ഹാക്കര്‍മാര്‍ക്ക് സാധിക്കും. മുന്നറിയിപ്പിനെ ഗൗരവത്തോടെ കാണണമെന്നും ആപ്പില്‍ മഹുവക്ക് ഇയച്ച ഇ-മെയില്‍ സന്ദേശത്തില്‍ പറയുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ടാഗ് ചെയ്തു കൊണ്ടുള്ള മഹുവയുടെ എക്സ് പോസ്റ്റില്‍, പ്രധാനമന്ത്രിയുടെയും അദാനിയുടെയും ഭയം കാണുമ്ബോള്‍ സഹതാപമാണ് തോന്നുന്നതെന്ന് മഹുവ പരിഹസിക്കുന്നുണ്ട്. ഇൻഡ്യ സഖ്യത്തില്‍ തന്നെ കൂടാതെ പ്രിയങ്ക ഗാന്ധിക്കും മറ്റ് മൂന്നുപേര്‍ക്കും സമാനരീതിയില്‍ ഹാക്കിങ് മുന്നറിയിപ്പ് ലഭിച്ചതായും മഹുവ പറഞ്ഞു.

അതേസമയം ഫോൺ ചോർത്തൽ വിവാദം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പ്രതിപക്ഷത്തിൻ്റേത് സർക്കാരിനെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് മാധ്യമങ്ങളോട് പ്രതികരിച്ചു. 150 രാജ്യങ്ങളിൽ മുന്നറിയിപ്പ് പോയി. ആരോപണം ഗുരുതരമാണമാണെന്ന് പറഞ്ഞ അശ്വിനി വൈഷ്ണവ്, പ്രതിപക്ഷം അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.  ആപ്പിളിനോടും അന്വേഷണത്തോട് സഹകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

ചോർത്തൽ ഭീഷണി സന്ദേശങ്ങൾ ചിലപ്പോൾ തെറ്റായ മുന്നറിയിപ്പുകളാകാമെന്നും അല്ലെങ്കില്‍ ചിലപ്പോള്‍ കണ്ടെത്താന്‍ കഴിയാത്ത ഭീഷണി സന്ദേശങ്ങളുമാകാമെന്നും ആപ്പിള്‍ പ്രസ്താവനയില്‍ അറിയിച്ചു. സന്ദേശത്തിൽ സൂചിപ്പിച്ചിട്ടുള്ള ആക്രമണങ്ങൾ കണ്ടെത്തുക ബുദ്ധിമുട്ടാണ്. ഇപ്പോൾ ഇത്തരം ഭീഷണി സന്ദേശങ്ങൾ വന്നതിന്‍റെ കാരണങ്ങള്‍ സംബന്ധിച്ച വിവരങ്ങൾ നൽകാൻ കഴിയുന്നില്ലെന്നും ആപ്പിൾ വിശദീകരിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments